SignIn
Kerala Kaumudi Online
Saturday, 27 April 2024 12.35 AM IST

പേയ്മെന്റ് സക്സസ്ഫുൾ എന്ന് കണ്ടയുടൻ പണം വന്നു എന്ന് വിശ്വസിക്കരുതേ; ആളെ ആപ്പിലാക്കാൻ ആപ്ലിക്കേഷനെ കോപ്പിയടിച്ച് പറ്റിപ്പ്; ഈ തട്ടിപ്പിനെ എങ്ങനെ നേരിടാം?

paytm-sound-box

ഇന്ന് പണമിടപാടിനായി ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത് യുപിഐ സേവനമാണ്. ഇതിനായി നമ്മളെ സഹായിക്കുന്നത് വിവിധതരം യുപിഐ ആപ്പുകളും. ഗൂഗിൾ പേ, പേടിഎം, ഫോൺ പേ, ആമസോൺ പേ തുടങ്ങിയ നിരവധി ആപ്പുകൾ ഇന്ന് ലഭ്യമാണ്. ഈ ആപ്പുകളെല്ലാം തന്നെ ക്യാഷ് ബാക്ക് ഉൾപ്പടെയുള്ള ഓഫറുകൾ നൽകുന്നുണ്ട്.

കൂടാതെ ചെറിയ പെട്ടിക്കടകളിൽ പോലും ക്യൂ ആർ കോഡ് വഴി ഡിജിറ്റൽ പേയ്മെന്റ് നടത്താൻ അവസരമൊരുക്കുന്നുമുണ്ട്. അതിനാൽ തന്നെ എല്ലാവരും യുപിഐ വഴിയുള്ള പണമിടപാടാണ് താത്പര്യപ്പെടുന്നത്. തിരികെ ചില്ലറ കൊടുക്കുന്ന ബുദ്ധിമുട്ടും കീറിയ നോട്ടുകൾ ലഭിക്കാനുള്ള സാദ്ധ്യതകളുമൊക്കെ കണക്കിലെടുത്ത് കച്ചവടക്കാരും അത് തന്നെയാണ് പ്രോത്സാഹിപ്പിക്കുന്നത്.

യുപിഐ ആപ്പുകൾ ജനപ്രിയമായതോടെ അത് വഴിയുള്ള തട്ടിപ്പും ഏറി വരികയാണ്. കടകളിൽ നിന്ന് സാധനം വാങ്ങി ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് പണം അടയ്ക്കുകയും ശേഷം പേയ്മെന്റ് സക്സസ്ഫുൾ എന്ന് സ്ക്രീനിൽ തെളിഞ്ഞ മെസേജ് കടക്കാരനെ കാണിച്ച ശേഷം തിരികെ പോവുകയുമാണ് എല്ലാവരും ചെയ്യുന്നത്.

paytm-sound-box

തിരക്കുള്ള കടകളും സാധനം കൊടുക്കാൻ ഒന്നോ രണ്ടോ ആളുകളും മാത്രമുള്ള കടക്കാരൻ തന്റെ അക്കൗണ്ടിൽ പണം വന്നോ എന്ന കാര്യം ഫോൺ എടുത്ത് പരിശോധിക്കാറില്ല. സാധനം വാങ്ങിയ ആളിന്റെ ഫോണിലെ സക്സസ്ഫുൾ എന്ന മെസേജ് മാത്രമാണ് കടക്കാരൻ നോക്കുന്നത്. പരസ്പര വിശ്വാസത്തിന്റെ പേരിൽ അയാൾ വൈകുന്നേരമോ പിറ്റേന്നോ ആയിരിക്കും ഇടപാടുകളുടെ മെസേജ് പരിശോധിക്കുക. ഈ രണ്ട് ഘടകങ്ങളെയാണ് തട്ടിപ്പുകാർ അവസരമായി മാറ്റിയെടുത്തിരിക്കുന്നത്.

എന്താണ് സ്പൂഫ് ആപ്പ്?

തട്ടിപ്പിനായി പലതരം സ്പൂഫ് ആപ്ലിക്കേഷനുകളും ഇന്ന് ഇന്റർനെറ്റിൽ ലഭ്യമാണ്. ഒരു ആപ്പിനെ കോപ്പിയടിക്കുകയും ആ ആപ്പിന്റെ ജനപ്രീതി മുതലെടുക്കുകയും ചെയ്തുകൊണ്ട് ആ ആപ്പിന്റെ യൂസർ ഇന്റർഫേസിനോട് (യു ഐ) പൂർണമായി സാമ്യമുള്ള ഇന്റർഫേസുമായി പുറത്തിറങ്ങുന്ന വ്യാജ ആപ്പിനെയാണ് സ്പൂഫ് ആപ്പ് എന്ന് വിളിക്കുന്നത്. (ഫോണിലോ ടാബ്ലെറ്റിലോ എങ്ങനെയാണോ ആപ്പ് നമുക്ക് ദൃശ്യമാവുന്നത് ആ ഡിസൈനിനെയാണ് യൂസർ ഇന്റർഫേസ് എന്ന് വിളിക്കുന്നത്.)

