SignIn
Kerala Kaumudi Online
Thursday, 19 September 2024 3.59 AM IST

ഇനിയും വിജയിക്കാത്ത പോരാട്ടം

Increase Font Size Decrease Font Size Print Page

coca-cola

ലോകത്തെ ഏറ്റവും വലിയ കുത്തകകളിൽ ഒന്നായ കൊക്കകോളയെ സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന പാലക്കാട്ടെ പ്ലാച്ചിമട എന്ന ഗ്രാമം മുട്ടുകുത്തിച്ച ഐതിഹാസിക പോരാട്ടത്തിന് 20 വയസ് തികഞ്ഞു. കേരളത്തിന്റെ സമരചരിത്രത്തിൽ സമാനതകളില്ലാത്ത പോരാട്ട മുഖമാണ് പ്ലാച്ചിമട. നിലയ്ക്കാത്ത സമരജ്വാലയുടെ ഭാഗമായി 2004 മാർച്ച് ഒൻപതിന് കൊക്ക കോള കമ്പനി പ്രവർത്തനം അവസാനിപ്പിച്ച് പോയെങ്കിലും ഇപ്പോഴും ആ ചരിത്ര പോരാട്ടം പൂർണമായും വിജയിച്ചെന്ന് പറയാനാകില്ല. രണ്ടുപതിറ്റാണ്ട് പെരുമാട്ടി പഞ്ചായത്തിലെ കർഷകരും ആദിവാസികളും പൊതുജനങ്ങളും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സാമൂഹ്യ പ്രവർത്തകരും ഒറ്റക്കെട്ടായി നിന്ന് നേടിയെടുത്ത 'പ്ലാച്ചിമട ട്രിബ്യൂണൽ ബിൽ' ഇപ്പോഴും നടപ്പായിട്ടില്ല എന്നത് കയ്പ്പേറിയ യാഥാർത്ഥ്യം.

പ്രകൃതിയുടെ നഷ്ടപ്പെട്ട നൈർമല്യം വീണ്ടെടുക്കാനുള്ള അർച്ചനയും പ്രകൃതിയെ കളങ്കപ്പെടുത്തി കൂടുതൽ ധനമുണ്ടാക്കുന്ന ആസുരശക്തികളോടുള്ള പോരാട്ടവുമായിരുന്നു പ്ലാച്ചിമടയിലേത്. ആ പോരാട്ടത്തിലൂടെ പ്ലാച്ചിമട എന്ന ഗ്രാമം ലോകചരിത്രത്തിൽ ഇടം നേടി. ശിവഗംഗ, ഈറോഡ്, മെഹ്ദിഗഞ്ച്, കാലെധാരെ തുടങ്ങി ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ കോളക്കെതിരായ സമരങ്ങൾക്ക് പ്ലാച്ചിമട പ്രചോദനമായി. ശിവഗംഗയിലെ പ്ലാന്റ് പിന്നീട് പൂട്ടി. അതേസമയം, 2004ൽ കൊക്കകോള പ്ലാച്ചിമടയിൽ നിന്നും പിൻവാങ്ങിയെങ്കിലും കമ്പനി അവിടത്തെ ജനങ്ങൾക്കും പരിസ്ഥിതിക്കും വരുത്തിവെച്ച നഷ്ടങ്ങൾ ഇന്നും അതുപോലെ നിലനിൽക്കുന്നു. സമൂഹമാദ്ധ്യമങ്ങളിൽ സമരത്തിന് ഐക്യ‌ദാർഢ്യം പ്രഖ്യാപിക്കുന്ന ഹാഷ് ടാഗുകൾ കൊണ്ട് കാര്യമില്ല. അതിനപ്പുറമുള്ള ചേർത്തുനിറുത്തലിന് അവർ അർഹരാണ്.

സമര ചരിത്രം

കേരള-തമിഴ്നാട് അതിർത്തിക്കടുത്തുള്ള, കാർഷിക ഗ്രാമമായ പ്ലാച്ചിമടയിൽ ഫാക്ടറി സ്ഥാപിക്കാൻ ഹിന്ദുസ്ഥാൻ കൊക്കക്കോള ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡ് 1999ലാണ് പെരുമാട്ടി പഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കുന്നത്. 2000 ത്തിൽ പഞ്ചായത്ത് ലൈസൻസ് നൽകി.

പ്ലാന്റ് പ്രവർത്തനമാരംഭിതോടെ പ്ലാച്ചിമടയിൽ കുടിവെള്ള ക്ഷാമവും മലിനീകരണവും കാരണം ജനങ്ങൾ ദുരിതം നേരിട്ടു. ആറുമാസത്തിനുള്ളിൽ തന്നെ പ്ലാച്ചിമട ഗ്രാമവാസികൾ തങ്ങളുടെ കിണറുകളിലേയും കുളങ്ങളിലേയും ജലനിരപ്പ് അവിശ്വസനീയമാം വിധം താഴുന്നത് തിരിച്ചറിഞ്ഞു. ചില കിണറുകൾ വറ്റിവരളുകയും ഉപയോഗശൂന്യമാവുകയും ചെയ്തു. വറ്റാതെ അവശേഷിച്ച കിണറുകളിലെ വെള്ളം രാസവസ്തുക്കളാൽ മലിനമായി. കുടിവെള്ളം ഉപയോഗിക്കുന്നവർക്ക് വയറിളക്കവും തലകറക്കവും കാണപ്പെട്ടു.

കമ്പനിയുടെ കൂറ്റൻ മതിലിനോട് ചേർന്നുകിടക്കുന്ന വിജയനഗർ കോളനി, പ്ലാച്ചിമട കോളനി, മാധവൻ നായർ കോളനി, വേലൂർ കോളനി, രാജീവ് നഗർ കോളനി, കുഞ്ചിമേനോൻ പതി കോളനി, തൊട്ടിച്ചിപ്പതി കോളനി എന്നീ പ്രദേശങ്ങളാണ് പ്രധാനമായും വെള്ളമില്ലാതെ വലഞ്ഞത്. 2000 കുടുംബങ്ങളെ ഇതു ബാധിച്ചു. നിലക്കടല, കോറ, ചാമ, തിന, പരുത്തി, മുതിര, ചോളം എന്നിവയെല്ലാം കൃഷി ചെയ്തിരുന്ന ഭൂമിയാണ് കൊക്കകോള ചെറിയ വിലയ്ക്കു തട്ടിയെടുത്തത്. 48 ഏക്കർ ഭൂമിയിലാണ് 24 കുഴൽ കിണറുകൾ തുരന്ന് വെള്ളം ഊറ്റിയെടുത്തത്. നാലു സെന്റ് വീതമുള്ള രണ്ടു കുളങ്ങളും കമ്പനിക്കകത്തു കുഴിച്ചിരുന്നു. പ്രതിദിനം 5,61,000 ലിറ്റർ വെള്ളമാണ് കമ്പനി ഉപയോഗിച്ചത്. ഒരു ലിറ്റർ കോള ഉത്‌പാദിപ്പിക്കാൻ ശരാശി നാല് ലിറ്ററോളം വെള്ളം ആവശ്യമാണ്. കേവലം 135 സ്ഥിരം തൊഴിലാളികളും 300 ദിവസ‌വേതന തൊഴിലാളികളുമാണ് കമ്പനിയിൽ ജോലി ചെയ്തുവന്നത്.

വളം എന്ന പേരിൽ കമ്പനി വിതരണം ചെയ്ത രാസമാലിന്യം ഉപയോഗിച്ച് കൃഷിഭൂമി മുഴുവൻ തരിശായി. ഇതോടെ ആദിവാസികൾ ഉൾപ്പെടെയുള്ള പ്ലാച്ചിമട പ്രദേശവാസികൾ സമരം ആരംഭിച്ചു. കർഷകർക്ക് കമ്പനി വിതരണം ചെയ്ത വളത്തിൽ മാരക വിഷപദാർഥങ്ങളായ കാഡ്മിയം, ലെഡ് എന്നിവയുടെ അംശം കണ്ടെത്തിയതോടെ, സമരത്തിന് വമ്പിച്ച പിന്തുണ ലഭിച്ചു.

2002 ഏപ്രിൽ 22ന് ആദിവാസി നേതാവ് സി.കെ. ജാനു പ്ലാച്ചിമട കൊക്കക്കോള വിരുദ്ധ സമരം ഉദ്ഘാടനം ചെയ്തു.

തുടക്കത്തിൽ സമരത്തിനെതിരായിരുന്ന മുഖ്യധാരാ പ്രസ്ഥാനങ്ങളിൽ പലതും പിന്തുണയുമായെത്തി. 2004 ജനുവരി 21, 22, 23 തീയതികളിൽ പ്ലാച്ചിമടയിലും പുതുശ്ശേരിയിലുമായി നടന്ന ലോകജല സമ്മേളനം സമരത്തിന്റെ സന്ദേശം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ചു. ജലനിയമം, പരിസ്ഥിതി നിയമം, ഫാക്ടറി ആക്ട്, മാലിന്യം കൈകാര്യം ചെയ്യൽ നിയമം, പട്ടികജാതി/വർഗ പീഡന നിരോധന നിയമം, ഇന്ത്യൻ പീനൽ കോഡ്, ജലവിനിയോഗ ഉത്തരവ്, ഭൂജല ആക്ട്, ഇന്ത്യൻ ഈസ്‌മെന്റ് ആക്ട് തുടങ്ങിയവയെല്ലാം ലംഘിച്ചായിരുന്നു കമ്പനി പ്രവർത്തിച്ചിരുന്നത്. സമരത്തിനൊപ്പം നിയമയുദ്ധവും സജീവമായി. 2004 ഫെബ്രുവരി 21 ന് സർക്കാർ പാലക്കാട് ജില്ല വരൾച്ച ബാധിതമെന്നു പ്രഖ്യാപിച്ചു. അതോടെ കമ്പനിക്കു പ്രവർത്തനം തുടരാനായില്ല. തുടർന്ന് വർഷങ്ങൾ നീണ്ടുനിന്ന നിയമ പോരാട്ടത്തിനു ശേഷമാണ് കമ്പനി എന്നെന്നേക്കുമായി പൂട്ടാനുള്ള സുപ്രീം കോടതി വിധിയുണ്ടായത്.

