വൈക്കം: നഗരസഭ 25ാം വാർഡിലെ കായിക്കര അങ്കണവാടിയുടെ ഭിത്തി ഇടിഞ്ഞു വീണ് പനയ്ക്കച്ചിറ അജിയുടെ മകൻ ഗൗതമിന് (4) പരിക്കേറ്റു. ഇന്നലെ രാവിലെ 10 15 ഓടെയാണ് അപകടം. കുട്ടിയെ ആദ്യം വൈക്കം താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തു. മഠത്തിൽപറമ്പിൽ ഗിരിജാ ദാസന്റെ വീടിനോട് ചേർന്ന മുറിയിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. മുറിയ്ക്ക് അകത്ത് കളിച്ച് കൊണ്ടിരുന്ന ഗൗതമിന്റെ പുറത്തേയ്ക്ക് അപ്രതീക്ഷിതമായാണ് ഭിത്തി ഇടിഞ്ഞ് വീണത്. ഇതിനോടുബന്ധിച്ചുള്ള കോൺക്രീറ്റ് ഷെൽഫടക്കം നിലംപൊത്തി. 12 കുട്ടികൾ പഠിക്കുന്ന ഇവിടെ ഇന്നലെ രണ്ട് കുട്ടികൾ മാത്രമാണ് എത്തിയിരുന്നത്. അങ്കണവാടി വർക്കർ ബിനു അവധിയിലായിരുന്നു. കുട്ടികൾക്കൊപ്പമുണ്ടായിരുന്ന ഹെൽപ്പർ സിന്ധുവും സമീപത്തു നിന്ന് ഓടിയെത്തിയവരും ചേർന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. നഗരസഭയുടെ ഫിറ്റ്നസില്ലാതെയാണ് അങ്കണവാടി പ്രവർത്തിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |