തിരുവനന്തപുരം : കൊവിഡ് ബാധിതരാകുന്ന കുടുംബശ്രീ എ.ഡി.എസ്, സി.ഡി.എസ്, പൊതുസഭ അംഗങ്ങൾക്ക് വോട്ട് ചെയ്യുന്നതിന് അതേ അയൽക്കൂട്ടത്തിലെ ഒരംഗത്തെ പ്രതിനിധിയായി ചുമതലപ്പെടുത്താം.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. പ്രതിനിധിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള സാക്ഷ്യപത്രം വാട്ട്സാപ് വഴിയോ ഇമെയിൽ വഴിയോ അതത് തിരഞ്ഞെടുപ്പ് വരണാധികാരിയുടെ മുന്നിൽ സർപ്പിക്കണം. തിരഞ്ഞെടുപ്പ് സമയത്ത് ഈ പ്രതിനിധി വരണാധികാരിയുടെ മുമ്പാകെ ഫോൺ വഴി കൊവിഡ് ബാധിതയെ വിളിക്കുകയും അവരുടെ പിന്തുണ ആർക്കാണെന്ന് ഉറപ്പു വരുത്തുകയും ചെയ്യും. കൊവിഡ് ബാധിച്ച അംഗത്തിന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് താൽപ്പര്യമുണ്ടെങ്കിൽ അത് പ്രത്യേകമായി സാക്ഷ്യപത്രത്തിൽ രേഖപ്പെടുത്തണം.
നിലവിലെ എ.ഡി.എസ് തിരഞ്ഞെടുപ്പും ജനുവരി 25ന് സംസ്ഥാനമൊട്ടാകെ നടത്തുന്ന സി.ഡി.എസ് തിരഞ്ഞെടുപ്പും കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാവണമെന്ന് നിർദ്ദേശമുണ്ട്.
കാറ്റും വെളിച്ചവുമുള്ള ഹാളിലോ തുറസായ സ്ഥലത്തോ തിരഞ്ഞെടുപ്പ് നടത്തണം. സി.ഡി.എസ് തിരഞ്ഞെടുപ്പിൽ അഞ്ചു വീതം വാർഡുകളിൽ നിന്നും എ.ഡി.എസ് ഭാരവാഹികളെ പങ്കെടുപ്പിച്ച് ഭരണസമിതിയെ തിരഞ്ഞെടുക്കും.