പറപ്പൂർ: കേരള സംഗീത നാടക അക്കാഡമി എടക്കളത്തൂർ ശ്രീരാമചന്ദ്ര യു.പി സ്കൂളിൽ മാർച്ച് 27 മുതൽ 31 വരെയുള്ള തീയതികളിൽ എടക്കളത്തൂർ ദേശാഭിമാനി കലാ കായിക സാംസ്കാരിക വേദി & പബ്ലിക് ലൈബ്രറിയുമായി സഹകരിച്ച് സംസ്ഥാന അമേച്വർ നാടകോത്സവം നടത്തും. നാടകോത്സവത്തിന്റെ ബ്രോഷർ, പോസ്റ്റർ പ്രകാശനം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നിർവഹിച്ചു. വിവിധ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ പ്രതിഭകൾക്കുള്ള ആദരണീയം പരിപാടിയും എം.എൽ.എ ഉദ്ഘാടനം ചെയ്തു. തോളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.പോൾസൺ അദ്ധ്യക്ഷത വഹിച്ചു. അമേച്വർ നാടകോത്സവം കോ-ഓർഡിനേറ്റർ കെ.സി. ഷാജു, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.എ. സന്തോഷ്, സി.ഡി.എസ് ചെയർപേഴ്സൺ നളിനി ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഗിരിജ ശ്രീനിവാസൻ, ജോയ്സി ഫ്രാൻസിസ്, ഓമന ബാലൻ, ജീജ അനിൽ, ബേബി ഡേവിസ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |