SignIn
Kerala Kaumudi Online
Sunday, 05 May 2024 9.25 AM IST

കെ.എസ്.ഇ.ബി സമരം : ചർച്ചയിൽ തീരുമാനം വീണ്ടും ചെയർമാന് വിട്ടു

kseb-chairman

തിരുവനന്തപുരം: കെ.എസ്. ഇ.ബിയിൽ ഭരണാനുകൂല സംഘടനയായ ഓഫീസേഴ്സ് അസോസിയേഷന്റെ നേതാക്കൾക്ക് എതിരെ സ്വീകരിച്ച അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ബോർഡ് ചെയർമാനെ ചുമതലപ്പെടുത്തി മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അനുരജ്ഞന ചർച്ച പിരിഞ്ഞു. അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലംമാറ്റപ്പെട്ട നേതാക്കൾ നൽകുന്ന വിശദീകരണം വിലയിരുത്തിയശേഷമാവും ചെയർമാൻ തീരുമാനമെടുക്കുക.

കെ.എസ്.ഇ.ബിയിലെ ഓഫീസർമാരുടെ ഒൻപത് സംഘടനകളുടെയും നേതാക്കളും ബോർഡ് ചെയർമാനും ഓൺലൈൻ ചർച്ചയിൽ പങ്കെടുത്തു.

ഉചിതമായ തീരുമാനം മാനേജ്മെന്റ് കൈക്കൊള്ളുമെന്ന പ്രതീക്ഷയിൽ

സംഘടനയുടെ കേന്ദ്രകമ്മിറ്റി കൂടിയാലോചിച്ച് സമരപരിപാടികളിൽ മാറ്റം തീരുമാനിക്കുമെന്ന് ഒാഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി.ഹരികുമാർ അറിയിച്ചു.

ചർച്ചയുടെ അന്തഃസത്ത ഉൾക്കൊള്ളുന്നതായും മന്ത്രിയുടെ നിർദ്ദേശമനുസരിച്ച് നടപടികൾ വേഗത്തിൽ നിയമാനുസൃതമായി പൂർത്തിയാക്കുമെന്ന് മാനേജ്മെന്റും അറിയിച്ചു.

അതേസമയം, ഒൻപതു സംഘനകളിൽ എട്ടും മാനേജ്മെന്റ് സ്വീകരിച്ച അച്ചടക്ക നടപടികളെ പിന്തുണച്ചു.

എന്നാൽ സസ്പെൻഡ് ചെയ്യപ്പെട്ട മൂന്ന് സംഘടനാനേതാക്കളേയും അവർ ജോലിചെയ്തിരുന്ന സ്ഥലത്ത് തിരിച്ച് പോസ്റ്റ് ചെയ്യണമെന്നും സമരത്തിന്റെ പേരിൽ ഒാഫീസേഴ്സ് അസോസിയേഷൻ അംഗങ്ങൾക്കെതിരെ എടുത്ത എല്ലാ പ്രതികാര നടപടികളും പിൻവലിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.നിയമവശം പരിശോധിച്ചും മാനേജ്മെന്റുമായി ആലോചിച്ചും യുക്തമായ തീരുമാനമെടുക്കാമെന്ന് മന്ത്രി നൽകിയ ഉറപ്പോടെയാണ് യോഗം പിരിഞ്ഞത്.

സംഘടനാ നേതാക്കൾക്കെതിരായ അച്ചടക്കനടപടി സംബന്ധിച്ച കാര്യങ്ങളിൽ കാലതാമസം കൂടാതെയും പ്രതികാരബുദ്ധിയില്ലാതെയും മുൻവിധിയില്ലാതെയും തീരുമാനമെടുക്കും. ചർച്ചയിലെ തീരുമാനം മുഖ്യമന്ത്രിയെയും അറിയിച്ചു.

ഇടത് അനുകൂല ഒാഫീസേഴ്സ് അസോസിയേഷൻ നേതാവ് ജാസ്മിൻബാനുവിനെ ലീവെടുക്കാതെ ജോലിയിൽ നിന്ന് വിട്ടുനിന്നതിന്റെ പേരിൽ സസ്പെൻഡ് ചെയ്തതിനെ ചോദ്യം ചെയ്താണ് കെ.എസ്.ഇ.ബി.യിൽ ഏപ്രിൽ അഞ്ചുമുതൽ സമരം തുടങ്ങിയത്. സമരത്തിനിടെ ബോർഡ് റൂമിലേക്ക് അതിക്രമിച്ച് കയറിയതിന്റെ പേരിൽ അസോസിയേഷൻ പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയേയും സസ്പെൻഡ് ചെയ്തു. മൂവരേയും തിരിച്ചെടുത്തെങ്കിലും തലസ്ഥാനത്തിന് പുറത്തേക്ക് സ്ഥലംമാറ്റി.അതോടൊപ്പം അച്ചടക്ക നടപടികൾ തുടരുകയും ചെയ്തു.ഇതെല്ലാം പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.

 സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ വിമർശനം

കെ.എസ്.ഇ.ബി.യിൽ ഇടതുഅനുകൂല സംഘടന നടത്തുന്ന സമരത്തോട് സ്വീകരിക്കുന്ന നിലപാടിന്റെ പേരിൽ ഇന്നലെ നടന്ന സി.പി.എം.സംസ്ഥാന കമ്മിറ്റിയോഗത്തിൽ വൈദ്യുതിമന്ത്രിക്കെതിരെ രൂക്ഷവിമർശനമുയർന്നു.ഇടതുപക്ഷ സർക്കാരിന് ഒരു പൊതുനയമുണ്ടെന്നും ഘടകകക്ഷി മന്ത്രിമാരുടെ വകുപ്പുകൾക്ക് മാത്രമായി പ്രത്യേക നയമില്ലെന്നും പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ്ബാബു, സി.ബി. ചന്ദ്രബാബു തുടങ്ങിയവർ പറഞ്ഞു. മന്ത്രിക്കും ബോർഡ് ചെയർമാനും മറ്റ് പല അജൻഡകളുണ്ടെന്ന ആരോപണവുമുയർത്തി. സമരം വിലക്കുന്നത് ഇടതുപക്ഷസമീപനമല്ലെന്ന് മറുപടിയിൽ വിശദീകരിച്ച സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രിയും സർക്കാരും ഇടപെടുമെന്നും വ്യക്തമാക്കി.

'ചർച്ച പൂർണ്ണ വിജയമായിരുന്നു.തീരുമാനമെടുക്കേണ്ടത് ചെയർമാനാണ്.കമ്പനിയായശേഷം സർക്കാർ തീരുമാനമെടുക്കാറില്ല".

- കെ.കൃഷ്ണൻകുട്ടി, വൈദ്യുതി വകുപ്പ് മന്ത്രി.

'പ്രതികാരമനോഭാവത്തോടെ പെരുമാറിയിട്ടില്ല.അച്ചടക്ക നടപടികൾ പൂർത്തിയാക്കുന്നതിന് അസോസിയേഷൻ പൂർണ്ണമായി സഹകരിക്കേണ്ടതുണ്ട്".

- ഡോ.ബി. അശോക്, കെ.എസ്.ഇ.ബി ചെയർമാൻ

'മാനേജ്മെന്റ് നടപടിയിൽ ഉചിതമായ മാറ്റമുണ്ടായാൽ പ്രക്ഷോഭത്തിൽ മാറ്റം വരുത്തും".

- ബി.ഹരികുമാർ, കെ.എസ്.ഇ.ബി.ഒാഫീസേഴ്സ് അസോ. ജന. സെക്രട്ടറി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSEB CHAIRMAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.