ലക്ഷ്യമിടുന്നത് 300 പേർക്ക് തൊഴിൽ
കൊല്ലം: ജില്ലാ പഞ്ചായത്ത് ആരംഭിക്കുന്ന 9 മിനി വ്യവസായ എസ്റ്റേറ്റുകളിലൂടെ ലക്ഷ്യമിടുന്നത് 300 പേർക്ക് തൊഴിൽ. ആദ്യ ഘട്ടത്തിൽ 5 എസ്റ്റേറ്റുകൾ സ്ഥാപിച്ച് 40 സംരംഭങ്ങൾ ആരംഭിച്ചതിലൂടെ 125 പേർക്ക് തൊഴിൽ ലഭിച്ചിരുന്നു.
പുതിയ 4 വ്യവസായ എസ്റ്റേറ്റുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. പൂയപ്പളളി, തലവൂർ, തുറവൂർ, പിറവന്തൂർ, നിലമേൽ എസ്റ്റേറ്റുകളിൽ 48 വർക്ക് ഷെഡുകൾ ഒരുക്കിയാണ് സംരംഭങ്ങൾ ആരംഭിച്ചത്. പ്ളാസ്റ്റിക് ഉത്പന്നങ്ങൾ, ഫുഡ് പ്രോസസിംഗ്, സിമന്റ് പുട്ടി നിർമ്മാണം ഉൾപ്പെടെയുള്ള സംരംഭങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്. റോഡുകൾ, വൈദ്യുതി, ജല ലഭ്യത എന്നിവ ഉറപ്പു വരുത്തിയാണ് ഷെഡുകൾ സംരംഭകർക്ക് കൈമാറുന്നത്. പത്തനാപുരം, കരിപ്ര, പിറവന്തൂർ, ഇട്ടിവ എന്നിവടങ്ങളിൽ ഭൂമി ലഭ്യമാക്കി നിർമ്മാണങ്ങൾ ആരംഭിച്ചു. പിറവന്തൂരിലും കരിപ്രയിലും വിലയ്ക്ക് വാങ്ങിയ 4.5 ഏക്കർ ഭൂമിയിൽ ആദ്യ ഘട്ടമായി 16 ഷെഡുകളുടെ നിർമ്മാണം പൂർത്തിയായി. ഇവിടെ സംരംഭങ്ങൾ ആരംഭിക്കാൻ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇട്ടിവയിൽ ഒരേക്കറും പിറവന്തൂരിൽ ഒന്നരയേക്കറും ഭൂമി ലഭ്യമാക്കി നിർമ്മാണം ആരംഭിച്ചു. ഇട്ടിവയിൽ 1.60 കോടിയുടെ കെട്ടിട നിർമ്മാണ നിർവഹണം കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡിന് കൈമാറി.
# ആശ്വാസ പദ്ധതികൾ
ഗ്യഹശ്രീ: വായ്പയെടുത്തോ, സ്വന്തം നിലയിലോ സംരംഭങ്ങൾ തുടങ്ങുന്നവർക്ക് സബ്സിഡി അനുവദിക്കുന്ന പദ്ധതി
സ്വയംപ്രഭ: മൂന്നു മുതൽ അഞ്ചുവരെ ഗ്രൂപ്പുകൾക്ക് സംരംഭങ്ങൾ ആരംഭിക്കാൻ ആനുകൂല്യം നൽകുന്ന പദ്ധതി
# വ്യവസായ വികസന വഴി
2021- 22ൽ ചെലവഴിച്ചത്: 4 കോടി
2022- 23 ൽ നീക്കിവച്ചത്: 6 കോടി
സ്വന്തം നാട്ടിൽ സംരംഭങ്ങൾ ആരംഭിക്കാൻ താത്പര്യമുളളവർക്ക് അടിസ്ഥാന സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. സംരംഭകരെ സഹായിക്കാൻ നിരവധി നൂതന പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്
സാം കെ.ഡാനിയേൽ, പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |