SignIn
Kerala Kaumudi Online
Saturday, 21 September 2024 4.06 AM IST

അനുപമം ഈ രക്ഷാദൗത്യം

Increase Font Size Decrease Font Size Print Page

operation-ganga

യുക്രെയിനിലെ സുമി നഗരത്തിൽ ഒറ്റപ്പെട്ടുപോയ 400 മലയാളികളുൾപ്പെടെ 694 ഇന്ത്യക്കാരെ ചൊവ്വാഴ്ച സുരക്ഷിതമായി ഒഴിപ്പിച്ചതിലൂടെ ഇന്ത്യ നയതന്ത്രതലത്തിൽ വലിയ വിജയം നേടിയിരിക്കുകയാണ്. റഷ്യൻ സേനയുടെ ഏറ്റവും ഭീകരമായ ആക്രമണങ്ങൾ തുടർച്ചയായി നേരിട്ടുകൊണ്ടിരുന്ന സുമിയിൽ പേടിച്ചരണ്ട് കഴിയുകയായിരുന്നു ഈ വിദ്യാർത്ഥികൾ. പലകുറി സുരക്ഷിത താവളം തേടി യാത്രയ്ക്കൊരുങ്ങിയ അവർക്ക് റഷ്യൻ ആക്രമണങ്ങൾ കാരണം പിൻവാങ്ങേണ്ടിവന്നു. ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയുടെയും യുക്രെയിന്റെയും പ്രസിഡന്റുമാരെ നേരിൽ ബന്ധപ്പെട്ടു നടത്തിയ അഭ്യർത്ഥനയെത്തുടർന്നാണ് കുട്ടികൾക്കു സുരക്ഷിതപാത ഒരുങ്ങിയത്. തുടർച്ചയായി കൊടും തണുപ്പിൽ യൂണിവേഴ്സിറ്റി കാമ്പസിൽ കഴിഞ്ഞിരുന്ന കുട്ടികൾ ബസുകളിൽ യുക്രെയിന്റെ പടിഞ്ഞാറൻ പട്ടണമായ പോൾട്ടോവിലേക്കു ചൊവ്വാഴ്ച യാത്രയായത് ഇന്ത്യയ്ക്ക് വലിയ ആശ്വാസമായി. സുമിയിലെ ഇന്ത്യക്കാരെ പൂർണമായും ഒഴിപ്പിച്ചതോടെ 'ഓപ്പറേഷൻ ഗംഗ" നിശ്ചിത ലക്ഷ്യത്തിന്റെ അവസാന പാദത്തോട് അടുക്കുകയാണ്. സാഹചര്യങ്ങൾ അങ്ങേയറ്റം പ്രതികൂലമായിട്ടും യുക്രെയിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിപ്പോയ ഇരുപതിനായിരത്തിലേറെപ്പേരെ ഇതിനകം നാട്ടിലെത്തിക്കാൻ 'ഓപ്പറേഷൻ ഗംഗ"യിലൂടെ സാധിച്ചത് വലിയ നേട്ടം തന്നെയാണ്. റഷ്യ - യുക്രെയിൻ സംഘർഷത്തിൽ ഇന്ത്യ സ്വീകരിച്ച വിവേകപൂർവമായ നിലപാട് ഒഴിപ്പിക്കൽ ദൗത്യത്തിൽ ഏറെ സഹായകമായിട്ടുണ്ടെന്നു പറയാം.

