കായംകുളം: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരു വോട്ടിന് തോറ്റ സ്ഥാനാർത്ഥിക്ക് കോടതി നിർദ്ദേശത്തെ തുടർന്ന് ടെൻഡർ വോട്ടെണ്ണിയപ്പോൾ വിജയം. കായംകുളം നഗരസഭ 39 ാം വാർഡിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷീബാ ഷാനവാസ് വിജയിച്ചത്. തുല്യവോട്ട് വന്നതോടെ നറുക്കെടുക്കുകയായിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി നസീമ ഷംസുദ്ദീൻ ഒരു വോട്ടിന് വിജയിച്ചതായി റിട്ടേണിംഗ് ഓഫീസർ പ്രഖ്യാപിച്ചിരുന്നു. നസീമയ്ക്ക് 433 വോട്ടും ഷീബയ്ക്ക് 432 വോട്ടും ലഭിച്ചു. തുടർന്ന് റീകൗണ്ടിംഗിനായി ഷീബ കായംകുളം മുൻസിഫ് കോടതിയെ സമീപിച്ചു. കോടതി നിർദ്ദേശ പ്രകാരം ഒരു ടെൻഡർ വോട്ട് എണ്ണിയപ്പോൾ അത് ഷീബയ്ക്ക് ലഭിച്ചു. ഇതോടെ ഇരുവർക്കും തുല്യവോട്ടായി. തുടർന്ന് നറുക്കെടുത്തപ്പോൾ ഷീബയ്ക്ക് അനുകൂലമായി. കായംകുളം മുൻസിഫ് എ.ഷാനവാസിന്റെ മേൽനോട്ടത്തിലായിരുന്നു നടപടികൾ. ജില്ലാ കോടതിയിൽ അപ്പീൽ നൽകുമെന്ന് നസീമയുടെ അഭിഭാഷകൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |