SignIn
Kerala Kaumudi Online
Saturday, 21 September 2024 2.31 AM IST

ഊരുകളിലെ ലഹരി സ്വാധീനം തകർക്കണം

Increase Font Size Decrease Font Size Print Page

photo

സംസ്ഥാനത്തെ ആദിവാസി ഉൗരുകൾ ഇന്ന് ഏറ്റവും ഭയപ്പെടുന്നത് ലഹരി മാഫിയയെയാണ്. ഒരുകാലത്ത് ദാരിദ്ര്യ‌വും സമൂഹത്തിൽ നിന്നുള്ള ചൂഷണവും ഒറ്റപ്പെടലുമാണ് അവരെ വലച്ചിരുന്നതെങ്കിൽ ഇപ്പോൾ നാനാവിധത്തിലുള്ള ദു:സ്വാധീനങ്ങളിൽപ്പെട്ട് ആദിവാസി ഉൗരുകൾ കടുത്ത വിഷമസന്ധിയിലാണ്. ആദിവാസികളുടെയും ഉൗരുകളുടെയും വികസനത്തിന് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഇതിനകം ബഡ്‌ജറ്റിൽ നീക്കിവച്ച വിഹിതത്തിന്റെ ഒരു ഭാഗമെങ്കിലും അവർക്കായി ചെലവഴിച്ചിരുന്നെങ്കിൽ അവരുടെ സ്ഥിതി എന്നേ മെച്ചപ്പെടുമായിരുന്നു.

തലസ്ഥാന ജില്ലയിലെ ആദിവാസി ഉൗരുകൾ നേരിടുന്ന പുതിയൊരു സാമൂഹ്യപ്രതിസന്ധിയിലേക്ക് വെളിച്ചം വീശുന്ന ഏതാനും റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. പെരിങ്ങമ്മല, വിതുര ആദിവാസി ഉൗരുകളിൽ കഴിഞ്ഞ രണ്ടുമാസത്തിനിടെ അഞ്ചു പെൺകുട്ടികളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള വാർത്തകളാണത്. പതിനെട്ടോ അതിൽ താഴെയോ പ്രായമുള്ളവരായിരുന്നു ജീവനൊടുക്കിയ അഞ്ചുപേരും. ഈ ആത്മഹത്യാ പരമ്പരയുടെ പിന്നാമ്പുറ രഹസ്യങ്ങൾ തേടിയുള്ള അന്വേഷണത്തിലാണ് സർക്കാരിനെയും നിയമപാലകരെയും ഞെട്ടിക്കുന്ന ചില വിവരങ്ങൾ കണ്ടെത്തിയത്. കൗമാരക്കാരികളായ അഞ്ചിൽ നാലുപേരും പീഡനത്തെത്തുടർന്നുണ്ടായ മാനസിക സംഘർഷം താങ്ങാനാവാതെ ആത്മഹത്യ ചെയ്യുകയായിരുന്നു. ഉൗരിൽത്തന്നെയുള്ളവരും പുറത്തുള്ളവരുമാണ് അവരെ ഇതിലേക്കു നയിച്ചതെന്നതിനും തെളിവുകൾ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഏതാനും യുവാക്കൾ അറസ്റ്റിലുമായി. വെളിപ്പെട്ട മറ്റൊരു കാര്യം ലഹരിമാഫിയയുടെ ദുസ്വാധീനമാണ്. പെൺകുട്ടികളെ പോലും ലഹരിയുടെ അടിമകളാക്കാൻ അതിനു പിന്നിൽ പ്രവർത്തിക്കുന്നവർക്കു കഴിയുന്നു. പെരിങ്ങമ്മല, വിതുര ആദിവാസി കോളനികളിലെ ആത്മഹത്യാപരമ്പര ശ്രദ്ധയിൽപ്പെട്ടതോടെ അതേപ്പറ്റി അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ വകുപ്പുമന്ത്രി വീണാജോർജ് ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. റൂറൽ പൊലീസ് സൂപ്രണ്ട് ദിവ്യഗോപിനാഥ് എക്സൈസ് ഉദ്യോഗസ്ഥർക്കൊപ്പം കഴിഞ്ഞ ദിവസം ഉൗരുകൾ സന്ദർശിച്ച് കാര്യങ്ങൾ നേരിൽ വിലയിരുത്തുകയും ചെയ്തു.

ആദിവാസി ഉൗരുകളിൽ മാത്രമല്ല സംസ്ഥാനത്താകെ ലഹരിമാഫിയ ഉയർത്തുന്ന ഭീഷണി പർവതസമാനമായി വളർന്നുകൊണ്ടിരിക്കുകയാണ്. നാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന ഒട്ടുമിക്ക അക്രമസംഭവങ്ങൾക്കു പിന്നിലും ലഹരിമാഫിയയുടെ സ്വാധീനമുണ്ട്. എവിടെയും സുലഭമായി ലഭിക്കുന്ന ലഹരി വസ്തുക്കളുടെ ഏറ്റവും വലിയ ഉപയോക്താക്കൾ കൗമാരക്കാരും യുവാക്കളുമാണെന്നത് അതീവ ഉൽക്കണ്ഠയ്ക്കും കാരണമാകുന്നു. പൊലീസും എക്സൈസും എത്രയൊക്കെ ശ്രമിച്ചിട്ടും ലഹരിമാഫിയയുടെ വളർച്ച തടയാനാവുന്നില്ല. അത്രയേറെ ദൃഢവും ആഴത്തിലുളുള്ളതുമാണ് ആ വേരുകൾ.

ആദിവാസികൾക്ക് ലഹരി നല്‌കി പാട്ടിലാക്കി അവർക്കുള്ളതെല്ലാം തട്ടിയെടുക്കുന്ന ശീലം പണ്ടേ ഉള്ളതാണ്. ഇപ്പോൾ അതിന്റെ പരിഷ്കൃതരൂപങ്ങളാണ് പ്രയോഗിക്കുന്നതെന്നു മാത്രം. ലഹരിവസ്തുക്കൾ കൂടാതെ അവരെ മയക്കാൻ മൊബൈൽ ഫോണുകളുമുണ്ട്. ആദിവാസി ഉൗരുകളിലെ പെൺകുട്ടികളുടെ ആത്മഹത്യകൾക്കു പിന്നിലും മൊബൈലിന്റെ ദുസ്വാധീനം അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.

കേവലം ബോധവത്കരണം കൊണ്ട് ലഹരി ഉപയോഗം കുറയണമെന്നില്ല. ഉൗരുകളിൽ ബോധവത്‌കരണം ഉൗർജ്ജിതമാക്കി ലഹരി ഉപയോഗം കുറയ്ക്കുമെന്നാണ് വനിതാ വികസന കോർപ്പറേഷൻ അദ്ധ്യക്ഷ പറയുന്നത്. അവിടങ്ങളിലെ പെൺകുട്ടികളെ സാമ്പത്തികമായി മുൻനിരയിലേക്കു കൊണ്ടുവരാൻ എന്തുചെയ്യാനാകുമെന്ന് ആലോചിക്കുകയാണത്രേ. ആദിവാസികളുടെ പേരിൽ അധരവ്യായാമം നടത്തുന്നവർ എത്രയോ കാലമായി പറഞ്ഞുനടക്കുന്നതാണിതൊക്കെ. എന്തെങ്കിലും ഗുണമുണ്ടായോ? അട്ടപ്പാടി സമ്പൂർണ മദ്യനിരോധനമുള്ള പ്രദേശമാണ്. എന്നിട്ടും അവിടെ ലഹരി ഒഴുകുന്ന സാഹചര്യമുണ്ടായതെങ്ങനെ? ലഹരി മാഫിയ ഉൗരുകളിൽ കടന്നുചെല്ലുന്നില്ലെന്ന് പൊലീസും എക്സൈസും ഉറപ്പുവരുത്തുകയാണ് ആദ്യം വേണ്ടത്. എല്ലാ രാഷ്ട്രീയക്കാരും അതിന് നിസ്സീമമായ പിന്തുണ നല്‌കുകയും വേണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SUICIDE OF TRIBAL GIRLS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.