മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റിക്ക് ഗംഭീര ജയം
യുണൈറ്റഡിനെ കീഴടക്കിയത് 4-1ന്
ഓൾഡ് ട്രാഫോർഡ്: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഫുട്ബാൾ ലോകം ആകാംഷയോടെ കാത്തിരുന്ന മാഞ്ചസ്റ്റർ ഡെർബിയിൽ യുണൈറ്റഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തരിപ്പണമാക്കി സിറ്റി വിജയക്കുതിപ്പ് തുടരുന്നു. ക്യാപ്ടൻ കെവിൻ ഡി ബ്രൂയിനെയും റിയാദ് മെഹ്രസും നേടിയ ഇരട്ട ഗോളുകളാണ് സിറ്റിക്ക് ഗംഭീര ജയം സമ്മാനിച്ചത്. സാഞ്ചോയാണ് യുണൈറ്റഡിനായി ലക്ഷ്യം കണ്ടത്. ജയത്തോടെ 28 മത്സരങ്ങളിൽ നിന്ന് 69 പോയിന്റുമായി, രണ്ടാം സ്ഥാനത്തുള്ള ലിവർപൂളുമായുള്ള പോയിന്റകലം ആറാക്കി നിലനിറുത്താനും നിലവിലെ ചാമ്പ്യൻമാരും ഇപ്പോഴത്തെ ഒന്നാം സ്ഥാനക്കാരുമായ സിറ്റിക്കായി. 28 മത്സരങ്ങളിൽ നിന്ന് 47 പോയിന്റുള്ള യുണൈറ്റഡ് നാലിൽ നിന്ന് അഞ്ചാം സ്ഥാനത്തേക്ക് വീണു. ക്രിസ്റ്റ്യാനൊ റൊണാൾഡോ ഇല്ലതെയാണ് യുണൈറ്റഡ് ഇറങ്ങിയത്.
5,28 മിനിട്ടുകളിലാണ് ഡിബ്രൂയിനെ സ്കോർ ചെയ്തത്. 68, 91 മിനിട്ടുകളിൽ മെഹ്രസ് സ്കോർ ചെയ്തു. 22-ാം മിനിട്ടിലാണ് സാഞ്ചോ യുണൈറ്റഡിന്റെ ആശ്വാസ ഗോൾ സ്കോർ ചെയ്തത്. ലിവർപൂൾ 1-0ത്തിന് വെസ്റ്റ് ഹാമിനെ വീഴ്ത്തിയപ്പോൾ ആഴ്സനൽ 3-2ന് വാറ്റ് ഫോർഡിനെ കീഴടക്കി മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്ന് നാലാം സ്ഥാനത്തെത്തി.
ബ്രാവോ ബാഴ്സ
ഇന്നലെ നടന്ന ലാലിഗ മത്സരത്തിൽ ബാഴ്സലോണ എൽച്ചെയെ 2-1ന് കീഴടക്കി. 44-ാം മിനിട്ടിൽ ഷാവേസിലൂടെ മുന്നിലെത്തിയ എൽച്ചെയെ 60-ാം മിനിട്ടിൽ ടോറസും 84-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ഡിപെയും നേടിയ ഗോളുകളിലൂടെയാണ് ബാഴ്സ വീഴ്ത്തിയത്. എൽച്ചെയുടെപാസ്റ്റോറെ 88-ാം മിനിട്ടിൽ ചുവപ്പ് കാർഡ് കണ്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |