വൈപ്പിൻ: വൈപ്പിൻ മണ്ഡലത്തിലെ നാല് റോഡുകൾക്കായി അഞ്ചുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ. എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ. അറിയിച്ചു. പശ്ചാത്തല സൗകര്യ വികസനത്തിൽ ഇത് വലിയ ചുവടുവയ്പ്പാകുമെന്ന് അദ്ദേഹം പറഞ്ഞു.
പള്ളിപ്പുറം പഞ്ചായത്തിലെ ചെറായി എലിഞ്ഞാംകുളം തിരുമനാംകുന്ന് റോഡ്, വാർഡ് 16 ലെ സ്റ്റാർലൈൻ വെസ്റ്റ് റോഡ്, വാർഡ് 17 ലെ ബേക്കറി വെസ്റ്റ് റോഡ്, എടവനക്കാട് പഞ്ചായത്തിലെ വാർഡ് അഞ്ചിൽ തെക്കേ മേത്തറ റോഡ് എന്നിവയ്ക്കായാണ് അഞ്ചുകോടിയുടെ ഭരണാനുമതി ലഭിച്ചത്. പള്ളിപ്പുറത്തെ ഏഴ്, എട്ട്, ഒൻപത്, പത്ത് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് വൈപ്പിൻ മുനമ്പം സമാന്തര പാതയായ എലിഞ്ഞാംകുളം തിരുമനാംകുന്ന് റോഡ്.
റോഡുകളുടെ പുനരുദ്ധാരണം, ആധുനികവത്കരണം, മറ്റ് അനുബന്ധ സൗകര്യങ്ങളൊരുക്കൽ എന്നിവയ്ക്കായാണ് തുക അനുവദിച്ചത്. അഞ്ചുകോടി രൂപയിൽ നാലുകോടി നബാർഡിന്റെ ധനസഹായമാണ്. ഒരുകോടി രൂപ സംസ്ഥാന സർക്കാർ വിഹിതമായും അനുവദിച്ചു.പദ്ധതി സമയബന്ധിതമായും നിലവാര മാനദണ്ഡങ്ങൾ പൂർണ്ണമായും ഉറപ്പാക്കിയും കാലതാമസം കൂടാതെ നടപ്പാക്കാൻ നടപടികൾ സ്വീകരിച്ചതായും എം.എൽ.എ. അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |