SignIn
Kerala Kaumudi Online
Saturday, 27 April 2024 6.04 AM IST

ഹൈപ്പർസോണിക് ആയുധം പുറത്തെടുത്ത് റഷ്യ

ukraine

കീവ് : യുക്രെയിൻ ശക്തമായ ചെറുത്തുനിൽപ് തുടരവെ അധിനിവേശം കൂടുതൽ അപകടഘട്ടത്തിലേക്ക് കടക്കുന്നുവെന്ന സൂചന നൽകി റഷ്യ. യുക്രെയിനിൽ ആദ്യമായി ശബ്ദത്തേക്കാൾ വേഗത്തിൽ കുതിക്കുന്ന ഹൈപ്പർ സോണിക് ആയുധങ്ങൾ പുറത്തെടുത്തതായി റഷ്യ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച പടിഞ്ഞാറൻ യുക്രെയിനിലെ ഒരു ആയുധ സംഭരണ കേന്ദ്രത്തിന് നേരെയാണ് റഷ്യ തങ്ങളുടെ അത്യാധുനിക കിൻഷൽ ഹൈപ്പർസോണിക് മിസൈലുകൾ ആക്രമണത്തിന് ഉപയോഗിച്ചതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

യുക്രെയിൻ സംഘർഷത്തിനിടെ ഉയർന്ന കൃത്യതയോടെ ആയുധം ഉപയോഗിച്ചതായി റഷ്യ മുമ്പൊരിക്കലും സമ്മതിച്ചിട്ടില്ല. ഇതാദ്യമായാണ് ഹൈപ്പർ സോണിക് ആയുധങ്ങൾ ഉപയോഗിച്ചെന്ന് റഷ്യ സമ്മതിക്കുന്നത്.

ഇവാനോ - ഫ്രാൻകിവ്സ്ക് മേഖലയിലെ ഡെലിയറ്റൈൻ ഗ്രാമത്തിൽ മിസൈലുകളും വെടിമരുന്നുകളും സംഭരിച്ചിരുന്ന ഒരു വലിയ ഭൂഗർഭ വെയർഹൗസാണ് ഹൈപ്പർ സോണിക് എയറോബാലിസ്റ്റിക് മിസൈലുകളോട് കൂടിയ കിൻഷൽ ഏവിയേഷൻ മിസൈൽ സിസ്റ്റം തകർത്തതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം വിശദീകരിച്ചു.

അതേസമയം, സപൊറീഷ്യയിൽ വെള്ളിയാഴ്ച നടന്ന ഷെല്ലാക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടു. 17 പേർക്ക് പരിക്കേറ്റു. ഇന്നലെ ഇന്ത്യൻ സമയം രാത്രി 7.30 മുതൽ സപൊറീഷ്യയിൽ 38 മണിക്കൂർ കർഫ്യൂ ആരംഭിച്ചു. കീവിന് സമീപം മകറീവിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടെന്നും 5 പേർക്ക് പരിക്കേറ്റെന്നും ലോക്കൽ പൊലീസ് പറഞ്ഞു. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ആഴ്ചകൾക്ക് മുമ്പ് റഷ്യൻ ഷെല്ലാക്രമണത്തിൽ ഗുരുതര പരിക്കേറ്റ യുക്രെയിൻ ബാലെ കലാകാരൻ ആർടൈം ഡസിഷിൻ ( 43 ) മരിച്ചു.

തെക്കൻ നഗരമായ മൈക്കൊലൈവിൽ യുക്രെയിൻ പട്ടാള ക്യാമ്പുകൾക്ക് നേരെ നടന്ന റഷ്യൻ ആക്രമണത്തിൽ ഡസൻ കണക്കിന് സൈനികർ മരിച്ചതായാണ് റിപ്പോർട്ട്. 200ൽ താഴെ സൈനികർ ക്യാമ്പിലുണ്ടായിരുന്നതായാണ് വിവരം. 50 മൃതദേഹങ്ങൾ കണ്ടെത്തിയെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എത്ര പേർക്ക് കുടുങ്ങിക്കിടക്കുന്നുവെന്ന് വ്യക്തമല്ല.

അതേ സമയം, യുക്രെയിനിൽ ഇതുവരെ 112 കുട്ടികൾ മരിച്ചതായി രാജ്യത്തെ പ്രോസിക്യൂട്ടർ ജനറൽ പറഞ്ഞു.

കിഴക്കൻ യുക്രെയിനിൽ റഷ്യൻ അധിനിവേശം റിപ്പോർട്ട് ചെയ്തിരുന്ന ജേണലിസ്റ്റിനെ റഷ്യൻ സേന തട്ടിക്കൊണ്ടുപോയതായും പ്രോസിക്യൂട്ടർ ജനറലിന്റെ ഓഫീസ് ആരോപിച്ചു.

യുക്രെയിന്റെ ഹ്രോമസ്കിന്റെ ജേണലിസ്റ്റിനെ സപൊറീഷ്യയിൽ നിന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാണാതായതെന്ന് ആരോപിച്ചെങ്കിലും ജേണലിസ്റ്റിന്റെ പേര് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടില്ല. അതേ സമയം, വിക്ടോറിയ റോഷ്ചെന്യ എന്ന ജേണലിസ്റ്റിനെ കാണാനില്ലെന്നും റഷ്യയുടെ എഫ്.എസ്.ബിയാണ് ഇതിന് പിന്നിലെന്നും ഹ്രോമസ്ക് ആരോപിച്ചു.

തുറമുഖ നഗരമായ മരിയുപോളിന് ചുറ്റും റഷ്യൻ സൈന്യം പിടിമുറുക്കിയതിനാൽ യുക്രെയിന് അസോവ് കടലിലേക്കുള്ള പ്രവേശനം താത്കാലികമായി നഷ്ടമായിരുന്നു.

യു.എന്നിന്റെ ആദ്യ സഹായ സംഘം ഇന്നലെ സുമി നഗരത്തിൽ എത്തി. സപൊറീഷ്യ ആണവനിലയത്തിലെ തകരാറിലായ പവർ ലൈനുകളിലൊന്ന് യുക്രെയിനിയൻ വിദഗ്ദ്ധർ പുനഃസ്ഥാപിച്ചു.


അതേ സമയം, അധിനിവേശം നാലാം ആഴ്ചയിൽ എത്തിനിൽക്കെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ നേരിട്ടുള്ള ചർച്ചകൾക്ക് തയാറാകണം എന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞു.

 കിൻഷൽ മിസൈൽ

യൂറോപ്പിനും യു.എസിന്റെ താഡ് മിസൈലിനും വെല്ലുവിളി ഉയർത്താൻ റഷ്യ നിർമ്മിച്ചതെന്ന് കരുതുന്നു. മണിക്കൂറിൽ 4,900 കിലോമീറ്റർ വേഗത. മണിക്കൂറിൽ 12,350 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാകുമെന്നും റിപ്പോർട്ട്. യൂറോപ്യൻ റഡാറുകൾക്ക് പിടികൊടുക്കാത്ത തരം മിസൈൽ. പ്രതിരോധ സംവിധാനങ്ങളെ നിഷ്പ്രഭമാക്കും. 2017ൽ തെക്കൻ റഷ്യയിൽ കിൻഷലിന്റെ പരീക്ഷണങ്ങൾ നടന്നിരുന്നു. ശബ്ദത്തിന്റെ പത്ത് മടങ്ങ് വേഗതയിൽ കുതിക്കും.

 റഷ്യൻ സൈനിക തലവൻ കൊല്ലപ്പെട്ടു

റഷ്യയുടെ മറ്റൊരു ഉന്നത സൈനിക ഉദ്യോഗസ്ഥനെ കൂടി വധിച്ചെന്ന് യുക്രെയിൻ. റഷ്യൻ എയ്റ്റ്ത്ത് ആർമിയുടെ കമാൻഡറായ ലഫ്. ജനറൽ ആൻഡ്രെ മർഡ്‌വിചേവ് ഖേഴ്സണിന് സമീപത്തെ ചൊർനോബൈവ്സ്ക എയർഫീൽഡിൽ വച്ച് കൊല്ലപ്പെട്ടെന്നാണ് യുക്രെയിൻ അറിയിച്ചത്. യുക്രെയിനിൽ കൊല്ലപ്പെടുന്ന അഞ്ചാമത്തെ മുതിർന്ന റഷ്യൻ സൈനിക തലവനാണ് ആൻഡ്രെ. റഷ്യ വാർത്തയോട് പ്രതികരിച്ചിട്ടില്ല.

 യു.എസ് വിമാനം തകർന്നു

ഓസ്‌ലോ : നോർവേയിൽ നാറ്റോ സൈനിക പരിശീലനങ്ങൾക്കിടെ യു.എസ് വിമാനം തകർന്ന് നാല് സൈനികർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. അപകട കാരണം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. വി - 22B ഓസ്പ്രേ വിഭാഗത്തിലെ വിമാനമാണ് തകർന്നത്. യു.എസ് ഉൾപ്പെടെയുള്ള നാറ്റോ സഖ്യരാജ്യങ്ങളിൽ നിന്നുള്ള 30,000 സൈനികരാണ് പരിശീലനങ്ങളിൽ പങ്കെടുത്തത്. മാർച്ച് 14 ആരംഭിച്ച് ഏപ്രിൽ 1 വരെ നീളുന്ന പരിശീലനങ്ങളിൽ 200 വിമാനങ്ങളും 50 കപ്പലുകളും പങ്കെടുക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.