ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കൊച്ചി: ജില്ലയിൽ മൂന്നു കുടുംബാരോഗ്യ കേന്ദ്രങ്ങളും ഒരു ഹോമിയോ ആശുപത്രിയും ആറ് സബ് സെന്ററുകളും നാളെ മുതൽ പ്രവർത്തനം ആരംഭിക്കും. ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും. പോത്താനിക്കാട് കുടുംബാരോഗ്യ കേന്ദ്രം രാവിലെ 9.30നും എടത്തല കുടുംബാരോഗ്യ കേന്ദ്രം 11.30നും ഉദ്ഘാടനം ചെയ്യും. മഞ്ഞള്ളൂർ കുടുംബാരോഗ്യ കേന്ദ്രവും കല്ലൂർക്കാട് ഹോമിയോ ആശുപത്രിയും രാവിലെ 9.30ന് ഓൺലൈനായി ഉദ്ഘാടനം ചെയ്യും. മോനിപ്പള്ളി, ചൊവ്വര, തോട്ടുമുഖം, ചേലമറ്റം, മഞ്ഞപ്പെട്ടി, മലയാറ്റൂർ എന്നിവിടങ്ങളിലെ സബ് സെന്ററുകളുടെ ഉദ്ഘാടനങ്ങളും രാവിലെ 11ന് ഓൺലൈനായി നടത്തും.
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി ആർദ്രം മിഷനിൽ ഉൾപ്പെടുത്തിയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുന്നത്.
കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെയും പോത്താനിക്കാട് ഗ്രാമപഞ്ചായത്തിന്റെയും ദേശീയ ആരോഗ്യമിഷന്റെയും സാമ്പത്തിക സഹായത്തോടെയാണ് പോത്താനിക്കാട് കുടുംബാരോഗ്യ കേന്ദ്രം നിർമിച്ചിരിക്കുന്നത്. മാത്യു കുഴൽനാടൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡീൻ കുര്യാക്കോസ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് തുടങ്ങിയവർ പങ്കെടുക്കും.
കാരുണ്യ സ്പർശം, സ്നേഹ സ്പന്ദനം
എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കാരുണ്യ സ്പർശം സൗജന്യ ഡയാലിസിസ് തുടർ ചികിത്സാ പദ്ധതിയുടെയും സ്നേഹ സ്പന്ദനം പാലിയേറ്റീവ് കെയർ പദ്ധതിയുടെയും ജില്ലാതല ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിക്കും. നാളെ ഉച്ചയ്ക്ക് 12ന് ആലുവ ജില്ലാ ആശുപത്രിയിലാണ് ചടങ്ങ്.
അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.പിമാരായ ബെന്നി ബെഹന്നാൻ, ജെബി മേത്തർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടർ ജാഫർ മാലിക് തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |