SignIn
Kerala Kaumudi Online
Friday, 10 May 2024 3.55 PM IST

ഒടുവിൽ പ്രതി പിടിയിൽ

cartoon

ഉറക്കത്തിൽ മൂത്രമൊഴിക്കുന്നതാണ് നാലുവയസുകാരൻ ജോക്കുട്ടന്റെ പ്രശ്നം. ബെഡ് വെറ്റിംഗ് എന്ന് ആംഗലേയം. സംഗതി ഈയിടെ തുടങ്ങിയതാണ് !
ജോക്കുട്ടന്റെ അമ്മ നഴ്സാണ്. അവന്റെ അപ്പനും അമ്മയും ജർമ്മനിയിൽ ജോലി ചെയ്യുന്നു. ജോക്കുട്ടനെ ഒ.പിയിൽ ഹാജരാക്കുന്നത് അവന്റെ വല്യമ്മച്ചി, ത്രേസ്യാക്കുട്ടി.

ആദ്യതവണ വന്നപ്പോൾ ഒരല്പം തമാശമട്ടിൽ കാര്യം കൈകാര്യംചെയ്തു വൈകുന്നേരം ആറുമണിക്കുശേഷം ജലപാനം നിരോധിച്ചു. ഏറ്റില്ല.

മൂത്രസഞ്ചി നിയന്ത്രണ പരിശീലനം അഥവാ ബ്ലാഡർ ട്രെയിനിംഗ് പരീക്ഷിച്ചു.
അതും ഏറ്റില്ല.

മനഃശാസ്ത്രപരമായ സമീപനങ്ങൾ.അവന്റെ മാതാപിതാജികളുമായി വീഡിയോ കോളിംഗിലൂടെയുള്ള ദീർഘസല്ലാപം. കിടക്കയിൽ മൂത്രം ഒഴിക്കാത്ത ദിവസങ്ങളിൽ അവന് പ്രോത്സാഹന സമ്മാനങ്ങൾ!

സംഗതികളൊക്കെ ഏഴുനിലയിൽ പൊട്ടി.

ജോക്കുട്ടൻ കൂടെ കിടക്കുന്ന വല്യമ്മച്ചിയെയും വല്യപ്പനെയും മൂത്രത്തിൽ അഭിഷേകം ചെയ്ത് മുന്നേറിക്കൊണ്ടിരുന്നു.

രാവിലെ പള്ളിയിൽ പോകുന്ന ശീലമുള്ളതുകൊണ്ടും പള്ളിയിൽ തൊട്ടടുത്തിരിക്കുന്നവർ പ്രാർത്ഥിക്കുന്നതിനു പകരം തന്റെ വസ്ത്രത്തിലെ മൂത്രഗന്ധം മണത്തുകൊണ്ടുള്ള വൃത്തികെട്ട നോട്ടം എറിയുന്നതുകൊണ്ടും വല്യമ്മച്ചി പ്രത്യേകം കട്ടിലിൽ കിടക്കാൻ തുടങ്ങി.

കൊച്ചു ചെറുക്കനെ എങ്ങനെ ഒറ്റയ്ക്കു കിടത്തും എന്നൊരൊറ്റ ധാർമ്മിക പ്രശ്നത്തിൽ തട്ടി വല്യപ്പൻ അതേ കട്ടിലിൽ പെട്ടു!

ശരി. എങ്കിൽ മരുന്നുകൾ പരീക്ഷിക്കാമെന്നായി ഞാൻ.

പക്ഷേ ജർമ്മനിയിൽ ഇരുന്നുകൊണ്ട് അമ്മ വിധിച്ചു. വേണ്ട! മരുന്നു വേണ്ട. കൗൺസലിംഗ് മതി.

വാക്സിൻ വേണ്ട, ആർസെനിക്കം മതിയെന്നു പറയുന്നതു പോലെ !

തോല്‌വി സമ്മതിക്കാൻ എനിക്കൊരു മടി.
ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് ചീട്ടെഴുതി - ' ഇനി നിങ്ങള് പയറ്റി നോക്ക് ! '

കുട്ടിയെയും വല്യമ്മച്ചിയെയും സി..ബി.ഐ/പൊലീസ്/ഇ.ഡി/കസ്റ്റംസ് ശൈലികളിൽ സൈക്കോളജിസ്റ്റ് ചോദ്യം ചെയ്തു !
ഒന്നും ഏറ്റില്ല!

ജാമ്യത്തിലിറങ്ങി അവർ എന്റെ മുന്നിൽ തന്നെ തിരികെവന്നു!
ഒപ്പം വല്യമ്മച്ചിയുടെ വക ഒരു അന്ത്യശാസനയും ഇനി ഡോക്ടർ മാത്രം ചികിത്സിച്ചാൽ മതി ! വേറെയെങ്ങും വിട്ടേക്കരുത് ! ഒടുക്കലത്തെ ചോദ്യം ചെയ്യൽ. വയ്യ!

ഞാൻ സമ്മർദ്ദത്തിലായി. ഇനി എന്റെ തന്നെ ബ്ലാഡർ കൺട്രോൾ പോകുമോയെന്നായി എന്റെ പേടി !

മുമ്പില്ലാതിരുന്ന മൂത്രപ്രശ്നം എങ്ങനെയാണ് പെട്ടെന്ന് പൊട്ടിയൊഴുകുന്നത്?
മൂത്രസഞ്ചിയുടെ നിയന്ത്രണം അഥവാ ബ്ലാഡർ കൺട്രോൾ ഒരിക്കൽ വന്നതിനു ശേഷം അതു പോകുക എന്നൊക്കെ പറഞ്ഞാൽ...
ഞാൻ ചിന്താമഗ്നനായി.

ടെസ്റ്റുകൾ വീണ്ടും നടത്തി. പ്രതീക്ഷയ്ക്കു വകയില്ലാത്ത റിപ്പോർട്ടുകൾ!

വല്യമ്മച്ചിയുടെ ഒരു ബന്ധു മരിച്ചതിനാൽ ഒരു ദിവസം ജോക്കുട്ടനെ കൊണ്ടുവന്നത് വല്യപ്പൻ കുര്യാക്കോസ് ആയിരുന്നു.

വല്യമ്മച്ചിയുടെ മുഖത്തെ ആശങ്കയും നിരാശയും കുര്യാക്കോസ് ചേട്ടന്റെ മുഖത്ത് കാണാത്തത് എന്നെ അത്ഭുതപ്പെടുത്തി. ഒരു പക്വമതി ലുക്ക് !
സംസാരത്തിലും കുര്യാക്കോസ് വലിയ താത്‌പര്യം കാണിച്ചില്ല.
എന്റെ തലയിൽ എന്തോ മിന്നി.

ഞാൻ വിശദമായി ജോക്കുട്ടന്റെ രോഗവിവരങ്ങൾ സവിസ്തരം കുര്യാക്കോസ് ചേട്ടനോട് ആരായാൻ തുടങ്ങി !

ഒരു പരീക്ഷണം എന്ന നിലയിൽ ജോക്കുട്ടനെ ഒരു കൊച്ചുകട്ടിലിൽ പ്രത്യേകം കിടത്തണമെന്നും നിങ്ങൾ ഒറ്റയ്‌ക്കോ ഒരുമിച്ചോ വേറെ കട്ടിലിൽ കിടക്കണമെന്നും നിർദ്ദേശിച്ചു. ഫോൺ ചെയ്ത് ത്രേസ്യാക്കുട്ടിയെയും കാര്യം അറിയിച്ചു.

പിറ്റേന്ന്.

ത്രേസ്യാക്കുട്ടിയുടെ ഫോൺ !

ഡോക്ടർ വഴക്കു പറയല്ലേ...

കാര്യം പറയൂ...

ഇന്നലെ ഞാനും ജോക്കുട്ടനും വല്യപ്പച്ചനും പ്രത്യേകം പ്രത്യേകമാണ് കിടന്നത്.
രാവിലെ നോക്കിയപ്പോൾ ജോക്കുട്ടന്റെ കിടക്കയോ നിക്കറോ ഒന്നും നനഞ്ഞിട്ടില്ല.

ഞാൻ ചിരിച്ചു.
അതു നല്ല കാര്യമല്ലേ?
ഇതിനാണോ വഴക്കു പറയരുതെന്ന് പറഞ്ഞത് ?

ത്രേസ്യാക്കുട്ടി പതിഞ്ഞ ശബ്ദത്തിൽ ഇത്രയും പറഞ്ഞു.

വല്യപ്പച്ചന്റെ കിടക്ക നനഞ്ഞിരിക്കുന്നു...

ഞാൻ ഞെട്ടിയില്ല! എന്റെ പരീക്ഷണം വിജയിച്ച സന്തോഷം മാത്രമായിരുന്നു.

(ലേഖകന്റെ ഫോൺ. 9447055050)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BED WETTING
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.