SignIn
Kerala Kaumudi Online
Saturday, 22 August 2026 9.27 AM IST

ശത്രുക്കൾക്ക് യു.എസിന്റെ മുന്നറിയിപ്പ്: ഗുവാം തീരത്ത് നെവാഡയെത്തി !

nevada

വാഷിംഗ്ടൺ : ഇന്തോ - പസഫിക് മേഖലയിൽ വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾക്കിടെ തങ്ങളുടെ നാവികസേനയിലെ ഏറ്റവും ശക്തമായ ആയുധങ്ങളിലൊന്നായ ' യു.എസ്.എസ് നെവാഡ"യെ ഗുവാം തീരത്ത് വിന്യസിച്ച് യു.എസ്. വളരെ അപൂർവ സന്ദർഭങ്ങളിലാണ് യു.എസ്.എസ് നെവാഡ തന്ത്രപ്രധാനമായ തീരങ്ങളിൽ ഇത്തരത്തിൽ പ്രത്യക്ഷപ്പെടുന്നത്. നിലവിൽ നെവാഡയുടെ രംഗപ്രവേശം ശത്രുരാജ്യങ്ങൾക്കുള്ള യു.എസിന്റെ മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്.

യു.എസ് നേവിയുടെ ഒഹായോ ക്ലാസ് ആണവ അന്തർവാഹിനിയാണ് യു.എസ്.എസ് നെവാഡ. 20 ട്രൈഡന്റ് ബാലിസ്റ്റിക് മിസൈലുകളും ഡസൻകണക്കിന് ആണവ ആയുധശേഖരങ്ങളുമായി കഴിഞ്ഞ ശനിയാഴ്ചയാണ് അമേരിക്കയുടെ നിയന്ത്രണത്തിലുള്ള പസഫിക് ദ്വീപായ ഗുവാമിലെ നേവി ബേസിലേക്ക് നെവാഡയെ അടുപ്പിച്ചത്. 2016ന് ശേഷം ഇതാദ്യമായാണ് ഒരു ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി ഗുവാമിലെത്തുന്നത്.

നെവാഡയുടെ സന്ദർശനം മേഖലയിലെ സഖ്യകക്ഷികൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതാണെന്നും ഇന്തോ - പസഫിക് മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കുമായുള്ള യു.എസ് പ്രതിബന്ധത വ്യക്തമാക്കുന്നതാണെന്നും യു.എസ് നേവി വൃത്തങ്ങൾ പറയുന്നു. യു.എസ് നേവിയിലെ ഒഹായോ ക്ലാസിലുള്ള 14 ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനികളുടെ നീക്കങ്ങൾ സാധാരണ വളരെ രഹസ്യമാണ്. മാസങ്ങളോളം വെള്ളത്തിനടിയിൽ ശത്രുക്കളുടെ കണ്ണുവെട്ടിച്ച് പ്രവർത്തിക്കാനാകുന്ന ഇവയ്ക്ക് 150 ലേറെ നാവികരെ വഹിക്കാനാകും. മാതൃ തുറമുഖങ്ങളായ വാഷിംഗ്ടൺ, ബാൻഗർ, ജോർജിയയിലെ കിംഗ്സ് ബേ എന്നിവയ്ക്ക് പുറത്ത് ഈ അന്തർവാഹിനികളുടെ ചിത്രം പകർത്തുന്നത് തന്നെ വളരെ അപൂർവമാണ്.

തായ്‌വാന്റെ പേരിൽ ചൈനയുമായി യു.എസിന് സ്വരച്ചേർച്ചയില്ലായ്മയുണ്ട്. മാത്രമല്ല, യു.എസിന്റെ ഉപരോധം അവഗണിച്ച് ഉത്തര കൊറിയ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്ന് ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഈ സന്ദർഭത്തിലാണ് യു.എസ് നേവി തങ്ങളുടെ തന്ത്രപ്രധാനമായ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനിയെ രംഗത്തിറക്കിയിരിക്കുന്നത്.

നിലവിൽ ചൈനയുടെ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനികളേക്കാൾ വളരെയേറെ മുന്നിലാണ് യു.എസിന്റേത്. ചൈനയും ഉത്തര കൊറിയയും ഇന്തോ - പസഫിക് മേഖലയിൽ പ്രകോപനപരമായ എന്ത് നീക്കം നടത്തിയാലും അവർ പോലും അറിയാതെ അതിന് അപ്രതീക്ഷിത മറുപടി നൽകാനുള്ള ശേഷി തങ്ങളുടെ പക്കലുണ്ടെന്ന സന്ദേശമാണ് നെവാഡയിലൂടെ ഇപ്പോൾ യു.എസ് നൽകിയിരിക്കുന്നതെന്നാണ് നിരീക്ഷകർ പറയുന്നത്.

ഉത്തരകൊറിയ ആണവ അന്തർവാഹിനികളുടെയും മറ്റും ഗവേഷണങ്ങൾ നടത്തുന്നതായുള്ള റിപ്പോർട്ടുകൾക്കിടെ അത്തരം നീക്കങ്ങളെ സൂഷ്മം നിരീക്ഷിക്കാനും നെവാഡയ്ക്ക് കഴിയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360