SignIn
Kerala Kaumudi Online
Friday, 26 April 2024 10.29 AM IST

ഡൽഹിക്ക് വിട, എ.കെ. ആന്റണിക്ക് ഇനി കേരളത്തിൽ വിശ്രമം

antony1

ന്യൂഡൽഹി: കേരള ഹൗസ് സ്ഥിതി ചെയ്യുന്ന ജന്ദർമന്ദർ റോഡിൽ മലയാളികൾക്ക് പ്രിയപ്പെട്ട രണ്ടാം നമ്പർ വസതിയിൽ ഇനി ആളും ആരവവും ഉണ്ടാകില്ല.എട്ടുവർഷമായി നേതാക്കളും മാദ്ധ്യമ പ്രവർത്തകരും തിക്കിത്തിരക്കിയ വസതിയോടും മൂന്ന് പതിറ്റാണ്ടോളം കർമ്മരംഗമായിരുന്ന ഡൽഹിയോടും വിടചൊല്ലി കോൺഗ്രസിന്റെ സമുന്നത നേതാവായ എ.കെ. ആന്റണി ഇന്ന് തിരുവനന്തപുരത്തേക്ക് മടങ്ങും.

അച്ചടക്ക സമിതി, ചിന്തൻ ശിബിരത്തിന്റെ കൂടിയാലോചനകളും മറ്റ് ഔദ്യോഗിക തിരക്കുകളും തീർത്ത ശേഷം യാത്രയുടെ തലേദിവസം മാദ്ധ്യമങ്ങൾക്കായി മാറ്റി വച്ചു. കെ.വി. തോമസിനെതിരായ നടപടിയും കോൺഗ്രസ് നേരിടുന്ന പ്രതിസന്ധിയുമെല്ലാം ചോദ്യങ്ങളായി വന്നപ്പോൾ ആന്റണി നയം വ്യക്തമാക്കി: രാഷ്‌ട്രീയം വേണ്ട, യാത്രപറയാൻ വിളിച്ചതാണ്. എന്നിട്ടും മാദ്ധ്യമ പ്രവർത്തകർ വിടാതെ കൂടിയപ്പോൾ ചിലതൊക്കെ പറഞ്ഞു.

മടങ്ങുന്നത് സഹപ്രവർത്തകരുമായി ആലോചിച്ചാണ്. ദേശീയ രാഷ്‌ട്രീയവും ക്രമേണ വിടും. എ.ഐ.സി.സി പദവികൾ സ്ഥിരമല്ല. അച്ചടക്ക സമിതിയിലൊക്കെ പകരം ആൾ വരും. എങ്കിലും പാർട്ടിയില്ലാതെ നിലനിൽപ്പില്ല. തിരുവനന്തപുരത്ത് ഇന്ദിരാഭവനിലെ മുറിയല്ലാതെ ആശ്രയമില്ല. ഇതുവരെ ആരും ഇറക്കിവിട്ടിട്ടില്ല. ജനാധിപത്യത്തിൽ സ്ഥിരം കസേര ആർക്കുമില്ല. ഉൾവിളിയുണ്ടാകുമ്പോൾ മതിയാക്കും. കൊവിഡ് ബാധിച്ചതും മറ്റുമാണ് വിശ്രമം അനിവാര്യമാക്കിയത്.

തിരുവനന്തപുരത്ത് മൂന്നുമാസം പൂർണ വിശ്രമത്തിലായിരിക്കും. മേയിൽ രാജസ്ഥാനിലെ ചിന്തൻ ശിബിരിലും പങ്കെടുക്കില്ല. കേരളത്തിൽ ഇനി നേതൃത്വം കൊടുക്കാനുമില്ല. പഴയ ആന്റണിയല്ല. കഴിവുള്ളവരുണ്ട്. കെ. കരുണാകരന്റെ അഭാവം പാർട്ടിക്ക് ക്ഷീണമാണ്. അദ്ദേഹത്തെപ്പോലൊരു നേതാവില്ല. ഞങ്ങൾ അടുത്ത് സഹകരിച്ചിരുന്നു.

ജനങ്ങൾ ഏറെ ഔദാര്യം കാണിച്ചു. ദേശീയ രാഷ്‌ട്രീയത്തിലെ നേട്ടങ്ങൾക്ക് നെഹ്‌റു കുടുംബത്തോട് കടപ്പെട്ടിരിക്കുന്നു. രാജ്യത്ത് കോൺഗ്രസിനും പാർട്ടിയിൽ നെഹ്‌റു കുടുംബത്തിനുമുള്ള പ്രാധാന്യം നിഷേധിക്കാനാവില്ല. ബി.ജെ.പി മാറണമെന്ന് ആഗ്രഹിക്കുന്ന പ്രതിപക്ഷത്തും കോൺഗ്രസ് വേണം. മറിച്ചു ചിന്തിക്കുന്നവർ സ്വപ്‌ന ജീവികൾ. കോൺഗ്രസിന്റെ പ്രസക‌്തി ആർക്കും മാറ്റാനാകില്ല. പ്രതിസന്ധികൾ മറികടന്ന് തിരിച്ചുവരും. വർഗീയ ധ്രുവീകരണവും പ്രാദേശിക കക്ഷികളുടെ വളർച്ചയുമാണ് ക്ഷീണമായത്. രാജസ്ഥാനിലെ ചിന്തൻ ശിബിരം തിരിച്ചുവരവിൽ നിർണായകമാകും.

മുഖ്യമന്ത്രിയെന്ന നിലയിൽ നടപ്പാക്കിയ ചാരായ നിരോധനവും സ്വാശ്രയ വിദ്യാഭ്യാസവും വിമർശിക്കപ്പെട്ടെങ്കിലും ശരിയെന്ന് തെളിഞ്ഞു. ഒരോന്നും കാലഘട്ടത്തിന്റെ തീരുമാനങ്ങളായിരുന്നു. ആദർശങ്ങളിൽ ഉറച്ചു നിന്നതിനാൽ വിമർശനങ്ങൾ ഏറെയുണ്ടായി. പൂച്ചെണ്ടുകൾ അപകടകരമാണെന്നും ആന്റണി പറഞ്ഞു.

ഭാര്യ എലിസബത്ത് മകൻ അജിത് ആന്റണി എന്നിവർക്കൊപ്പമാണ് തിരുവനന്തപുരത്തേക്ക് മടങ്ങുന്നത്. മൂത്തമകൻ അനിൽ ആന്റണി ഡൽഹിയിൽ തുടരും.

ഡൽഹി നാൾവഴി

എ.ഐ.സി.സി ജനറൽ സെക്രട്ടറിയായ 1984മുതൽ ഡൽഹിയിൽ

1995ൽ മുഖ്യമന്ത്രിയാകാൻ കേരളത്തിലേക്ക്.

മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് 2005 മേയിൽ രാജ്യസഭാംഗമായി വീണ്ടും ഡൽഹിയിൽ. കഴിഞ്ഞ ഏപ്രിൽ 2ന് അഞ്ചാം ടേം പൂർത്തിയാക്കി.

രണ്ട് യു.പി.എ സർക്കാരുകളിൽ പ്രതിരോധ മന്ത്രിയും പി.വി. നരസിംഹ റാവുവിന്റെ കാലത്ത് ഭക്ഷ്യമന്ത്രിയും

ഹൈക്കമാൻഡിൽ നിർണായക റോളുകൾ

2014ൽ കൃഷ്‌ണമേനോൻ മാർഗിലെ വസതിയിൽ നിന്ന് ജന്ദർമന്ദർ വസതിയിൽ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AK ANTONY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.