SignIn
Kerala Kaumudi Online
Saturday, 21 September 2024 4.44 AM IST

നിയമത്തിനേ കണ്ണും കാതും ഇല്ലാതുള്ളൂ

Increase Font Size Decrease Font Size Print Page
photo

ബാങ്ക് വായ്‌പ ഈടാക്കാൻ പ്രായപൂർത്തിയാകാത്ത കുട്ടികളെ പുറത്താക്കി വീട് ജപ്തിചെയ്ത സംഭവത്തിന് രാഷ്ട്രീയനിറം ലഭിക്കുന്നത് സ്വാഭാവികമാണ്. മൂവാറ്റുപുഴ പായിപ്ര പേഴയ്ക്കാപ്പിള്ളി വലിയപറമ്പിൽ അജേഷിന്റെ കുടുംബത്തിനാണ് നടപടി നേരിടേണ്ടിവന്നത്. അജേഷും ഭാര്യയും എറണാകുളത്ത് ചികിത്സയിൽ കഴിയുമ്പോഴാണ് മൂവാറ്റുപുഴ അർബൻ ബാങ്ക് അധികൃതർ നിഷ്‌കരുണം കുട്ടികളെ പുറത്തുനിറുത്തി ജപ്തിനടപടികൾ പൂർത്തിയാക്കി സ്ഥലംവിട്ടത്.

ദളിത് വിഭാഗത്തിൽപ്പെട്ട അജേഷ് നാലുവർഷം മുൻപ് ചികിത്സാ ആവശ്യത്തിനായി ഒരുലക്ഷം രൂപ കടമെടുത്തിരുന്നു. അജേഷിനെപ്പോലുള്ളവരുടെ കുടുംബങ്ങൾ കൊവിഡ് കാലത്ത് നേരിടേണ്ടിവന്ന സാമ്പത്തിക പരാധീനതകളെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ല. വായ്പ തിരിച്ചടയ്ക്കാൻ വൈകിയപ്പോൾ ബാങ്കുകാർ കോടതി വഴി പ്രതിവിധി തേടി. വായ്പ മുടക്കുന്നവരെ പൂട്ടാൻ 'സർഫാസി" നിയമവും ഉണ്ടല്ലോ. നിയമത്തിന് കണ്ണും കാതുമില്ലെന്ന് പറയുന്നത് എത്രയോ ശരി. പ്രശ്നം നിർദ്ധന ദളിത് കുടുംബത്തിന്റേതാകുമ്പോൾ അവശ്യം പാലിക്കേണ്ട മാനുഷിക പരിഗണനകളുണ്ട്. അർബൻ ബാങ്ക് മറന്നത് അത്തരം മര്യാദകളാണ്.

ബാങ്ക് ഉദ്യോഗസ്ഥർ കുട്ടികളെ പുറത്താക്കി വീടു മുദ്ര‌വച്ച് ജപ്തി നടപടി പൂർത്തിയാക്കിയത് വലിയ രാഷ്ട്രീയ വിവാദമായപ്പോഴാണ് ബാങ്കിന് ബോധം വന്നത്. പൂട്ടി മുദ്രവച്ച വീട് പ്രതിപക്ഷ എം.എൽ.എ മാത്യു കുഴൽനാടൻ ബലമായി തുറന്ന് കുട്ടികളെ വീട്ടിൽ കയറ്റുകയായിരുന്നു. അജേഷിന്റെ കടബാദ്ധ്യത താനേറ്റെടുക്കുമെന്നു പ്രഖ്യാപനവും നടത്തി. ഈ രാഷ്ട്രീയക്കളി മനസിലായതുകൊണ്ടാകാം ബാങ്ക് ജീവനക്കാരുടെ സംഘടനയുടെ പ്രസ്താവന ഉടനെ വന്നു. കടബാദ്ധ്യത പൂർണമായും സംഘടന അടച്ചുതീർത്തു എന്നായിരുന്നു ബാങ്ക് ചെയർമാന്റെ അറിയിപ്പ്. അജേഷും ഭാര്യയും ആശുപത്രിയിലാണെന്ന് അറിയാതെയാണ് ബാങ്ക് ജപ്തിയുമായി മുന്നോട്ടുപോയതെന്ന് വിശദീകരണവും നൽകി.

