കേരള ഗെയിംസ് 2022ന് തുടക്കമായി
തിരുവനന്തപുരം: കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ഗെയിംസ് 2022ന് തലസ്ഥാന നഗരിയിൽ വർണാഭമായ തുടക്കം. തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ഇന്നലെ വൈകിട്ട് നടന്ന ചടങ്ങിൽ കായിക മന്ത്രി വി.അബ്ദുറഹ്മാൻ ഗെയിംസ് ഉദ്ഘാടനം ചെയ്തു. പ്രഥമ കേരള ഗെയിംസിലൂടെ കൂടുതൽ അവസരങ്ങൾ കായികതാരങ്ങൾക്ക് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. കായിക വിദ്യാഭ്യാസം പ്രീ പ്രൈമറി തലം മുതലുള്ള പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും. കായിക രംഗത്ത് കൂടുതൽ തൊഴിൽ സാധ്യതകളും നിക്ഷേപങ്ങളും സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.
സെൻട്രൽ സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച മാർച്ച് പാസ്റ്റോടെയാണ് പ്രൗഢഗംഭീരമായ ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിച്ചത്. ആശ്വാരൂഢസേനക്കു പിന്നാലെ ഗെയിംസ് ദീപശിഖയും പതാകയുമേന്തിയ അത്ലറ്റുകൾ മാർച്ച് പാസ്റ്റിൽ അണിനിരന്നു.
ഇവര്‍ക്ക് തൊട്ടുപിന്നിലായി ഒളിമ്പിക് മെഡൽ ജേതാക്കപ്പ മേരി കോമും പി.ആർ. ശ്രീജേഷും രവികുമാർ ദഹിയയും ബജ്റംഗ് പൂനിയയും മലയാളി ഒളിമ്പ്യന്മാരായ സജൻ പ്രകാശും അലക്സ് ആന്റണിയും കെ.ടി. ഇർഫാനും എം.പി. ജാബിറും തുറന്ന ജീപ്പിലേറി മാർച്ച് പാസ്റ്റിന്റെ ഭാഗമായി. പിന്നാലെ 14 ജില്ലകളിൽ നിന്നുമുള്ള കായിക താരങ്ങളും ജനങ്ങളും അണിനിരന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ മുന്നേറിയ മാർച്ച് പാസ്റ്റ് ആറു മണിയോടെ ഉദ്ഘാടനവേദിയായ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ എത്തിച്ചേർന്നു. തുടർന്നു നടന്ന ഉദ്ഘാടനച്ചടങ്ങിൽ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് വി. സുനിൽ കുമാർ അധ്യക്ഷനായി. അസോസിയേഷൻ സെക്രട്ടറി ജനറൽ എസ്.രാജീവ് സ്വാഗതം പറഞ്ഞു.
മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ,വി.ശിവൻകുട്ടി, ജി.ആർ അനിൽ, അന്റണി രാജു, ജില്ലാ കളക്ടർ നവ്ജോത് സിംഗ് ഖോസ, ചീഫ് സെക്രട്ടറി വി.പി. ജോയ്, വി.കെ. പ്രശാന്ത് എം.എൽ.എ, ഒളിമ്പിക് അസോസിയേഷന് സീനിയർ വൈസ് പ്രസിഡന്റ് പി. മോഹൻദാസ്, ഒളിമ്പിക് അസോസിയേഷൻ ട്രഷറർ എം.ആർ. രഞ്ജിത്ത്, സായ് എൽ.എന്‍സിപി പ്രിന്‍സിപ്പാള്‍ ഡോ ജി. കിഷോര്‍, ധ്യാന്‍ചന്ദ് പുരസ്കാര ജേതാവ്, കെ.സി. ലേഖ, സിയാൽ എം.ഡി എസ്. സുഹാസ് ഐ.എ.എസ്, ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് എസ്.എ.എൻ. രഘുചന്ദ്രൻ നായർ, തിരുവനന്തപുരം ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് കെ.എസ്. ബാലഗോപാൽ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ്.എസ്. സുധീർ തുടങ്ങിയവരും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. ഈമാസം 10 വരെ നീളുന്ന ഗെയിംസിലെ മത്സരങ്ങൾ ഇന്നാരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |