SignIn
Kerala Kaumudi Online
Friday, 26 April 2024 6.47 PM IST

പൂവാർ പൊഴിക്കരയിലെ ആയോധന കലാ പരിശീലന കേന്ദ്രം നാശത്തിൽ തകർന്നടിയുന്ന ആയോധന കലാകേന്ദ്രം

1

പൂവാർ: പൂവാർ പൊഴിക്കരയിൽ ടൂറിസം ഡിപ്പാർട്ട്മെന്റ് സ്ഥാപിച്ച ആയോധന കലാ പരിശീലന കേന്ദ്രം തകർച്ചയുടെ വക്കിൽ. നാടൻ കലാരൂപങ്ങളെയും ആയോധന കലയെയും പരിപോഷിപ്പിക്കുന്നതിനും വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനും വേണ്ടി സംസ്ഥാന ടൂറിസം ഡിപ്പാർട്ട്മെന്റാണ് ഈ കേന്ദ്രം സ്ഥാപിച്ചത്. പൂവാർ ഗ്രാമ പഞ്ചായത്ത് ടൂറിസം ഡിപ്പാർട്ട്മെന്റിന് കൈമാറിയ ഭൂമിയിലാണ് കെട്ടിടങ്ങൾ നിർമ്മിച്ചത്. 1990-ൽ ഇതിനായി നിർമ്മിച്ച രണ്ട് കെട്ടിടങ്ങളും പരിപാലനമില്ലാതെ അനാഥമായി കിടക്കുകയാണ്. പൂർണ്ണമായും വാസ്തു ശില്പ മാതൃകയിൽ കരിങ്കല്ലിൽ നിർമ്മിച്ച കെട്ടിടങ്ങളുടെ ജനാലകളും വാതിലുകളും സാമൂഹ്യവിരുദ്ധർ ഇളക്കി മാറ്റിയിരിക്കുന്നു. ഓടുപാകി വാർത്ത മേൽക്കൂരയും ഇളകിത്തുടങ്ങി. ചുവരുകൾ എല്ലാം പൊട്ടിപ്പൊളിഞ്ഞു. അകംഭാഗം മാലിന്യം കൊണ്ട് നിറഞ്ഞു. മദ്യക്കുപ്പികളും ലഹരി വസ്തുക്കളുടെ കവറുകളും കുന്നുകൂടി കിടക്കുന്നു. പ്രദേശത്തെ സമൂഹ്യ വിരുദ്ധരുടെ ഇടത്താവളമായി ഇവിടം മറിയിട്ടുണ്ടെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

അസൗകര്യങ്ങൾ ബാക്കി

പൊഴിക്കര കാണാനെത്തുന്ന ടൂറിസ്റ്റുകൾ മഴക്കാലത്ത് ഇവിടേക്ക് ഓടിക്കയറുന്നത് പതിവാണ്. ടൂറിസ്റ്ററുകളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഈ കെട്ടിടങ്ങളുടെ ചുമരോരത്താണ്. ഈ കെട്ടിടങ്ങളോട് ചേർന്നാണ് പൂവാർ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ. ശക്തമായ കാറ്റിലും മഴയിലും കെട്ടിടം നിലംപൊത്താവുന്ന അവസ്ഥയാണുള്ളതെന്ന് പ്രദേശവാസികൾ പറയുന്നു. പൊഴിക്കരയിലെത്തുന്ന ടൂറിസ്റ്റുകൾക്ക് വിശ്രമിക്കാനോ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനോ ഉള്ള സൗകര്യങ്ങൾ ഇവിടെയില്ല. കുടിവെള്ളം പോലും കിട്ടാനില്ല. വർഷങ്ങളായി പണിയെടുക്കുന്ന ലൈഫ് ഗാർഡുകൾ പോലും പ്രാഥമിക സൗകര്യങ്ങൾ നിറവേറ്റുന്നത് പൊതുസ്ഥലത്താണ്.

ലക്ഷ്യം ടൂറിസം

തെക്കൻ കേരളത്തിൽ ശക്തിയാർജ്ജിച്ച ആയോധന കലയായ നാടൻ കളരിപ്പയറ്റും ഉത്തര കേരളത്തിൽ സജീവമായിരുന്ന തെയ്യം, പൂരക്കളി, കോൽക്കളി, വേലകളി, തച്ചോളിക്കളി തുടങ്ങിയ കലാരൂപങ്ങളും ഒരു വേദിയിൽ സംഘമിപ്പിക്കുകയായിരുന്നു ലക്ഷ്യം. നെയ്യാർ അറബിക്കടലിൽ ലയിക്കുന്നതിന്റെ മനോഹാരിത ആസ്വദിക്കാനെത്തുന്നവർക്ക് ബ്രേക്ക് വാട്ടറിലെ ബോട്ട് സവാരി കഴിഞ്ഞ് ഗോൾഡൻ ബീച്ചിൽ വിശ്രമിക്കാനും ആയോധന കലാ കേന്ദ്രത്തിനുള്ളിലെ കലാരൂപങ്ങൾ കണ്ട് ആസ്വദിക്കുന്നതിനും അവസരം ഒരുക്കുകവഴി കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കുകയായിരുന്നു ടൂറിസം വകുപ്പിന്റെ ലക്ഷ്യം. ഇതിന്റെ തുടർ പ്രവർത്തനങ്ങൾ ഇല്ലാതായതോടെ ലക്ഷ്യം പാളുകയായിരുന്നു. ടൂറിസം രംഗത്ത് പൂവാറിന് കൂടുതൽ പ്രാധാന്യമാണ് ഇപ്പോഴുള്ളത്. ഇത് വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തണമെങ്കിൽ കൂടുതൽ സൗകര്യങ്ങൾ തീരത്ത് അടിയന്തരമായി സജ്ജീകരിക്കേണ്ടതുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, POOVAR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.