എങ്ങനെ പ്രവർത്തിക്കുന്നു?

ക്യൂ ആർ കോഡ് വഴി പണമിടപാട് നടത്തുമ്പോൾ പണം അയച്ച ആളിന്റെ ഫോണിൽ ആപ്പിനുള്ളിൽ തന്നെ ഇടപാടിന്റെ വിവരങ്ങൾ ദൃശ്യമാകും. ആർക്കാണ് പണം അയച്ചത്, എത്ര രൂപ അയച്ചു, ഏത് അക്കൗണ്ടിൽ നിന്നാണ് പണം പോയിരിക്കുന്നത്, ബാലൻസ് എത്ര രൂപയുണ്ട്, തുടങ്ങിയ വിവരങ്ങളും പേയ്മെന്റ് സക്സസ്ഫുൾ എന്ന ഒരു കുറിപ്പുമാണ് ആപ്പിൽ ദൃശ്യമാവുക. (ഈ വിവരങ്ങളാണല്ലോ നാം കടക്കാരന് കാണിച്ചുകൊടുക്കുന്നത്).

qr-code

ഈ വിവരങ്ങളടങ്ങിയ കുറിപ്പ് നമ്മുടെ ഇഷ്ടാനുസരണം രൂപകൽപന ചെയ്യാൻ അനുവദിക്കുന്ന തരത്തിലാണ് സ്പൂഫ് ആപ്പുകൾ പ്രവർത്തിക്കുന്നത്. അതായത്, പണം അയക്കാതെ തന്നെ ഈ വിവരങ്ങളുടെ കുറിപ്പ് നമ്മുടെ ഫോണിൽ സൃഷ്ടിക്കാം. പണം അയക്കുമ്പോൾ യഥാർത്ഥ ആപ്പിൽ എങ്ങനെയാണോ വിവരങ്ങൾ ദൃശ്യമാകുന്നത് അതേ രൂപത്തിൽ തന്നെ ഈ സ്പൂഫ് ആപ്പിൽ കുറിപ്പ് നമുക്ക് ഡിസൈൻ ചെയ്തെടുക്കാമെന്ന് സാരം. ഈ കുറിപ്പ് കടക്കാരനെ കാണിക്കുന്നത് വഴി അയാളെ പറ്റിക്കാൻ സാധിക്കും.

പേടിഎം ആപ്പിന്റെ സ്പൂഫ് വഴിയുള്ള തട്ടിപ്പാണ് ഇന്ത്യയിൽ വ്യാപകമായി നടക്കുന്നത്. പേ ടിഎം വഴി പണമയച്ച് കഴിയുന്പോൾ തെളിയുന്ന സ്ക്രീൻ അത്പോലെ തന്നെ അനുകരിച്ച് പണമയക്കാതെ തന്നെ കടക്കാരനെ പറ്റിക്കുന്ന സംഭവങ്ങൾ പലയിടങ്ങളിലും നടക്കാറുണ്ട്. പണമയക്കുന്ന സമയം തന്നെ കടക്കാരൻ അക്കൗണ്ട് പരിശോധിക്കുക വഴി ഈ തട്ടിപ്പിനെ ഒരു പരിധി വരെ തടയാനാകും. പക്ഷെ തിരക്കേറെയുള്ള സമയങ്ങളിൽ ഇത് സാദ്ധ്യമല്ല.

ശാശ്വത പരിഹാരം

ഈ പ്രശ്നത്തിന് ഒരു പരിഹാരമുണ്ട്. കടകളിൽ ക്യൂ ആർ കോഡ് സ്ഥാപിക്കുന്നതിനൊപ്പം ഇടപാടുകളുടെ വിവരം വരുന്ന മെസേജ് വായിച്ച് കേൾപ്പിക്കുന്ന ഒരു സ്പീക്കർ സിസ്റ്റം കൂടി വാങ്ങി വയ്ക്കുക. മിക്ക യുപിഐ ആപ്പുകളും ഇപ്പോൾ അത്തരത്തിൽ മെസേജ് റീഡ് ചെയ്യുന്ന സ്പീക്കറുകൾ വിപണിയിലെത്തിക്കുന്നുണ്ട്.

paytm-sound-box

പേ ടിഎം സൗണ്ട് ബോക്സ്, ടോക്ക് ഇറ്റ് ലൗഡ് സൗണ്ട് ബോക്സ് പോലുള്ള സ്പീക്കറുകൾ ഇതിന് ഉദാഹരണമാണ്. ഇത് സ്ഥാപിക്കുന്ന വഴി ക്യൂ ആർ കോ‌ഡിലൂടെ നടക്കുന്ന പണമിടപാടിന്റെ വിവരം ഫോൺ നോക്കാതെ തന്നെ ഉച്ചത്തിൽ കേൾക്കാൻ സാധിക്കും. തിരക്കുള്ള കടകളിൽ ഇത് സ്ഥാപിക്കുക വഴി ഈ തട്ടിപ്പിന് തടയിടാനാകും.

paytm-sound-box

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UPI, APP, APPLICATION, PAYTM, PAYMENTS, TRANSFER, MONEY, UPI APP, SPOOF APP, EXPLAINER
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.