SignIn
Kerala Kaumudi Online
Friday, 26 April 2024 9.56 PM IST

ശബരിമല വിമാനത്താവളം യാഥാർത്ഥ്യമാക്കാനുറച്ച് സർക്കാർ, പ്രതീക്ഷയുടെ ചിറക്..!

fly

കേന്ദ്രത്തിന്റെ എതിർപ്പുകൾ നീക്കിയെടുത്ത് ശബരിമല വിമാനത്താവളം യാഥാർത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. മദ്ധ്യകേരളത്തിലെ നാല് ജില്ലകളിലെ 20 ലക്ഷത്തിലേറെ വിദേശമലയാളി കുടുംബങ്ങൾക്കും അഞ്ചുകോടി ശബരിമല തീർത്ഥാടകർക്കും പ്രയോജനപ്പെടുന്ന വിമാനത്താവളത്തിന്റെ സാങ്കേതിക-സാമ്പത്തിക-പരിസ്ഥിതി ആഘാത പഠനങ്ങൾ തുടങ്ങാനാണ് തീരുമാനം. കുന്നും മലകളുമുള്ള ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിന് അനുയോജ്യമല്ലെന്ന് സിവിൽഏവിയേഷൻ ഡയറക്ടർ ജനറൽ സംശയമുന്നയിച്ചിരുന്നു. 3000മീറ്റർ നീളത്തിൽ റൺവേ എസ്റ്റേറ്റിൽ നിർമ്മിക്കാനാവുമെന്നും ഇതിനായി ഒ.എൽ.എസ് സർവേ തുടങ്ങിയെന്നും സർക്കാർ ഡി.ജി.സി.എയെ അറിയിച്ചിട്ടുണ്ട്. റൺവേയ്ക്കായി 3500മീറ്റർ നീളത്തിലുള്ള മൂന്ന് പ്രദേശങ്ങൾ സർവേയിൽ കണ്ടെത്തും.

മംഗളുരു, കരിപ്പൂർ എന്നിവിടങ്ങളിലേതുപോലെ അപകടകരമായ ടേബിൾടോപ്പ് റൺവേ കുന്നിടിച്ചുനിരത്തി നിർമ്മിക്കേണ്ടി വരുമെന്ന് ഡി.ജി.സി.എ ചൂണ്ടിക്കാട്ടിയിരുന്നു. ചെറുവള്ളി എസ്റ്റേറ്റിലെ ഭൂമി നിരത്തി സമതലമാക്കുമ്പോൾ കുഴികളുണ്ടാവില്ലെന്നും ടേബിൾടോപ്പ് റൺവേ വേണ്ടിവരില്ലെന്നുമാണ് സർക്കാരിന്റെ മറുപടി. 88കിലോമീറ്റർ അകലെ നെടുമ്പാശേരി, 120കിലോമീറ്ററിൽ തിരുവനന്തപുരം വിമാനത്താവളങ്ങളുള്ളതിനാൽ സിഗ്നലുകൾ കൂടിക്കലരാനിടയുണ്ടെന്ന വിമർശനം സാങ്കേതികമായി ശരിയല്ലെന്നും എയർസ്പേസ് അലോക്കേഷൻ ഡിസൈൻ സാങ്കേതികവിദ്യയുപയോഗിച്ച് ഇത് തടയാമെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 150കിലോമീറ്റർ പരിധിയിൽ പുതിയ വിമാനത്താവളങ്ങൾ പാടില്ലെന്ന നിബന്ധനയെ, മംഗളുരു, കരിപ്പൂർ വിമാനത്താവളങ്ങൾക്കിടയിൽ കണ്ണൂരിൽ പുതിയ വിമാനത്താവളം അനുവദിച്ചത് ചൂണ്ടിക്കാട്ടിയാണ് കേരളം എതിർത്തത്.

ചെറുവള്ളി എസ്റ്രേറ്റ് വിമാനത്താവളത്തിന് അനുയോജ്യമാണെന്ന സൈറ്റ് റിപ്പോർട്ട്, പദ്ധതിരേഖയ്ക്ക് അംഗീകാരം, പാരിസ്ഥിതിക അനുമതി എന്നിവ കേന്ദ്രസർക്കാർ നൽകേണ്ടതുണ്ട്. സൈറ്റ് ക്ലിയറൻസ് നടത്തുന്നതിൽ എതിർപ്പില്ലെന്ന് വ്യോമസേന അറിയിച്ചിട്ടുണ്ട്. സാമൂഹ്യ ആഘാത പഠനം, മണ്ണുപരിശോധന തുടങ്ങിയ നിരവധി കടമ്പകളുമുണ്ട്. ഭൂമിയേറ്റെടുക്കലിനും പ്രാരംഭപ്രവർത്തനങ്ങൾക്കും സിയാൽ മോഡൽ കമ്പനി രൂപീകരിക്കും. സംസ്ഥാനം മുൻഗണന നൽകുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണിത്. 2017ലാണ് സാങ്കേതിക-സാമ്പത്തിക-പരിസ്ഥിതി ആഘാത പഠനത്തിനും കേന്ദ്രാനുമതി നേടിയെടുക്കാനുമായി ലൂയ് ബഗ്ർ കൺസൾട്ടൻസിക്ക് 4.6കോടിയുടെ കരാർ നൽകിയത്. 2018ൽ ചെറുവള്ളി എസ്റ്റേറ്റിലെത്തി പരിശോധിക്കാതെ ഡിജിറ്റൽ സർവേയിലൂടെ കേന്ദ്രത്തിന് നൽകാനുള്ള 38പേജുള്ള പഠനറിപ്പോർട്ട് അമേരിക്കൻ കമ്പനി തയ്യാറാക്കി. ചെലവ് ഒരുകോടി രൂപ. 2020ൽ ഡിജിറ്റൽ ഭൂരേഖകളും ഉപഗ്രഹ ചിത്രങ്ങളും ഉപയോഗിച്ചുണ്ടാക്കിയ റിപ്പോർട്ട് കൺസൾട്ടൻസിയുടെ ഒപ്പുപോലുമില്ലാതെ കേന്ദ്രത്തിനയച്ചു. 2021ൽ പഠനറിപ്പോർട്ട് വിശ്വാസയോഗ്യമല്ലെന്നും ടേബിൾടോപ്പ് റൺവേയ്ക്ക് അനുമതി നൽകാനാവില്ലെന്നും ഡി.ജി.സി.എ എതിർപ്പുന്നയിച്ചു. ഇതിന് മറുപടി നൽകി എതിർപ്പുകൾ നീക്കിയെടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ സർക്കാർ നടത്തുന്നത്.

പദ്ധതി പ്രദേശത്തിന്റെ ഉടമസ്ഥതാവകാശം സംബന്ധിച്ച തർക്കം കോടതിയിലാണെങ്കിലും പാരിസ്ഥിതികാഘാത പഠനം ഉൾപ്പെടെയുള്ള മറ്റു നടപടകളുമായി സർക്കാർ മുന്നോട്ടു പോകും. സിവിൽ കേസ് വേഗത്തിലാക്കി ഉടമസ്ഥാവകാശ തർക്കം പരിഹരിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. പദ്ധതിയുടെ സാദ്ധ്യതാ പഠനത്തിനും വിശദമായ പദ്ധതി രേഖയ്ക്കുമായി ബഡ്ജറ്റിൽ രണ്ട് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പദ്ധതി സംബന്ധിച്ച് കേന്ദ്രസർക്കാർ ചോദിച്ച ചില കാര്യങ്ങളിൽ വ്യക്തത വരുത്തി വിശദമായ റിപ്പോർട്ട് ഉടനെ സമർപ്പിക്കും. റൺവേയുടെ നീളമാണ് ഇതിൽ പ്രധാനം. സംസ്ഥാന സർക്കാർ സമർപ്പിച്ച പ്രാഥമിക പദ്ധതി രേഖയിൽ റൺവേയുടെ നീളം 2.7 കിലോമീറ്റായിരുന്നു. എന്നാൽ, അന്താരാഷ്ട്ര വിമാനത്താവളത്തിന് ആവശ്യമായ റൺവേയുടെ കുറഞ്ഞ നീളം 3.2 കിലോമീറ്ററാണ്. തിരുവനന്തപുരം, നെടുമ്പാശേരി വിമാനത്താവളങ്ങളിലേതു പോലെ 3.4 കിലോമീറ്റർ റൺവേ ശബരിമല വിമാനത്താവളത്തിന് വേണ്ടിവരും. ഇതിനായി വീണ്ടും സർവേ നടത്തി റൺവേയുടെ ദിശയിൽ മാറ്റം വരുത്തും.

എന്തിനാണ് ഇനിയും വിമാനത്താവളം

ഈ ചോദ്യത്തിനുള്ള ഉത്തരമാണ് നമ്മുടെ ബാങ്കുകളിൽ പ്രവാസി നിക്ഷേപമായി കഴിഞ്ഞവർഷം എത്തിയ 2.27ലക്ഷം കോടി രൂപ. ഗൾഫ് രാജ്യങ്ങളിൽ മാത്രം 40ലക്ഷത്തോളം മലയാളികളുണ്ട്. അമേരിക്കയിലും കാനഡയിലും ആസ്ട്രേലിയയിലും എന്നു വേണ്ട ലോകത്താകെ വ്യാപിച്ചുകിടക്കുകയാണ് പ്രവാസി മലയാളികൾ. കാര്യമായ വ്യവസായങ്ങളോ വരുമാന മാർഗങ്ങളോ ഇല്ലാത്ത കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് വിദേശ മലയാളികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണമാണ്. മദ്ധ്യകേരളത്തിലെ നാല് ജില്ലകളിലെ 20 ലക്ഷത്തിലേറെ വിദേശമലയാളി കുടുംബങ്ങൾക്ക് സൗകര്യപ്രദമായ യാത്രാസൗകര്യമൊരുക്കാനാണ് ശബരിമല വിമാനത്താവളം നിർമ്മിക്കാൻ സർക്കാർ പദ്ധതിയിട്ടത്. പ്രതിവർഷം ശബരിമലയിലെത്തുന്ന അഞ്ചു കോടി തീർത്ഥാടകർക്കു കൂടി ഉപകാരപ്പെടുന്ന വിധത്തിൽ എരുമേലിക്ക് അഞ്ച് കിലോമീറ്റർ മാത്രം അകലെയാണ് നിർദ്ദിഷ്ട വിമാനത്താവളം.

ചെലവുകൾ ഇങ്ങനെ

വിമാനത്താവളത്തിന് 2250കോടി ചെലവുണ്ടാവുമെന്നാണ് സാദ്ധ്യതാ പഠന റിപ്പോർട്ടിലുള്ളത്. ഭൂമിയേറ്റെടുക്കാൻ 570കോടി വേണം. മലകളും ഗർത്തങ്ങളുമുള്ള എസ്റ്റേറ്റ് നിരപ്പാക്കിയെടുക്കാൻ 723കോടി ചെലവിടണം. 2700മീറ്റർ നീളത്തിൽ റൺവേയുണ്ടാക്കാനാണ് പദ്ധതി. 2030ൽ 24.5ലക്ഷവും 2050ൽ 64.2ലക്ഷവും യാത്രക്കാരുണ്ടാവും. 60വർഷം കൊണ്ട് വിമാനത്താവളം ലാഭകരമാവും. 2025ൽ 52കോടിയും 2050ൽ 524കോടിയുമാണ് പ്രവർത്തന ചെലവ്. 2025ൽ 122കോടി, 2050ൽ 1662കോടി എന്നിങ്ങനെയാവും വരുമാനം. 2035ഓടെ ആദ്യഘട്ട നിർമ്മാണവും 2048ഓടെ രണ്ടാംഘട്ട നിർമ്മാണവും പൂർത്തിയാക്കാനാവുമെന്നും അമേരിക്കൻ കമ്പനി ലൂയി ബഗ്ർ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.

"നാട് ആഗ്രഹിക്കുന്ന പദ്ധതിയാണിത്. ഏത് പഠനത്തിലും ചോദ്യങ്ങളുണ്ടാവുക സ്വാഭാവികമാണ്. ഇതേച്ചൊല്ലി പ്രത്യേക ആശങ്ക വേണ്ട. മറുപടി നൽകുമ്പോൾ പ്രശ്നം അവസാനിക്കും"

-പിണറായി വിജയൻ

മുഖ്യമന്ത്രി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SABARIMALA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.