തുണ്ടുഭൂമിയിൽ കഴിയുന്ന ദരിദ്രകുടുംബങ്ങളെ ജപ്തിയുടെ പേരിൽ ഇറക്കിവിടേണ്ട ഒഴിച്ചുകൂടാൻ വയ്യാത്ത സാഹചര്യമുണ്ടായാൽ അവർക്ക് മറ്റൊരു കിടപ്പാടം ഉറപ്പാക്കിയിട്ടേ അറ്റകൈ പ്രയോഗിക്കാവൂ എന്ന് സർക്കാർ നിർദ്ദേശമുള്ളതാണ്.

സമ്പത്തും പിടിപാടുമുള്ളവരുടെ വൻ വായ്പകൾ കുടിശികയായാലും സാധാരണഗതിയിൽ നടപടികളൊന്നും ഉണ്ടാകാറില്ല. എന്നാൽ ഒന്നോ രണ്ടോ അഞ്ചോ ലക്ഷം രൂപ വായ്പ എടുക്കുന്നവരുടെ ജാമ്യവസ്തു പിടിച്ചെടുക്കാൻ വലിയ ഉത്സാഹമാണ്. ഭൂരിപക്ഷംപേരും വായ്പ തിരിച്ചടയ്ക്കണമെന്ന് ആഗ്രഹമുള്ളവർ തന്നെയാകും. അന്യരുടെ മുമ്പിൽ കടക്കാരായി നിൽക്കുന്നത് ഇഷ്ടപ്പെടാത്തവരാകും അധികവും.

നിസാര തുകയുടെ പേരിൽ കിടപ്പാടം ജപ്തിചെയ്ത് കുടുംബത്തെ തെരുവിലേക്കിറക്കിവിടുന്നത് ഹൃദയഭേദകം തന്നെയാണ്. ഇത്തരം നടപടികൾ സർക്കാർ വിലക്കിയിട്ടുണ്ടെങ്കിലും ബാങ്കുകൾ കുടിശിക ഈടാക്കാൻ ജപ്തിയിലേക്കു നീങ്ങാറുണ്ട്. അർബൻ ബാങ്കുകൾക്കും സഹകരണ ബാങ്കുകൾക്കും തങ്ങളുടെ പ്രദേശത്തുള്ളവരെ നേരിട്ടറിയാൻ കഴിയും. മനഃപൂർവം വീഴ്ച കണ്ടെത്തുന്നവരെ തിരിച്ചറിയാനും പ്രയാസമില്ല. മൂവാറ്റുപുഴയിലെ അജേഷിന്റെ കാര്യത്തിൽ അയാളുടെ ദീനാവസ്ഥ ഉൾക്കൊള്ളാൻ ബാങ്കിന് കഴിയാതെ പോയി.

മാതാപിതാക്കൾ ചികിത്സയ്ക്കായി എറണാകുളത്ത് ആശുപത്രിയിലാണെന്ന് അയൽക്കാർ പറഞ്ഞിട്ടും കുട്ടികളെ പുറത്തുനിറുത്തി ജപ്തി പൂർത്തിയാക്കാൻ കാണിച്ച മനുഷ്യത്വമില്ലായ്മയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. സംഭവം സർക്കാരിന്റെ പ്രഖ്യാപിത നിലപാടുമായി ഒത്തുപോകുന്നതല്ലെന്ന് സഹകരണമന്ത്രി വി.എൻ. വാസവൻ പറഞ്ഞത് സംസ്ഥാനത്തെ ബാങ്കുകൾ കേൾക്കണം. തികച്ചും അർഹമായ കേസുകളിലെങ്കിലും സർക്കാർ ഇടപെടലുണ്ടാകണം. ഒപ്പം സമൂഹത്തിനും സംഘടനകൾക്കുമൊക്കെ ഇടപെടാവുന്ന മേഖലയാണിത്. നിയമത്തിനു കണ്ണില്ലെങ്കിലും ചുറ്റുമുള്ള മനുഷ്യർക്ക് കണ്ണും കാതുമുണ്ടല്ലോ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: EDITORIAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.