കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥർ കെട്ടിച്ചമച്ച കേസാണിതെന്നാണ് ദിലീപിന്റെ വാദം. വിചാരണ നടപടികൾ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ചോദ്യം ചെയ്തും ദിലീപ് ഹർജി നൽകിയിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, ബന്ധുക്കളായ സൂരജ്, അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവർക്കെതിരെയും കേസെടുത്തിരുന്നു. ഇവരും മുൻകൂർ ജാമ്യാപേക്ഷ നൽകിട്ടുണ്ട്.
ദിലീപിന്റെ സഹോദരീ ഭർത്താവിന്റെയും, സുഹൃത്ത് ശരത്തിന്റെയും വീടുകളിൽ ക്രൈംബ്രാഞ്ച് ഇന്നലെ രാത്രി റെയ്ഡ് നടത്തിയിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. കേസിലെ ആറാം പ്രതിയാണ് ശരത്ത്. ഇയാൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.