SignIn
Kerala Kaumudi Online
Thursday, 19 September 2024 12.39 PM IST

വ്യതിയാനങ്ങളുമായി കലിതുള്ളി കാലാവസ്ഥ

Increase Font Size Decrease Font Size Print Page

pond

വ്യതിയാനങ്ങളുടെ തീക്ഷ്‌ണഭാവങ്ങളുമായി കാലാവസ്ഥ ലോകത്തെ നിരന്തരം ഭീതിപ്പെടുത്തുന്നു. കാലാവസ്ഥയുടെ കലിതുള്ളലിൽ സ്വസ്ഥജീവിതത്തിന് താഴുവീണിട്ട് നാളേറെയായി. വർദ്ധിക്കുന്ന ജനസംഖ്യ, ദ്രുതഗതിയിലെ നഗരവത്കരണം, പരിസ്ഥിതിവിനാശകരമായ പ്രവർത്തനങ്ങൾ എല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ തീവ്രത രൂക്ഷമാക്കുന്നു. പ്രളയം, കടുത്ത വരൾച്ച, ഉഷ്ണശീത തരംഗങ്ങൾ, ശക്തമായ ചുഴലിക്കാറ്റുകൾ, സൂര്യാഘാതം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മഞ്ഞുമലയിടിച്ചിൽ, ഉയരുന്ന സമുദ്രനിരപ്പ് , ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുക്കം എന്നിങ്ങനെ ഗുരുതര പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നു.

1880 കൾ മുതൽ ശരാശരി ആഗോളതാപനിലയിൽ 1.2 ഡിഗ്രി സെൽഷ്യസിന്റെ വർദ്ധനയുണ്ടായിട്ടുണ്ട്. 21ാം നൂറ്റാണ്ടിൽ ആഗോളതാപനില രണ്ടു ഡിഗ്രി സെൽഷ്യസ് കവിയാതിരിക്കുന്നതിനുള്ള മാർഗങ്ങൾ സ്വീകരിക്കണമെന്ന് 2015 ലെ പാരിസ് ഉച്ചകോടി നിഷ്കർഷിച്ചിരുന്നു. ആഗോള താപനിലയുടെ ഉയർച്ച ഒന്നര ഡിഗ്രി സെൽഷ്യസിലേക്ക് നിജപ്പെടുത്തണമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ കൂട്ടായ്മ നിർദ്ദേശിച്ചു. താപനിലയിലെ വർദ്ധന വികസ്വര രാജ്യങ്ങളുടെയും ദ്വീപ സമൂഹങ്ങളുടെയും നിലനില്പിന് തന്നെ വെല്ലുവിളിയാകുമെന്ന ഭീതിയെത്തുടർന്നാണ് ഈ നിബന്ധന മുന്നോട്ടുവച്ചത്.

കേരളം സുരക്ഷിതമല്ല

ജൂൺ ആദ്യം ആരംഭിച്ച് സെപ്തംബർ അവസാനം വരെ നീളുന്ന കാലവർഷക്കാലം, ഒക്‌ടോബർ - നവംബർ മാസങ്ങളിലെ തുലാവർഷക്കാലം, ഡിസംബർ - ജനുവരി മാസങ്ങളിലെ പൊതുവേ ചൂടുകുറഞ്ഞ കാലാവസ്ഥ, മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ വേനൽമഴ എന്നിങ്ങനെയാണ് കേരളത്തിലെ കാലാവസ്ഥാ വിന്യാസം. സമതുലിതമായ മഴ , ചൂടുകുറഞ്ഞ കാലാവസ്ഥ എന്നിവമൂലം സംസ്ഥാനത്തിന് ജലക്കമ്മി നേരിടേണ്ടിവരുന്ന അവസ്ഥ താരതമ്യേന വിരളമായിരുന്നു. എന്നാലിപ്പോൾ കേരളത്തിന്റെ കാലാവസ്ഥയുടെ താളം തെറ്റി. അനുബന്ധമായി മഴക്കാലത്തിലും മാറ്റങ്ങൾ ദൃശ്യമാകുന്നു. മഴപെയ്ത്തിന്റെ സ്വഭാവം മാറി. ഒരു ഋതുവിൽ കിട്ടേണ്ട മഴ ചിലപ്പോൾ ഒരൊറ്റ മാസം കൊണ്ട് ലഭിക്കുന്നു. ഒരാഴ്ച കൊണ്ടു പെയ്യേണ്ട മഴ ഒരൊറ്റദിവസം കൊണ്ടു പെയ്യുന്നു. ചിലപ്പോഴാകട്ടെ ഒരു മണിക്കൂറു കൊണ്ട് ഒരു ദിവസത്തെ മഴ പെയ്തിറങ്ങുന്നു. കാലവർഷക്കാലത്ത് മൊത്തം ലഭിക്കേണ്ട മഴ ചുരുങ്ങിയ സമയത്തിനുള്ളിൽ അതിശക്തമായി പെയ്തൊഴിയുന്ന പ്രവണത വർദ്ധിക്കുന്നു.

മുൻകാലങ്ങളിൽ ഒറ്റദിവസത്തിനുള്ളിൽ നൂറു മില്ലി മീറ്ററിലധികം മഴ ലഭിക്കുന്ന അവസരങ്ങൾ വിരളമായിരുന്നു. എന്നാൽ സമീപവർഷങ്ങളിൽ ഒറ്റദിവസം കൊണ്ട് 200- 400 മില്ലി മീറ്റർ മഴ ലഭിക്കുന്ന സാഹചര്യങ്ങൾ സാധാരണമാകുന്നു.

സംസ്ഥാനത്ത് പലയിടങ്ങളിലും വർഷകാലത്ത് ലഭിക്കുന്ന മഴ മേഘവിസ്ഫോടനം വഴി ലഭിക്കുന്ന മഴയുടെ അതേ പ്രകൃതം പ്രകടിപ്പിക്കുന്നവയാണ്. ഒരു ചെറിയ ഭൂപ്രദേശത്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു മണിക്കൂറിനുള്ളിൽ കൂമ്പാര മേഘങ്ങൾ എന്ന വിഭാഗത്തിൽപ്പെട്ട മേഘങ്ങളിൽ നിന്ന് ലഭിക്കുന്ന അതിശക്ത മഴയാണ് മേഘവിസ്ഫോടനം . എന്നാൽ മേഘവിസ്ഫോടനത്തിന് കാരണമാകുന്ന കൂമ്പാരമേഘങ്ങൾ സാധാരണഗതിയിൽ കാലവർഷക്കാലത്ത് രൂപം കൊള്ളാറില്ല. ഇത്തരം മേഘങ്ങളിൽ നിന്നാണ് ഇടിയോടു കൂടിയ മഴ ലഭിക്കുന്നത്. മേഘവിസ്ഫോടനത്തിന് ഉറവിടമാകുന്നതും ഈ വിഭാഗത്തിൽപ്പെട്ട മേഘങ്ങളാണ്. മൺസൂൺ കാലത്ത് ഇത്തരം മേഘരൂപീകരണ സാദ്ധ്യത ഇല്ലെന്നുതന്നെ പറയാം. എന്നാലിപ്പോൾ ആഗസ്റ്റിലെ മഴയോടൊപ്പം ശക്തമായ ഇടിമുഴക്കം കേൾക്കുന്നു എന്നതിൽ നിന്ന് ഇത്തരം മേഘങ്ങളുടെ സാന്നിദ്ധ്യം കാലവർഷമദ്ധ്യത്തിലും സംസ്ഥാനത്ത് നിലനിൽക്കുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

അപകടമേഖലയായി അറബിക്കടൽ

സമുദ്രത്തിന്റെ ഉപരിതലത്തിൽ ചൂട് വദ്ധിച്ചിട്ടുണ്ട്. അറബിക്കടലിൽ ചുഴലിക്കാറ്റ് കേട്ടുകേൾവി പോലും ഇല്ലാത്തതാണ്. എന്നാൽ ഓഖി ചുഴലിക്കാറ്റിനു ശേഷം ഇതും സാധാരണമായി. വരും കാലങ്ങളിൽ അറബിക്കടൽ അശാന്തി നിറഞ്ഞതായി മാറുന്ന സ്ഥിതിയാണുള്ളത്. കർണ്ണാടക, ഗോവ, മഹാരാഷ്‌ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങൾക്കും അറബിക്കടലിലെ വ്യതിയാനങ്ങൾ വെല്ലുവിളി ഉയർത്തുന്നു.

ഹാവൂ, എന്തൊരു ചൂട്

സൂര്യാഘാതവുമായി ബന്ധപ്പെട്ട് 39 കേസുകൾ ഈ വർഷം ഇതിനോടകം റിപ്പോർട്ട് ചെയ്യപ്പെട്ടു. വരൾച്ച, കുടിവെള്ളക്ഷാമം തുടങ്ങി ഗുരുതരമായ വിപത്തുകളാണ് വരാനിരിക്കുന്നത്.

ജീവിതം ലളിതമാക്കാം

കാലവാസ്ഥ വ്യതിയാനത്തെ നേരിടണമെങ്കിൽ ഓരോ വ്യക്തിയും ജീവിതശൈലിയിൽ മാറ്റം വരുത്തണം. ഉപഭോഗം കുറയ്ക്കണം.

പൊതുഗതാഗതം ശീലമാക്കുക, കാലാവസ്ഥയോട് ചേർന്നു പോകുന്ന വിധത്തിലുള്ള കാർഷികരീതികൾ സ്വീകരിക്കുക, കാട്ടുതീ ഒഴിവാക്കാൻ നടപടി സ്വീകരിക്കുക, ഓരോ കാലഘട്ടത്തിലും ദുരന്തനിവാരണ സമിതി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കുക.

ലേഖകൻ മണ്ണുത്തി കാർഷിക സർവകലാശാല കാലാവസ്ഥാ വ്യതിയാന പഠന ഗവേഷണ അക്കാഡമിയിൽ ഗവേഷകനാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: WORLD CLIMATE DAY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.