ട്രൈബ്യൂണൽ ബിൽ മടക്കി കേന്ദ്രം

സമരം ശക്തിപ്പെട്ടതിന്റെ ഫലമായും പെരുമാട്ടി പഞ്ചായത്ത്, കേരള മലിനീകരണ നിയന്ത്രണ ബോർഡ് എന്നീ സ്ഥാപനങ്ങളുടെ ഇടപെടൽ കാരണവും 2004ൽ ഫാക്ടറി അടച്ചുപൂട്ടിയെങ്കിലും കൊക്കക്കോള കമ്പനിയെ കുറ്റവാളിയായി പ്രഖ്യാപിക്കാനോ കമ്പനിയിൽനിന്ന് പ്ലാച്ചിമടക്കാർക്ക് നഷ്ടപരിഹാരം ഈടാക്കാനോ സർക്കാറിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

ഫാക്ടറിക്ക് ലൈസൻസ് നിഷേധിച്ചതുമായി ബന്ധപ്പെട്ട് പെരുമാട്ടി പഞ്ചായത്തും കൊക്കക്കോള കമ്പനിയും തമ്മിൽ ഹൈക്കോടതിയിൽ തുടങ്ങിയ നിയമയുദ്ധം അന്തിമ തീർപ്പിനായി സുപ്രീംകോടതിയിൽ പരിഗണന കാത്തുകിടക്കുകയാണ്. 2009ൽ കേരള സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതി പ്ലാച്ചിമടയിൽ തെളിവെടുപ്പ് നടത്തി പ്രദേശവാസികൾക്ക് 216 കോടി രൂപയുടെ നഷ്ടപരിഹാരം കൊക്കക്കോള കമ്പനിയിൽനിന്ന് ഈടാക്കാവുന്നതാണെന്ന് ശുപാർശ ചെയ്തു.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള നിയമസഭ 2011ൽ പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണൽ ബിൽ പാസാക്കുകയും രാഷ്ട്രപതിയുടെ അനുമതിക്കായി കേന്ദ്രത്തിലേക്ക് അയക്കുകയും ചെയ്തു. 2011ൽ ബില്ല് കേന്ദ്ര ആഭ്യന്തരവകുപ്പ് സംസ്ഥാന സർക്കാറിന് തിരിച്ചയച്ചു. കേന്ദ്രം ഉന്നയിച്ച കാര്യങ്ങൾക്ക് 2011ൽ തന്നെ സംസ്ഥാന സർക്കാർ മറുപടി നൽകി. ഒടുവിൽ ബില്ല് അംഗീകരിക്കാനാകില്ലെന്ന രാഷ്ട്രപതിയുടെ തീർപ്പോടുകൂടി ബില്ല് 2015 ഡിസംബറിൽ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് തിരിച്ചയക്കുകയായിരുന്നു.

നഷ്ടപരിഹാരം ലഭിക്കും വരെ പോരാട്ടം

കുടിവെള്ളം കൊള്ളയടിക്കുന്നവർക്ക് അന്ത്യശാസനമായിമാറി പ്ലാച്ചിമട സമരം. പക്ഷേ, ഇന്നും പ്ലാച്ചിമടക്കാർക്ക് കുടിക്കാൻ ശുദ്ധജലമില്ല. സമരം അവരുടെ ജീവിതതാളത്തെയാകെ ബാധിച്ചു. സമര രംഗത്ത് സജീവമായിരുന്ന സ്ത്രീകൾ തുച്ഛമായ തുകയ്ക്കാണ് കൂലിപ്പണിയെടുക്കുന്നത്. അതുകൊണ്ടു ഇനിയുമൊരു സമരത്തിന് ത്രാണിയുണ്ടാകുമോ ഈ ജനതയ്ക്ക്. അവർക്ക് അവകാശപ്പെട്ട നഷ്ടപരിഹാരം അടിയന്തരമായി ലഭ്യമാക്കാൻ സംസ്ഥാന - കേന്ദ്ര സർക്കാരുകൾ തയ്യാറാവണം. ഒരിക്കൽക്കൂടി പ്ലാച്ചിമട ജനതയെ അവകാശപോരാട്ടങ്ങളുടെ ഭാഗമായി തെരുവിലിറക്കരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PLACHIMADA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.