അമരാവതി: ക്ലാസ്‌മുറിയിലെ ഫാൻ പൊട്ടിവീണ് വിദ്യാർത്ഥിനിക്ക് പരിക്ക്. ആന്ധ്രാപ്രദേശിലെ ശ്രീ സത്യ സായി ജില്ലയിൽ ഇന്നലെയായിരുന്നു സംഭവം. പത്താം ക്ലാസ് വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്. പെൺകുട്ടിയെ ഉടൻ ആശുപത്രിയിൽ കൊണ്ടുപോയി, ചികിത്സയ്ക്ക് ശേഷം വീണ്ടും സ്‌കൂളിലെത്തി പരീക്ഷ പൂർത്തിയാക്കി.
'ഇത് തികച്ചും നിർഭാഗ്യകരമായ സംഭവമാണ്. രണ്ട് ദിവസം മുമ്പാണ് ഫാനിന്റെ അറ്റകുറ്റപ്പണി നടത്തിയത്. ഉടൻ വീണ്ടും അറ്റകുറ്റപ്പണിയും നടത്തും.'-സ്‌കൂൾ പ്രിൻസിപ്പൽ പറഞ്ഞു.
ഏപ്രിൽ 28ന് കർനൂലിലെ ഗോനെണ്ട്ലയിലെ മണ്ഡല പരിഷത്ത് ഉറുദു സ്‌കൂളിൽ ക്ലാസ് നടന്നുകൊണ്ടിരിക്കെ ഫാൻ തകർന്നുവീണ് രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു. സംഭവത്തിന് പിന്നാലെ സർക്കാർ സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങളെച്ചൊല്ലി ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചിരുന്നു.