SignIn
Kerala Kaumudi Online
Saturday, 21 September 2024 9.12 AM IST

സാധാരണക്കാരും നിക്ഷേപകരാകട്ടെ

Increase Font Size Decrease Font Size Print Page
national-highway-

അടിസ്ഥാന വികസന പദ്ധതികളിൽ സാധാരണക്കാർക്കും പങ്കാളികളാകാൻ കഴിയുന്നവിധം നിക്ഷേപനയത്തിൽ മാറ്റം കൊണ്ടുവരുമെന്ന കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരിയുടെ വെളിപ്പെടുത്തൽ പ്രതീക്ഷയ്ക്കു വകനൽകുന്നു. അടുത്തയാഴ്ച ആദ്യം പാർലമെന്റിൽ അവതരിപ്പിക്കുന്ന കേന്ദ്ര ബഡ്‌ജറ്റിൽ ഇതിനുള്ള നിർദ്ദേശങ്ങളുണ്ടാകുമെന്നാണു സൂചന. രാജ്യത്ത് വൻമുടക്കുമുതലുള്ള റോഡ് വികസന പദ്ധതികളാണ് ദേശീയപാത അതോറിട്ടി ഏറ്റെടുത്തിട്ടുള്ളത്. നടത്തിപ്പിനാവശ്യമായ പണം സർക്കാരും സ്ഥാപനങ്ങളും ചേർന്നാണ് കണ്ടെത്തുന്നത്. അടിസ്ഥാന വികസന ബോണ്ടുകളിൽ ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ട്. ഒട്ടേറെ വിദേശസ്ഥാപനങ്ങളും പങ്കാളികളാണ്. എന്നാൽ സാധാരണക്കാർക്ക് ഇത്തരം പദ്ധതികളുടെ ഭാഗമാകാൻ അധികം അവസരം ലഭിക്കാറില്ല. സ്വകാര്യ വ്യക്തികളെ ഇതിൽനിന്ന് അകറ്റിനിറുത്തുന്നതാണ് നിലവിലുള്ള നിയമങ്ങൾ. വൻ സമ്പാദ്യമുള്ള അനവധി പേർ കൂടുതൽ ലാഭം തരുന്ന ഓഹരി വിപണികളെയും മറ്റുമാണ് ആശ്രയിക്കാറുള്ളത്. അതിനുള്ള പരിജ്ഞാനമില്ലാത്തവർ കൂടുതൽ വരുമാനം ലഭിക്കുന്ന നിക്ഷേപപദ്ധതികൾ തേടുകയാണ്. ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും നിക്ഷേപപലിശ ഗണ്യമായി കുറച്ചതോടെ ഇവരിൽ നല്ലൊരുവിഭാഗം കഷ്ടത്തിലുമാണ്.

ദേശീയപാത വികസന പദ്ധതികൾക്കു വേണ്ടി ഇറക്കുന്ന ബോണ്ടുകളിൽ ഏറ്റവും കുറഞ്ഞത് ഒരുലക്ഷം രൂപ നിക്ഷേപിക്കാൻ പൊതുജനങ്ങളെ അനുവദിക്കുമെന്നാണ് സൂചന. ഏഴര മുതൽ എട്ടു ശതമാനം പലിശയും ഉറപ്പാക്കും. ബാങ്കുകൾ അഞ്ചും അഞ്ചരയും ശതമാനം പലിശ നൽകുമ്പോൾ അടിസ്ഥാന വികസന ബോണ്ടുകൾക്ക് അതിൽനിന്ന് രണ്ടോ രണ്ടരയോ ശതമാനം കൂടുതൽ ആദായം നൽകുമെന്ന വാഗ്ദാനം സ്വീകരിക്കാൻ കോടിക്കണക്കിനു സാധാരണ നിക്ഷേപകർ മുന്നോട്ടുവരും. ഉയർന്ന ആദായത്തിനൊപ്പം രാജ്യത്തിന്റെ വികസനത്തിൽ ഭാഗമാകാൻ കഴിയുമെന്നതും നേട്ടമാണ്.

പല രൂപത്തിലുള്ള ഇൻഫ്ര ബോണ്ടുകൾ ഇറങ്ങാറുണ്ട്. വിപണിയിൽ അവയൊക്കെ വിറ്റുപോകാറുമുണ്ട്. കമ്പനികളും സ്ഥാപനങ്ങളും ബാങ്കുകളുമൊക്കെ മൂലധന ശേഖരണത്തിനായി ഇറക്കുന്ന ബോണ്ടുകൾക്ക് ആവശ്യക്കാരേറെയാണ്. സാധാരണക്കാരിൽ പലരും ഇത്തരം സംരംഭങ്ങളിൽ നിന്ന് അകന്നുനിൽക്കാൻ പ്രധാന കാരണം നിക്ഷേപം തിരിച്ചുകിട്ടിയില്ലെങ്കിലോ എന്ന ആശങ്കയാണ്. എന്നാൽ സർക്കാർ ഗ്യാരന്റിയുള്ള നിക്ഷേപ പദ്ധതിയിൽ പണം നിക്ഷേപിക്കാൻ അവർ തെല്ലും മടികാണിക്കില്ല.

സംസ്ഥാനത്തിനായാലും അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ഇത്തരത്തിൽ അനായാസം പണം കണ്ടെത്താവുന്നതേയുള്ളൂ. എന്നാൽ സാധാരണക്കാരെ ഇത്തരം സംരംഭങ്ങളിൽ നിന്ന് അകറ്റിനിറുത്തുന്ന നിയമങ്ങളും ചട്ടങ്ങളും നിരവധിയാണ്. ഗഡ്‌കരി വെളിപ്പെടുത്തിയ ഇൻഫ്ര ബോണ്ടിന്റെ കാര്യത്തിലും 'സെബി" കനിഞ്ഞാലേ സാധാരണക്കാർക്ക് നിക്ഷേപം സാദ്ധ്യമാകൂ. നിക്ഷേപകരുടെ താത്‌പര്യ സംരക്ഷണാർത്ഥമാണ് 'സെബി"യും റിസർവ് ബാങ്കുമൊക്കെ കർക്കശ വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുള്ളതെങ്കിലും മിച്ചസമ്പാദ്യം ഇത്തരം ബോണ്ടുകളിൽ നിക്ഷേപിക്കാൻ സാധാരണക്കാർക്ക് അവസരം നൽകേണ്ടതാണ്. സാധാരണ നിക്ഷേപത്തെക്കാൾ ഒന്നോരണ്ടോ ശതമാനം കൂടുതൽ പലിശ വാഗ്ദാനം ചെയ്താൽ സർക്കാരിന്റെ ഏതു പദ്ധതിക്കും പണം സ്വരൂപിക്കാനെളുപ്പമാണ്. നിലവിലെ നിയമങ്ങൾ അതിന് എതിരായതുകൊണ്ടാണ് വായ്പ തേടി ലോകമെങ്ങും അലയേണ്ടിവരുന്നത്. ഏറ്റവും കുറഞ്ഞ പലിശയ്ക്കാണ് വായ്‌പ ലഭിക്കുന്നതെന്നു പറയാറുണ്ടെങ്കിലും തിരിച്ചടവുകാലം പരിഗണിക്കുമ്പോൾ അതൊക്കെ നിരർത്ഥകമാണ്. ഓരോ വിദേശവായ്‌പയ്ക്കു പിന്നിലും കാണാച്ചരടുകളും അധികമാണ്. റോഡുകൾ, പാലങ്ങൾ, റെയിൽവേ വികസനം, തുറമുഖങ്ങൾ, പാർപ്പിടങ്ങൾ എന്നിങ്ങനെ എത്രയെത്ര വൻകിട പദ്ധതികൾ മുടക്കാൻ പണമില്ലാത്തതിനാൽ മുടങ്ങിക്കിടക്കുന്നു. അവയ്ക്കു ഫണ്ട് കണ്ടെത്താൻ ബോണ്ടുകളിറക്കാൻ സംസ്ഥാനത്തെ അനുവദിക്കുകയാണെങ്കിൽ നാടിന്റെ വികസനം ത്വരിതവേഗത്തിലാകും. സമ്പാദ്യശീലമുള്ള സാധാരണക്കാർക്കും അത് അനുഗ്രഹമാകും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OPINION, EDITORIAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.