SignIn
Kerala Kaumudi Online
Friday, 20 September 2024 4.22 PM IST

റവന്യൂ; കുരുക്കഴിക്കാൻ ഒരുക്കം

Increase Font Size Decrease Font Size Print Page

k-rajan

അടുത്ത നാലുവർഷം കൊണ്ട് റവന്യൂ വകുപ്പിന് ഭാവനാത്മകമായ നവീനമുഖം നൽകാനുള്ള പരിശ്രമത്തിലാണ് വകുപ്പുമന്ത്രി കെ.രാജൻ. ജനങ്ങൾക്ക് വേഗത്തിൽ സേവനം എത്തിക്കുന്നതിനൊപ്പം ശീലമായിപ്പോയ തെറ്റായ പ്രവണതകളെ ദൂരീകരിച്ച്, നടപടിക്രമങ്ങൾ ലഘൂകരിക്കാനുള്ള പദ്ധതികളാണ് വകുപ്പ് ആവിഷ്കരിക്കുന്നത്. മുഖം മാറ്റത്തിനായി തയ്യാറാക്കുന്ന പദ്ധതികളെക്കുറിച്ച് അദ്ദേഹം 'കേരളകൗമുദി'യോട് സംസാരിക്കുന്നു. ഒപ്പം സിൽവർ ലൈനുമായി ബന്ധപ്പെട്ട് വകുപ്പിന്റെ നിലപാടും വ്യക്തമാക്കുന്നു.

?ഭൂമി തരംമാറ്റ ആശങ്കകൾ

ഭൂമി തരംമാറ്റം ഈ സർക്കാരിന്റെ ഉത്പന്നമല്ല. തിരഞ്ഞെടുപ്പ് സമയത്ത് പുതിയ ഉത്തരവിറക്കി. 25 സെന്റ് വരെയുള്ളവർക്ക് ഭൂമി തരംമാറ്റത്തിന് ഒരു പൈസയും കൊടുക്കേണ്ട. അതോടെ എല്ലാവരും ഓടിച്ചെന്ന് അപേക്ഷ കൊടുത്തു. ഇതാണ് ഒരു ലക്ഷത്തിന് മേൽ അപേക്ഷകൾ കെട്ടിക്കിടക്കാൻ കാരണം. ഇത് പരിഹരിക്കാൻ എസ്.ഒ.പി തയ്യാറാക്കി. ആറുമാസത്തിനുള്ളിൽ എല്ലാ അപേക്ഷകളും തീർപ്പാക്കാൻ പ്രത്യേക ഡ്രൈവ് തുടങ്ങി. ഇതോടെ ഏജന്റുമാരുടെ ശല്യമൊഴിവാക്കാം. നടപടികൾ ഓൺലൈനാക്കിയതോടെ ഓരോ ദിവസത്തെയും പുരോഗതി മന്ത്രിക്കുൾപ്പെടെ നേരിട്ട് നിരീക്ഷിക്കാനാവും.

? പ്രധാന പരിഷ്കാരങ്ങൾ

വകുപ്പ് പ്രവർത്തനങ്ങൾ മിഷൻ മോഡിൽ തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നത്. ഭൂപരിഷ്കരണ നിയമം അമ്പത് വർഷം പിന്നിടുകയാണ്. ഭൂപരിഷ്കരണത്തിന് ശേഷമുള്ള അരനൂറ്റാണ്ട് കണക്കിലെടുത്ത് ആളുകളെ ഭൂമിയുടെ ഉടമകളാക്കി മാറ്രുകയാണ് ലക്ഷ്യം. ഒരു തണ്ടപ്പേരില്ലാത്ത എല്ലാവർക്കും ഭൂമി അനുവദിക്കുകയാണ് ആശയം.

എല്ലാ മണ്ഡലങ്ങളിലും എം.എൽ.എമാരോടു കൂടി ആലോചിച്ച് 'പട്ടയം ഡാഷ് ബോർഡ് ' പദ്ധതി ആലോചിക്കുന്നു. വകുപ്പുകളുടെ കൈവശമുള്ള വ്യത്യസ്തതരം ഭൂമി സർക്കാരിലേക്ക് എടുത്ത് പട്ടയമാക്കി മാറ്രാനുള്ള നടപടിയാണ് ആലോചിക്കുന്നത്. വൈദ്യുതി, ജലസേചന വകുപ്പുകളുമായി ചർച്ചനടത്തി. തദ്ദേശ സ്വയംഭരണ വകുപ്പിനും കത്തുനൽകി.

ഭൂമി കൈവശമുള്ളവർക്കൊപ്പം ഭൂരഹിതരായ മുഴുവൻ പേർക്കും പട്ടയം നൽകുകയാണ്. ഭൂരഹിതരെ കണ്ടെത്താനാണ് പട്ടയം ഡാഷ്ബോർഡ് രൂപീകരിക്കുന്നത്. ഭൂപരിഷ്കരണ നിയമത്തിന്റെ അന്തഃസത്തയ്ക്ക് കോട്ടം വരാതെയാകും നിയമനിർമ്മാണം. കൈവശം ഭൂമിയുള്ളവർക്ക് പട്ടയവിതരണം വേഗത്തിലാക്കും. ലാൻഡ് ട്രിബ്യൂണലുകളെ ശാക്തീകരിക്കണം. താലൂക്ക് ലാൻഡ് ബോർഡിൽ 2198 കേസുകളാണ് കെട്ടിക്കിടക്കുന്നത്. ലാൻഡ് ട്രിബ്യൂണലുകളിൽ ഒരു ലക്ഷത്തിലേറെ കേസുകളും. കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ നടപടി സ്വീകരിക്കും. വൻകിടക്കാർ കൈവശംവച്ചിട്ടുള്ള ഭൂമിസംബന്ധമായ കേസുകളും വേഗത്തിൽ തീർപ്പാക്കും.

? ‌‌ഡിജിറ്റൽ റീസർവെ നടപടികൾ എത്രത്തോളമായി.

റീസർവേ ഏറെക്കാലമായുള്ള ആവശ്യമാണ്. അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാനാണ് ഡിജിറ്റൽ റീസർവേ. 89 വില്ലേജുകളിൽ ഇ.ടി.എസ് സംവിധാനത്തിലുള്ള റീസർവേയാണ് നടത്തിയത്. 27 സ്ഥലങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നു.1550 വില്ലേജുകളിലാണ് നാലുവർഷം കൊണ്ട് സമ്പൂർണ്ണ ഡിജിറ്റൽ റീസർവേ ഉദ്ദേശിക്കുന്നത്. കോർസ് (കണ്ടിന്യുവസ്ലി ഓപ്പറേറ്റിംഗ് റഫറൻസ് സ്റ്റേഷൻ)പോലുള്ള പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാവും നടത്തുക. 28 കോർസ് സ്റ്റേഷനുകൾ സ്ഥാപിക്കും. സുതാര്യവും വേഗതയേറിയതുമായ സംവിധാനമാണിത്. 10 ശതമാനം സ്ഥലങ്ങളിൽ ഡ്രോൺ സംവിധാനവും ഉപയോഗിക്കും. കോർസ് സ്റ്റേഷൻ സ്ഥാപിക്കാനും ഡ്രോൺ സർവേയ്ക്കും സെൻട്രൽ സർവേ ഒഫ് ഇന്ത്യയുടെ സഹായം ലഭിക്കും. ജീവനക്കാരും തൊഴിലാളികളുമായി 5000 ത്തോളം പേരെ എംപ്ളോയ്മെന്റ് എക്സേഞ്ചുകൾ വഴി നിയമിക്കും. റീബിൽഡ് കേരള ഇനിഷ്യേറ്റീവിലുൾപ്പെടത്തി 807കോടിയുടെ ഭരണാനുമതി നൽകി. 339.48 കോടി ആദ്യഘട്ടത്തിലേക്ക് അനുവദിച്ചു.

? യൂണിക് തണ്ടപ്പേർ സംവിധാനത്തിന്റെ പുരോഗതി

സംസ്ഥാനത്ത് 1.40 കോടി തണ്ടപ്പേരുകളുണ്ട്. 3.5 കോടിയാണ് ജനസംഖ്യ. തണ്ടപ്പേര് രേഖപ്പെടുത്താത്തവരും ഉണ്ടാവും. ഇതിന് വിവരസാങ്കേതിക മന്ത്രാലയം പ്രത്യേക അനുമതി നൽകിയിട്ടുണ്ട്. പരിധിവിട്ടുള്ള ഭൂമി കൈവശംവയ്ക്കൽ ഇതോടെ അവസാനിക്കും. ഓരോരുത്തരുടെയും ഭൂമിയുടെ സ്ഥാനവും സ്വഭാവവും സൂക്ഷിക്കാൻ സർക്കാരിനെ ചുമതലപ്പെടുത്തുന്ന വിധത്തിലേക്ക് മാറും.

? വില്ലേജ് ഓഫീസുകളുടെ പ്രവർത്തനങ്ങൾ അത്ര സുഗമമല്ലല്ലോ.

വകുപ്പിന്റെ പടിവാതിലായ വില്ലേജ് ഓഫീസുകൾ സ്മാർട്ടാക്കും. 502 വില്ലേജ് ഓഫീസുകളാണ് കണ്ടെത്തിയിട്ടുള്ളത്. ബാക്കി ചിലത് മെയിന്റനൻസ് നടത്തേണ്ടതും പുതിയ കെട്ടിടം വേണ്ടതുമാണ്. 44 ലക്ഷം വീതം ചെലവഴിച്ചാണ് ആധുനിക വില്ലേജ് ഓഫീസുകൾ വരിക. കമ്പ്യൂട്ടർ, പ്രിന്റർ അടക്കം സൗകര്യങ്ങൾ. സമ്പൂർണമായി ഡിജിറ്റലൈസ് ചെയ്യും. വില്ലേജ് ഓഫീസുകളെ ജനകീയവത്കരിക്കാൻ വില്ലേജ് തല ജനകീയസമിതികൾ രൂപീകരിച്ചിട്ടുണ്ട്.

?റവന്യൂ സെക്രട്ടേറിയറ്റ് കൊണ്ടുദ്ദേശിക്കുന്നത്.

റവന്യൂ സെക്രട്ടേറിയറ്റ് പുതിയ ആശയമാണ്. നിയമക്കുരുക്കുകളും ജോലി ബാഹുല്യവുമുള്ള വകുപ്പാണ് റവന്യൂ. നടന്നുകൊണ്ടിരിക്കുന്ന മൊത്തം പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ബന്ധപ്പെട്ട നിയമങ്ങളോ ചട്ടങ്ങളോ പരിശോധിക്കാനുമുള്ള റവന്യൂ സെക്രട്ടേറിയറ്റിന്റെ അദ്ധ്യക്ഷൻ വകുപ്പുമന്ത്രിയാണ്. എല്ലാ ബുധനാഴ്ചയും ക്യാബിനറ്റു പോലെ യോഗം ചേരും. സങ്കീർണ്ണമായ പ്രശ്നങ്ങളിൽ പരിഹാരമുണ്ടാക്കും. റവന്യൂ, ദുരന്തനിവാരണം, ഹൗസിംഗ്,സർവേ അടക്കമുള്ള വകുപ്പുകളിലെ പ്രതിനിധികൾ അടങ്ങിയതാണിത്.

?മറ്റ് പുതിയ പദ്ധതികൾ

ജീവനക്കാരുടെ കായിക, കലാവാസനകളെ പോഷിപ്പിക്കാൻ റവന്യൂകലോത്സവം സംഘടിപ്പിക്കും. മേയിൽ തൃശ്ശൂരിൽ സംസ്ഥാന കലോത്സവം നടക്കും. മുന്നോടിയായി ജില്ലാതല കലോത്സവം.

വകുപ്പിന് തിരുവനന്തപുരത്ത് റവന്യൂഭവൻ എന്ന പേരിൽ ആസ്ഥാനമന്ദിരം നിർമിക്കും. ഉറങ്ങിക്കിടന്ന ഐ.എൽ.ഡി.എം (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്) സജീവമാക്കും. 'ഭൂമിക' എന്നപേരിൽ പുതിയ മാഗസിനും യുട്യൂബ് ചാനലും തുടങ്ങും. ഇതിനെ സെന്റർ ഓഫ് എക്സലൻസ് ആക്കാൻ മൂന്ന് എം.ബി.എ കോഴ്സുകൾ അടുത്ത അദ്ധ്യയനവർഷം ആരംഭിക്കും. ഭൂമിയും ഡിസാസ്റ്റർ മാനേജ്മെന്റുമായും ബന്ധപ്പെട്ടായിരിക്കും കോഴ്സുകൾ.

സ്റ്റേറ്ര് നിർമ്മിതി കേന്ദ്രത്തിന്റെ ഭാഗമായി ഇന്ത്യയിലാദ്യമായി നാഷണൽ ഹൗസ് പാർക്ക് വരുന്നു. രണ്ടുകോടി അനുവദിച്ചു. കേന്ദ്ര സർക്കാരുമായി ആലോചിച്ചാണ് നടപ്പാക്കുന്നത്. ചെറിയ ബഡ്ജറ്റിലുള്ള 20 ഓളം വ്യത്യസ്ത വീടുകളുടെ നിർമ്മിതി മാതൃകകൾ ഒരേസ്ഥലത്ത് പ്രദർശിപ്പിക്കും. ഏഴേക്കറിലായിരിക്കും പാർക്ക്. വകുപ്പുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളും ഇ - ഓഫീസുകളാക്കും. വയനാട് ,കോഴിക്കോട് ജില്ലകളിൽ ഇത് നടപ്പാക്കി. കളക്ട്രേറ്ര് മുതൽ വില്ലേജ് ഓഫീസ് വരെ ഏജന്റുമാരുടെ ഇടപെടൽ ഒഴിവാക്കാം. ഓൺലൈനായി കാര്യങ്ങൾ ചെയ്യാം,​ രേഖകൾ നഷ്ടപ്പെടാതെ സൂക്ഷിക്കാം ഇതെല്ലാമാണ് മേന്മകൾ. റവന്യൂ ഉദ്യോഗസ്ഥർക്ക് നിയമങ്ങളിലുള്ള അജ്ഞത ഒഴിവാക്കാൻ റവന്യൂ വിദ്യാഭ്യാസം നിർബന്ധിതമാക്കും. വില്ലേജ് ഓഫീസറായും തഹസീൽദാറായും സ്ഥാനക്കയറ്റം കിട്ടുന്നവർ നിശ്ചിതകാലയളവിൽ വില്ലേജ് തലത്തിൽ ജോലി ചെയ്തിരിക്കണമെന്നത് നിർബന്ധമാക്കും.

പരാതി കേട്ടശേഷമേ

ഭൂമി ഏറ്റെടുക്കൂ

ലിഖിതമായ നിയമങ്ങൾക്കനുസൃതമായേ ഏതു പദ്ധതിക്കും സ്ഥലമേറ്റെടുക്കാനാവൂ എന്ന് മന്ത്രി രാജൻ . ഇക്കാര്യത്തിൽ റവന്യൂ വകുപ്പ് സർവീസ് ഏജൻസി മാത്രമാണ്. സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഏജൻസി അപേക്ഷ നൽകിയാൽ ആദ്യമായി സാമൂഹികാഘാത പഠനമാണ് നടത്തേണ്ടത്. അതിന് അതിരടയാളങ്ങൾ വേണം. ശേഷം പൊതുജനങ്ങളുടെ അഭിപ്രായങ്ങളും പരാതികളും കേൾക്കും. ഇതിന്റെ അടിസ്ഥാനത്തിൽ കിട്ടുന്ന റിപ്പോർട്ടനുസരിച്ച് അലൈൻമെന്റിൽ എന്തെങ്കിലും ഭേദഗതി വരുത്തണമെങ്കിൽ അതും കഴിഞ്ഞാണ് ഭൂമി ഏറ്റെടുക്കലിന് നോട്ടിഫിക്കേഷൻ നടത്തുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: K RAJAN, REVENUE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.