ഇതിനിടയിൽ ഒഴിപ്പിക്കലിനിടെ ചിലപ്പോഴെല്ലാം നേരിട്ട താത്‌കാലിക തടസങ്ങൾ പർവതീകരിച്ചും എംബസിയെയും ഇന്ത്യാ ഗവൺമെന്റിനെയും അധിക്ഷേപിച്ചും വിമർശിച്ചും സമൂഹമാദ്ധ്യമങ്ങളിൽ കുറിപ്പുകളിട്ടവർ നിരവധിയാണ്. 'ഓപ്പറേഷൻ ഗംഗ" ഏറ്റവും ആശ്വാസകരമായ നിലയിൽ പൂർത്തിയാകുമ്പോൾ ഇവർക്ക് ഇനി എന്താണ് പറയാനുണ്ടാവുക?​ പാകിസ്ഥാൻ ഉൾപ്പെടെ ചില വിദേശരാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കും ഒഴിഞ്ഞുപോകാൻ ഉപകരിച്ചത് ഇന്ത്യൻ നിലപാടാണ്. ഇന്ത്യൻ പതാക അവർക്കു കവചമായിത്തീർന്നത് ചാരിതാർത്ഥ്യത്തോടെയാകും അവർ ഓർക്കുക.

യുദ്ധം കൊടുമ്പിരിക്കൊള്ളവേ അതിനിടയിൽ പെട്ടുപോകുന്ന സാധാരണക്കാരുടെ ഭയസംഭ്രാന്തി വിവരണാതീതമാണ്. വലിയ പ്രതീക്ഷകളോടെ അവിടെ പഠനത്തിനെത്തിയവരുടെ കൂട്ടത്തിൽ ഇന്ത്യക്കാരുൾപ്പെടെ ആയിരക്കണക്കിനു വിദേശ വിദ്യാർത്ഥികളുണ്ട്. കുറച്ചു ദുരനുഭവങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ടെങ്കിലും ഇന്ത്യക്കാരായ മുഴുവൻ വിദ്യാർത്ഥികളെയും സുരക്ഷിത പാതയൊരുക്കി നാട്ടിലേക്കു വിമാനം കയറ്റിവിടുന്നതിൽ യുക്രെയിനിലെയും റുമേനിയ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലെയും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ വഹിച്ച പങ്ക് നന്ദിയോടെ സ്മരിക്കേണ്ടതുണ്ട്. അതീവ ക്ളേശകരമായ സാഹചര്യങ്ങളിലാണ് അവർ പ്രവർത്തിക്കേണ്ടിവന്നത്.

'ഓപ്പറേഷൻ ഗംഗ"യിലെ ഏറ്റവും ദുഷ്‌കരമായ രക്ഷാദൗത്യം സുമി നഗരത്തിലേതായിരുന്നു. ആക്രമണത്തിന്റെ ഏറ്റവും വലിയ കേന്ദ്രവും അതായിരുന്നു. അവസാന രണ്ടുദിവസം ഭക്ഷണവും വെള്ളവുമില്ലാതെ വിദ്യാർത്ഥികൾക്കു കഴിയേണ്ടിവന്നത് രക്ഷാദൗത്യത്തിൽ അപ്രതീക്ഷിതമായുണ്ടായ തടസങ്ങൾ കാരണമാണ്. വെടിനിറുത്തലിനിടെ പോലും ആക്രമണമുണ്ടായപ്പോൾ കുട്ടികളുടെ യാത്ര ഉപേക്ഷിക്കേണ്ടിവന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമയോചിത ഇടപെടലാണ് ഒടുവിൽ കുട്ടികൾക്ക് സഹായകമായത്.

റഷ്യൻ ഷെല്ലാക്രമണത്തിൽ കർണാടകക്കാരനായ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥി നവീന്റെ മരണവും രോഗാവസ്ഥയിൽ കഴിഞ്ഞ പഞ്ചാബ് വിദ്യാർത്ഥിയുടെ ആകസ്മിക മരണവും ഒഴികെ മറ്റെല്ലാ ഇന്ത്യൻ വിദ്യാർത്ഥികളെയും സുരക്ഷിതരായിത്തന്നെ നാട്ടിലെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഗംഗാ ദൗത്യത്തിൽ ഏർപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും വിമാന ജീവനക്കാരും സേനാംഗങ്ങളും രാജ്യത്തിന്റെ മുഴുവൻ കൃതജ്ഞതയും അർഹിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OPERATION GANGA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.