കുന്നംകുളം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം രാജ്യമെമ്പാടും ആഘോഷിക്കുന്ന അവസരത്തിലെ റിപ്പബ്ലിക് ദിനത്തിന്റെ ഓർമ്മയ്ക്കായി ആസാദി കാ അമൃത് മഹോത്സവ് സ്വച്ഛ് സർക്കിൾ കുന്നംകുളത്ത് ജനങ്ങൾക്കായി തുറന്ന് നൽകി. കുന്നംകുളം ആനായ്ക്കൽ സെന്ററിൽ ഉപയോഗശൂന്യമായി കാടുകയറി വലിച്ചെറിയൽ കേന്ദ്രമായി കിടക്കുന്ന സ്ഥലമാണ് നഗരസഭാ ശുചീകരണ വിഭാഗം വൃത്തിയാക്കി പൂച്ചെടികൾ വച്ചുപിടിപ്പിച്ചത്. നഗരസഭാ ഹെൽത്ത് വിഭാഗം നേരിട്ട് തയ്യാറാക്കിയ സ്വച്ഛ് സർക്കിളിലെ ചിത്രങ്ങൾ വരച്ചത് ആർട്ടിസ്റ്റ് ഗോപീകൃഷ്ണനും ഉപയോഗശൂന്യമായ പാഴ് വസ്തുക്കളുപയോഗിച്ച് സിവിൽ വർക്കുകൾ പൂർത്തീകരിച്ചത് ഷാഫിയുമാണ്. നഗരസഭ ചെയർപേഴ്സൺ സീതാരവീന്ദ്രൻ അകം സ്വച്ഛ് സർക്കിൾ ജനങ്ങൾക്ക് തുറന്ന് നൽകി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. സോമശേഖരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി പേഴ്സൺമാരായ സജിനി പ്രേമൻ, പ്രിയ സജീഷ്, കൗൺസിലർമാരായ ടി.ബി. ബിനീഷ്, വി.കെ.സുനിൽകുമാർ, എം.വിനോദ് എന്നിവർ സംസാരിച്ചു.
പൊതുജനങ്ങൾക്കും കൂട്ടികൾക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന ഈ ഇടത്തെപോലെ മുൻപ് മാലിന്യം വലിച്ചെറിഞ്ഞിരുന്ന എല്ലാ കേന്ദ്രങ്ങളും ജനപങ്കാളിത്തത്തോടെ ഇപ്രകാരം മനോഹരമായ പൂന്തോട്ടങ്ങളാക്കി മാറ്റും.
സീതാ രവീന്ദ്രൻ (ചെയർപേഴ്സൺ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |