ന്യൂഡൽഹി: ബൂസ്റ്റർ ഡോസ് ഉൾപ്പടെയുള്ള എല്ലാ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പുകളും രോഗമുക്തി നേടി മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം മാത്രമേ സ്വീകരിക്കാൻ പാടുള്ളൂവെന്ന നിർദേശം നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വിദഗ്ദ്ധരുടെ ഉപദേശപ്രകാരമാണ് പുതിയ നിർദേശം പുറപ്പെടുവിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം അഡീഷണൽ സെക്രട്ടറി വികാസ് ഷീൽ അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവർക്ക് നെഗറ്റീവായി മൂന്ന് മാസത്തിനുശേഷം മാത്രം പ്രതിരോധ കുത്തിവയ്പ്പുകൾ നൽകിയാൽ മതിയെന്ന് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ഒൻപത് മാസത്തിന് ശേഷമാണ് നിലവിൽ ബൂസ്റ്റർ ഡോസ് നൽകുന്നത്. 60 വയസ് കഴിഞ്ഞ അനുബന്ധ രോഗങ്ങളുള്ളവർക്കും കരുതൽ ഡോസ് നൽകും. ജനുവരി മൂന്ന് മുതൽ 15നും 18നും ഇടയിൽ പ്രായമുള്ളവർക്ക് കൊവിഡ് വാക്സിൻ നൽകി തുടങ്ങിയിരുന്നു. വാക്സിനേഷൻ പൂർണമായും വിജയിപ്പിക്കുന്നതിന്റെ ഭാഗമായി കൊവിൻ ആപ്പിൽ ഒറ്റ ഫോൺ നമ്പരിൽ നിന്ന് രജിസ്റ്റർ ചെയ്യാവുന്നവരുടെ എണ്ണം നാലിൽ നിന്ന് ആറായി ഉയർത്തിയിരുന്നു. വാക്സിനേഷൻ ഡ്രൈവിന്റെ ഭാഗമായി ഇതുവരെ 61.16 കോടി ഡോസ് വാക്സിനാണ് രാജ്യവ്യാപകമായി നൽകിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 67,49,746 ഡോസ് വാക്സിനാണ് രാജ്യത്ത് നൽകിയത്.
അതേസമയം, രാജ്യമൊട്ടാകെ കൊവിഡ് വ്യാപനം അതിരൂക്ഷമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,37,704 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. 3,47,254 ആയിരുന്നു മുൻ ദിവസം സ്ഥിരീകരിച്ച രോഗികളുടെ എണ്ണം. 19,60,954 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്. അതേസമയം ഒമിക്രോൺ കേസുകളുടെ എണ്ണം 10,050 ആയി ഉയർന്നു. മുൻ ദിവസങ്ങളിലെ അപേക്ഷിച്ച് 3.69 ശതമാനം വർദ്ധനവാണ് ഒമിക്രോൺ രോഗികളുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ളത്.
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.22 ശതമാനമാണ്. 488 കൊവിഡ് മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,88,884 ആയി ഉയർന്നു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത്. 48,270 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ആകെ രോഗികളുടെ 14.29 ശതമാനവും മഹാരാഷ്ട്രയിലാണ്. 48,049 പേർക്ക് രോഗം സ്ഥിരീകരിച്ച കർണാടകയാണ് രണ്ടാം സ്ഥാനത്ത്. 41,668 പുതിയ കേസുകൾ സ്ഥിരീകരിച്ച കേരളം രോഗബാധിതരുടെ എണ്ണത്തിൽ രാജ്യത്ത് മൂന്നാമതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |