SignIn
Kerala Kaumudi Online
Friday, 26 April 2024 9.12 AM IST

ദാഹമകറ്റാൻ വേണം 500 ദശലക്ഷം ലിറ്റർ, കിട്ടുന്നത് പാതി മാത്രം

1

തൃശൂർ: ദാഹം അകറ്റാൻ ജില്ലയ്ക്ക് വേണ്ടത് പ്രതിദിനം 500 ദശലക്ഷം ലിറ്റർ അധികം ജലം. എന്നാൽ ലഭിക്കുന്നത് 250 ദശലക്ഷം ലിറ്റർ ജലം മാത്രം. കേന്ദ്ര പദ്ധതികളിൽ പ്രതിദിന ആളോഹരി വിഹിതം നേരത്തെ 40 ലിറ്റർ എന്നത് ഇപ്പോൾ 70 ലിറ്ററാക്കി. എന്നാൽ 100 ലിറ്റർ ജലമാണ് കേരളം നൽകുന്നത്. വാട്ടർ അതോറിറ്റി പദ്ധതികളിൽ ഗ്രാമപ്രദേശങ്ങളിൽ 100 ലിറ്ററാണ് പ്രതിദിന ആളോഹരി വിഹിതം. നഗരങ്ങളിത് 150 ലിറ്ററുമാണ്.

വേനൽമഴ കനിഞ്ഞാൽ പ്രശ്‌നത്തിന് പരിഹാരമാകുമെങ്കിലും അടുത്തിടെ വന്ന ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും ജില്ലയ്ക്ക് ഗുണകരമായില്ല. അതേസമയം പദ്ധതികളും കണക്‌ഷനുകളും കൂടുന്നതിനനുസരിച്ച് ജലസ്രോതസുകൾ വർദ്ധിക്കുന്നില്ലെന്നതും പ്രശ്നമാകുന്നുണ്ട്. വാട്ടർ അതോറിറ്റി പദ്ധതികൾക്കൊപ്പം ജൽജീവൻ മിഷൻ പദ്ധതി കൂടി വന്നതോടെ വിതരണത്തിനുള്ള ജലം തികയാതെ വരുന്നുണ്ട്.

ജലാവശ്യം ജില്ലയിൽ കൂടുതലാണ്. വിവിധ മേഖലകളിലെ ഭൂഗർഭ ജലവും താഴുന്നുണ്ട്. ജില്ലാ ഭൂഗർഭ ജല വിഭാഗം നടത്തിയ പരിശോധനയിലാണ് ജലവിതാനം കുറയുന്നത് കണ്ടെത്തിയത്. കഴിഞ്ഞയാഴ്ച ജലമന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ നടന്ന യോഗത്തിൽ ജല വിതരണത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരുന്നു.

പദ്ധതികൾ നൂറിനടുത്ത്

94 ജല അതോറിറ്റി പദ്ധതികളാണ് ജില്ലയിലുള്ളത്. മൊത്തം 2.4 ലക്ഷം കണക്‌ഷനുകളുമുണ്ട്. 2020 മുതൽ തുടങ്ങിയ കേന്ദ്രസർക്കാരിന്റെ ജൽജീവൻ മിഷൻ പദ്ധതിയിൽ ഇതുവരെ 68,000 പേർക്ക് കണക്‌ഷൻ നൽകിക്കഴിഞ്ഞു. ജൽജീവൻ മിഷൻ പദ്ധതിയിൽ പ്രതിദിന ആളോഹരി വിഹിതം 55 ലിറ്റർ ആണെങ്കിലും കേരളത്തിലിത് 100 ലിറ്ററാണ് നൽകുന്നത്.

നാട്ടിക ഫർക്കയിൽ 2020ൽ കരാർ നൽകിയ പദ്ധതി പ്രവർത്തനങ്ങൾ തടസപ്പട്ടിരിക്കുകയാണ്. പൈപ്പിന്റെ അടക്കം വിലകൂടിയതിനാൽ കരാർ അനുസരിച്ച് പണി നടത്താനാകില്ലെന്നാ കരാറുകാരന്റെ വാദം. ഇതുപ്രകാരം കരാറുകാരനെ നഷ്‌ടോത്തരവാദിയാക്കി വീണ്ടും കരാർ വിളിക്കുന്ന നടപടിയാണ് നാട്ടികയിൽ പുരോഗമിക്കുന്നത്.

സ്രോതസുകൾ പഴയപടി

ഭാരതപ്പുഴയും ചാലക്കുടി, മണലി, കുറുമാലി പുഴകളും പീച്ചി ഡാമുമാണ് ജില്ലയുടെ പ്രധാന ജലസ്രോതസ്. ഭാരതപുഴ ഒഴികെ ബാക്കി സ്രോതസുകളിൽ ജലം ആവശ്യത്തിന് ലഭ്യമാണ്. ഭാരതപ്പുഴയലിലെ ജലദൗർബല്യം വടക്കാഞ്ചേരി കുടിവെള്ള പദ്ധതിയെ ബാധിക്കുന്നുണ്ട്. മലമ്പുഴ ഡാമിൽ നിന്നും ജലം ലഭിക്കുന്നതോടെ പ്രശ്‌നത്തിന് പരിഹാരമാകും. ഈ ആവശ്യം ഉന്നയിച്ച് ഡാം അധികൃതർക്ക് കത്ത് നൽകിയിരിക്കുകയാണ് ജില്ലാ ഭരണകൂടം.

ദുരുപയോഗം വർദ്ധിക്കുന്നു

കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോൾ വാഹനം കഴുകാനും ചെടി നനയ്ക്കാനും മറ്റിതര ആവശ്യങ്ങൾക്കും വെള്ളം ഉപയോഗിക്കുന്നത് വർദ്ധിക്കുന്നുണ്ട്. ദുരുപയോഗം ഇല്ലാതാക്കിയാൽ തന്നെ പ്രശ്‌നപരിഹാരമാകും. ജല ഉപഭോഗത്തിൽ ബോധവത്കരണമാണ് വേണ്ടതെന്ന നിലപാടാണ് അധികൃതർക്കുള്ളത്. ഒപ്പം പൈപ്പുലൈനുകളിൽ വെള്ളം മോഷ്ടിക്കുന്നതും ഒഴിവാക്കേണ്ടതുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.