SignIn
Kerala Kaumudi Online
Tuesday, 30 April 2024 8.53 PM IST

സാഹസികമായൊരു ക്ഷേത്ര ദർശനം, എല്ലാ ഐശ്വര്യങ്ങളും നൽകുന്ന കല്ലിൽ ഭഗവതി

temple-kerala

കേരളത്തിന്റെ ക്ഷേത്രങ്ങളിൽ പലതും എഴുതപ്പെടാതെ പോയ ചരിത്രത്തിലേക്ക് നിവർത്തിവച്ച പുസ്തകങ്ങളാണ്. അത്തരത്തിലൊരു ക്ഷേത്രമാണ് എറണാകുളം ജില്ലയിൽ പെരുമ്പാവൂരിനടുത്ത് മേതല ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന കല്ലിൽ ഭഗവതി ക്ഷേത്രം. അയ്യായിരത്തിലധികം വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ക്ഷേത്രമാണിത്. പാറക്കെട്ടുകൾക്കിടയിൽ നൂറിലധികം പടികൾ കടന്ന് മാത്രം എത്താൻ കഴിയുന്ന ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ കല്ലിൽ ഭഗവതിയാണ്. ക്ഷേത്രത്തിലേക്കുള്ള കവാടം തുടങ്ങുന്നത് മുതൽ കല്ലുകളുടെ കാഴ്ച തുടങ്ങും.

ഐതിഹ്യം

ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് വളരെ കാലപഴക്കമുള്ള ഒരു ഐതിഹ്യമുണ്ട്. ഒരിക്കൽ കാടിനുള്ളിൽ എത്തിച്ചേർന്ന ആളുകള്‍ അസാമാന്യ സൗന്ദര്യമുള്ള ഒരു സ്ത്രീയെ കണ്ടുവത്രെ. കല്ലുകൊണ്ട് അമ്മാനമാടി കളിക്കുന്ന അവരുടെ അടുത്തു ചെന്നു കാണുവാൻ പോയപ്പോഴേക്കും അവർ അവിടെ നിന്നും അപ്രത്യക്ഷയായി. ദേവി ചൈതന്യമുള്ള ആ സ്ത്രീ കല്ലിൽ ഭഗവതി ആയിരുന്നു എന്നാണ് വിശ്വാസം. ദേവി കളിച്ചപ്പോൾ മുകളിലേക്കു പോയ കല്ല് ക്ഷേത്രത്തിന്റെ മേൽക്കൂരയായി മാറിയെന്നും താഴേക്ക് വന്നത് ഇരിപ്പിടമായി എന്നുമാണ് വിശ്വാസം.

പ്രതിഷ്ഠ

ദുർഗ്ഗയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. കല്ലിൽ ഭഗവതിയെന്നും ഇവിടത്തെ പ്രതിഷ്ഠ അറിയപ്പെടാറുണ്ട്. പഞ്ചലോഹ കവചം കൊണ്ട് വിഗ്രഹം മൂടിയിരിക്കുന്നു. മഹാവിഷ്ണു, മഹാദേവൻ, ഗണപതി, ശാസ്താവ്, കരിനാഗയക്ഷി എന്നീ പ്രതിഷ്ഠകൾ ക്ഷേത്രത്തിലുണ്ട്.

temple-kerala

ചരിത്രം

കല്ലിൽ ക്ഷേത്രത്തിന്റെ ചരിത്രം ജൈന മതവുമായി ബന്ധപ്പെട്ടതാണ്. ഒൻപതാം നൂറ്റാണ്ട് വരെ ഇതൊരു ജൈന ക്ഷേത്രമായിരുന്നു . പിന്നീട് ഇത് ഭഗവതി ക്ഷേത്രമായി മാറുകയായിരുന്നു. അതുകൊണ്ട് തന്നെ ജൈനമതത്തിലെ യക്ഷിയായ പദ്മാവതിയെയാണ് ഇവിടെ ഭഗവതിയായി പ്രതിഷ്ഠിച്ചത് എന്നും കരുതപ്പെടുന്നു. കൂടാതെ ജൈനമതത്തിലെ പാർശ്വനാഥന്റെയും മഹാവീരന്റെയും വിഗ്രഹങ്ങളാണ് ശിവന്റെയും വിഷ്മുവിന്റെയും വിഗ്രഹങ്ങളായി മാറിയെന്നും കരുതപ്പെടുന്നു.

വീടു പണി തീരാനും മുടി വളരാനും

ഇവിടത്തെ പ്രധാനപ്പെട്ട രണ്ട് നേർച്ചകളാണ് കല്ല് നേർച്ചയും ചൂൽ നേർച്ചയും. സ്ത്രീകൾക്ക് മുടി വളരുവാനും പുരുഷന്മാർക്ക് കുടുംബത്തിലെ അസ്വസ്ഥതകൾ മാറാനുമാണ് ചൂൽ നേർച്ച നടത്തുന്നത്. ഓല കൊണ്ട് ചൂൽ നിർമ്മിച്ച് ക്ഷേത്രത്തിൽ സമർപ്പിക്കുന്നതാണ് ചൂൽ നേർച്ച.

പാതി വഴിയിൽ മുടങ്ങിയ വീടുപണി പൂർത്തിയാകുവാനാണ് കല്ല് നേർച്ച നടത്തുന്നത്. പണി നടക്കുന്ന വീട്ടിൽ നിന്നും കല്ലുകൾ ക്ഷേത്രത്തിലെത്തിച്ച് ഭഗവതിയെ ദർശിച്ചാൽ ഒരു വർഷത്തിനുള്ളിൽ പണി പൂർത്തിയാകും എന്നാണ് വിശ്വാസം.

പൂജകൾ

വൃശ്ചിക മാസത്തിലെ കാർത്തിക നാളിലാണ് ഇവിടത്തെ ഉത്സവത്തിന്റെ കൊടിയേറ്റ്. എട്ടു ദിവസമാണ് ഉത്സം നീണ്ടു നിൽക്കുന്നത്. കല്ലിൽ ഗുഹാ ക്ഷേത്രം എന്നും ഈ ക്ഷേത്രം അറിയപ്പെടാറുണ്ട്. ക്ഷേത്രത്തിലെ പ്രതിഷ്ഠയെ കല്ലിൽ അരുളുന്ന ദേവി എന്നും വിളിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TEMPLE, KALLIL DEVI TEMPLE
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.