മോസ്കോ : ആശങ്കകൾ ഒഴിയാതെ യുക്രെയിൻ - റഷ്യ സംഘർഷം. യു.എസിന് പിന്നാലെ കൂടുതൽ പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്കെതിരെ മുന്നറിയിപ്പുമായെത്തുന്ന പശ്ചാത്തലത്തിൽ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ തുടർ നടപടികളിലേക്കാണ് ലോകം ഉറ്റുനോക്കുന്നത്. യുക്രെയിനെ നാറ്റോ സഖ്യത്തിൽ നിന്ന് വിലക്കണമെന്ന റഷ്യയുടെ ആവശ്യം യു.എസ് നിരസിച്ചത് മേഖലയിലെ പ്രശ്ന പരിഹാരം വൈകുമെന്ന സൂചനയിലേക്കാണ് വിരൽചൂണ്ടുന്നത്.
യുക്രെയിനിലെ പ്രതിസന്ധി അവസാനിപ്പിക്കാൻ റഷ്യ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾക്ക് ഔദ്യോഗികമായി മറുപടി നൽകിക്കൊണ്ട് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. വിഷയത്തിൽ റഷ്യയ്ക്ക് ഇളവുകളില്ലെന്നും നയതന്ത്ര വഴിയിലൂടെ നീങ്ങണമെന്നും അദ്ദേഹം വ്യക്തമാക്കി. യു.എസിന്റെ മറുപടി പഠിച്ച ശേഷം പ്രതികരിക്കുമെന്ന് റഷ്യ വ്യക്തമാക്കി.
യുക്രെയിനെ ആക്രമിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോയാൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് മേൽ ഉപരോധമേർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബ്ലിങ്കന്റെ പ്രതികരണം.
യുക്രെയിന് മേൽ റഷ്യയുടെ ആക്രമണ ഭീതി വർദ്ധിക്കുന്നതിനിടെ കിഴക്കൻ യൂറോപ്പിൽ സൈനിക വിന്യാസം ശക്തമാക്കാൻ നാറ്റോയും തീരുമാനിച്ചിരുന്നു. പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിക്കുമെന്നും കൂടുതൽ പടക്കപ്പലുകളും യുദ്ധവിമാനങ്ങളും വിന്യസിക്കുമെന്നും നാറ്റോ അറിയിച്ചിരുന്നു. ഇതിനായി നിരവധി അംഗരാജ്യങ്ങൾ സൈനികരെയും മറ്റ് സംവിധാനങ്ങളെയും വാഗ്ദ്ധാനം ചെയ്തിരുന്നു.
തങ്ങൾക്കെതിരെ ഉപരോധം പ്രഖ്യാപിച്ച് ഭയപ്പെടുത്താനാണ് യു.എസിന്റെ ശ്രമമെങ്കിൽ പ്രത്യാഘാതങ്ങൾ ഗുരുതരമാകുമെന്ന് റഷ്യയും മുന്നറിയിപ്പ് നൽകിയിരുന്നു. നാറ്റോയും യു.എസും അനാവശ്യമായി പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നാണ് യുക്രെയിനെ ആക്രമിക്കുമെന്ന വാർത്തകൾ നിഷേധിച്ച് റഷ്യ ആവർത്തിക്കുന്നത്.
അതേ സമയം, കഴിഞ്ഞ ദിവസമാണ് എട്ട് മണിക്കൂർ നീണ്ട നയതന്ത്ര ചർച്ചകൾക്കൊടുവിൽ കിഴക്കൻ യുക്രെയിനിൽ വെടിനിറുത്തൽ ധാരണ തുടരാനുള്ള തീരുമാനത്തിലെത്തിലേക്ക് റഷ്യയും യുക്രെയിനുമെത്തിയത്. പാരീസിൽ നടന്ന ചർച്ചകൾക്ക് ഫ്രഞ്ച്, ജർമ്മൻ നയതന്ത്ര ഉദ്യോഗസ്ഥരാണ് നേതൃത്വം നൽകിയത്.
2019ന് ശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയിൽ ഒപ്പുവയ്ക്കുന്നത്. ചർച്ചകൾക്ക് നേതൃത്വം വഹിച്ച ഫ്രാൻസും ജർമ്മനിയും ഉപാധികളില്ലാത്ത വെടിനിറുത്തൽ പ്രസ്താവനയിൽ ഒപ്പുവച്ചിട്ടുണ്ട്. രണ്ട് ആഴ്ചകൾക്ക് ശേഷം വിഷയത്തിൽ അടുത്ത നയതന്ത്രതല ചർച്ച ബെർലിനിൽ നടക്കും. കിഴക്കൻ യുക്രെയിനിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി നാല് രാജ്യങ്ങളും 2014 മുതൽ ചർച്ചകൾ നടത്തിവരികയാണ്. നോർമാൻഡി ഫോർമാറ്റ് ചർച്ചകൾ എന്നാണ് ഇവ അറിയപ്പെടുന്നത്.
മുന്നറിയിപ്പുമായി ജർമ്മനി
യുക്രെയിനെ ആക്രമിക്കാൻ മുതിർന്നാൽ യൂറോപ്പിലേക്ക് റഷ്യയിൽ നിന്ന് പ്രകൃതി വാതകം എത്തിക്കുന്നതിനായി നിർമ്മിച്ച നോർഡ് സ്ട്രീം 2 പൈപ്പ് ലൈനിൽ ഉപരോധമേർപ്പെടുത്തുന്നതുൾപ്പെടെ ഗുരുതര പ്രത്യാഘാതങ്ങൾ റഷ്യ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ജർമ്മനി. ബാൾട്ടിക് കടലിനടിയിലൂടെ സ്ഥാപിച്ച ഈ ഗ്യാസ് പൈപ്പ് ലൈൻ വഴി യുക്രെയിനെയും പോളണ്ടിനെയും ആശ്രയിക്കാതെ റഷ്യയിൽ നിന്ന് പ്രകൃതി വാതകം ജർമ്മനിയിലെത്തും. പൈപ്പ് ലൈൻ ബ്ലോക്ക് ചെയ്യാൻ ജർമ്മനിയോടും യൂറോപ്യൻ യൂണിയനോടും ആവശ്യപ്പെടണമെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സൊലൻസ്കി അമേരിക്കയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അടുത്തിടെ പൂർത്തിയായ പൈപ്പ് ലൈനിലൂടെ വാതക വിതരണം ഇതുവരെ ആരംഭിച്ചിട്ടില്ല.