തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയെക്കുറിച്ചുള്ള സംവാദത്തിന് വെല്ലുവിളിച്ചവർ വിട്ടുനിൽക്കുന്നത് ശരിയല്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ചർച്ച ചെയ്ത് കെ-റെയിലിനെ തോല്പിക്കാനും ഉത്തരംമുട്ടിക്കാനും ശ്രമിക്കുകയല്ലേ വേണ്ടതെന്നും അദ്ദേഹം ചോദിച്ചു. സർക്കാർ നേരിട്ടു വിളിക്കണമെന്ന് പറയുന്നതിൽ ന്യായമൊന്നുമില്ല. പദ്ധതിയെക്കുറിച്ച് അറിയാവുന്നവർക്കല്ലേ സംവദിക്കാൻ കഴിയൂ.
കേരളസംഘം ഗുജറാത്തിൽ പഠനത്തിന് പോകുന്നതിനെ പരിഹസിക്കേണ്ട കാര്യമില്ല. അവിടെ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും വിവിധ പഠനങ്ങൾക്കായി പോകുന്നുണ്ട്. അവിടങ്ങളിൽ നിന്ന് കേരളത്തിലും വരാറുണ്ട്.
ജി.എസ്.ടിയുടെ നിരക്ക് പരിഷ്കരണവുമായി ബന്ധപ്പെട്ട് വന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. ഏഴ് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരെ ഉൾപ്പെടുത്തിയുള്ള നിരക്ക് പരിഷ്കരണ സമിതി പഠിച്ച് വരികയാണ്. റിപ്പോർട്ട് നൽകിയിട്ടില്ല. ജി.എസ്.ടി നിരക്ക് കുറച്ചതിന്റെ പ്രയോജനം ജനങ്ങൾക്ക് കിട്ടുന്നില്ലെന്നത് അടുത്ത കൗൺസിൽ യോഗത്തിൽ ചൂണ്ടിക്കാണിക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |