കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്റെ സ്മരണയ്ക്കായി എറണാകുളം ജില്ലാ കമ്മിറ്റി ഇരുമ്പനത്ത് ട്രേഡേഴ്സ് അക്കാഡമി സ്ഥാപിക്കും. വ്യാപാരികളുടെയും വ്യവസായികളുടെയും അവരുടെ ജീവനക്കാരുടെയും ഉന്നമനത്തിനായി കാലാനുസൃതമായ വ്യാപാര രീതികളും മറ്റും ശാസ്ത്രീയമായി പഠിപ്പിക്കുകയാണ് ലക്ഷ്യം. കോഴ്സുകളും സിലിബസും നിശ്ചയിച്ച് സർട്ടിഫിക്കറ്റുകളും നൽകും.
ഇരുമ്പനത്ത് സഖാവ് ഭാസ്കരൻ കോളനിക്ക് സമീപം ഇതിനായി ഭൂമി കണ്ടെത്തിയിട്ടുണ്ട്. പത്ത് കോടിയോളം ചെലവിലാണ് കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കുക. പദ്ധതി സഫലമാക്കാൻ വേണ്ടി ആവശ്യമെങ്കിൽ ഫണ്ട് സമാഹരണവും നടത്തും.
പദ്ധതി പ്രഖ്യാപനവും ടി.നസിറുദ്ധീൻ ഫോട്ടോ അനാച്ഛാദനവും സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ല ജനറൽ സെക്രട്ടറി അഡ്വ.എ.ജെ. റിയാസ്, ട്രഷറർ സി.എസ്. അജ്മൽ, എം.സി.പോൾസൺ, ടി.ബി.നാസർ, എം.കെ.രാധാകൃഷ്ണൻ, അൽത്താഫ് ഉലൂമി തുടങ്ങിയവർ സംസാരിച്ചു.
ടി.നസിറുദ്ദീന്റെ സ്വപ്നമായിരുന്നു ട്രേഡേഴ്സ് അക്കാദമി. അത് പ്രാവർത്തികമാക്കും.
പി.സി.ജേക്കബ്
ജില്ലാ പ്രസിഡന്റ്
കെ.വി.വി.ഇ.എസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |