കടയ്ക്കാവൂർ: അഞ്ചുതെങ്ങ് പഞ്ചായത്തിൽ ഉണ്ടായിരുന്ന വൈദ്യുതി ഓവർസിയർ ഓഫീസ് പുനഃസ്ഥാപിക്കാത്തതിനാൽ ഉപഭോക്താക്കൾ വളരെ ബുദ്ധിമുട്ടിൽ. 1996ൽ അന്നത്തെ എം.എൽ.എ ആനത്തലവട്ടം ആനന്ദന്റെ ശ്രമഫലമായാണ് അഞ്ചുതെങ്ങിൽ കെ.എസ്.ഇ.ബിയുടെ ഓവർസിയർ ഓഫീസ് സ്ഥാപിച്ചത്. പെരുമാതുറ മുതൽ അഞ്ചുതെങ്ങ് നെടുങ്ങണ്ട വരെയായിരുന്നു ഈ ഓവർസിയർ ഓഫീസിന്റെ പ്രവർത്തന പരിധി. അഞ്ചുതെങ്ങ് ജംഗ്ഷന് സമീപം പ്രവർത്തിച്ചിരുന്ന ഓഫീസിൽ വൈദ്യുത ചാർജ് അടയ്ക്കാനുള്ള സൗകര്യം ലഭിച്ചിരുന്നു. കടലിനോട് ചേർന്ന് കിടക്കുന്ന അഞ്ചുതെങ്ങ് പഞ്ചായത്തിൽ വൈദ്യുതി തടസ്സങ്ങൾ ഉണ്ടാവുക പതിവാണ്. അഞ്ചുതെങ്ങിൽ ഓവർസിയർ ഓഫിസ് ഉണ്ടായിരുന്നതിനാൽ ഈ തടസ്സങ്ങൾ പെട്ടന്ന് പരിഹരിക്കാൻ കഴിയുമായിരുന്നു. ഓവർസിയർ ഓഫീസ് പ്രവർത്തനരഹിതമായതോടെ പ്രദേശവാസികൾ ഒന്നും രണ്ടും ബസ്സുകൾ കയറി കടയ്ക്കാവൂർ എത്തി കടയ്ക്കാവൂർ ഇലക്ട്രിസിറ്റി ഓഫീസിൽ വേണം വൈദ്യുത ബിൽ അടയ്ക്കേണ്ടത്. ഇതും ഉപഭോക്താക്കൾക്ക് വളരെ ബുദ്ധിമുട്ടായി മാറുന്നു. വൈദ്യുതി തടസ്സമുണ്ടായാൽ ടെലിഫോണിൽ വിളിച്ചു പറഞ്ഞാൽ മണിക്കൂറുകൾ പലതു കഴിഞ്ഞാണ് കടയ്ക്കാവൂരിൽ നിന്ന് ജീവനക്കാർ എത്തുന്നത്. കടയ്ക്കാവൂർ കെ.എസ്.ഇ.ബി ഓഫീസിൽ ലൈൻമാൻമാരുടെയും ഓവർസിയറുടെയും ഒഴിവുകൾ ഉണ്ടെന്നാണ് അറിയുന്നത്. ഇതും വൈദ്യുതി തടസ്സങ്ങൾ പരിഹരിക്കാൻ കാലതാമസം ഉണ്ടാക്കുന്നു.
ഈ ഓഫീസ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികൾനാട്ടുകാരും പഞ്ചായത്ത് അധികൃതരും ബന്ധപ്പെട്ടവർക്ക് നൽകിയെങ്കിലും യാതൊരുവിധ നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ അഞ്ചുതെങ്ങിൽ ഓവർസിയർ ഓഫീസ് പുനഃസ്ഥാപിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |