SignIn
Kerala Kaumudi Online
Saturday, 21 September 2024 3.58 AM IST

മരുന്ന് സുരക്ഷയിൽ അലംഭാവമരുത്

Increase Font Size Decrease Font Size Print Page

photo

കാസർകോട്ട് ഷവർമ്മ കഴിച്ച് ഒരു പെൺകുട്ടി മരിക്കാനിടയായ ദാരുണ സംഭവമാണ് സംസ്ഥാനത്തുടനീളം ഭക്ഷണശാലകളിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പരിശോധനകൾക്കും നടപടികൾക്കും നിമിത്തമായത്. ബന്ധപ്പെട്ട വകുപ്പുകളും സർക്കാരും നിദ്രവിട്ട് ഉണരണമെങ്കിൽ ഇതുപോലെ ഗുരുതരമായ എന്തെങ്കിലും സംഭവം ഉണ്ടാകണമെന്നതാണ് സ്ഥിതി. വീഴാറായി നിൽക്കുന്ന ഒരു പാലത്തെക്കുറിച്ച് അധികൃത കേന്ദ്രങ്ങളിൽ നൽകുന്ന പരാതി അവിടെത്തന്നെ കിടക്കും. ഒടുവിൽ പാലം തകർന്ന് ഒരു വാഹനം താഴെ വീണ് ആൾനാശമുണ്ടാകുമ്പോഴാവും സർക്കാർ ഇടപെടൽ. എന്തെങ്കിലും ആവശ്യത്തിന് റോഡുകൾ കുഴിക്കേണ്ടിവരും. ആവശ്യം കഴിഞ്ഞും നികത്തപ്പെടാതെ കിടക്കുന്ന റോഡിലെ കുഴികൾ ഇരുചക്ര വാഹനയാത്രക്കാർക്ക് മരണക്കെണിയാകും. അതിൽവീണ് ഏതെങ്കിലുമൊരു ഹതഭാഗ്യന്റെ ജീവൻ പൊലിയുമ്പോഴാകും അധികൃതർ ഉണരാറുള്ളത്.

ഇതൊക്കെ പറയാൻ കാരണം സംസ്ഥാനത്തെ ഔഷധസുരക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഞങ്ങൾ പ്രസിദ്ധീകരിച്ച മുഖ്യവാർത്തയാണ്. ഭക്ഷ്യസുരക്ഷാ കാര്യങ്ങളിൽ പുലർത്തുന്ന ഗുരുതര വീഴ്ചപോലെ തന്നെ മരുന്നുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും കടുത്ത ഉദാസീനതയാണ് കാണുന്നത്. സംസ്ഥാനത്തെ കാൽലക്ഷത്തിലധികം മെഡിക്കൽ ഷോപ്പുകളും സ്വകാര്യ ആശുപത്രി ഫാർമസികളും വഴി ഒരുവർഷം ഏറ്റവും കുറഞ്ഞത് ആറായിരം കോടി രൂപയുടെയെങ്കിലും മരുന്നുകൾ വിറ്റഴിയുന്നുണ്ടെന്നാണ് കണക്ക്. ഇവിടങ്ങളിൽ വിറ്റഴിയുന്ന മരുന്നുകളുടെ ഗുണനിലവാരത്തെക്കുറിച്ച് ആരെങ്കിലും പരാതി ഉന്നയിച്ചാൽ അന്വേഷിക്കാൻ ചുമതലപ്പെട്ടവർ ഡ്രഗ്‌സ് വകുപ്പിലുള്ളവരാണ്. നിലവിൽ 47 ഡ്രഗ്‌സ് ഇൻസ്പെക്ടർമാർ ഓടിപ്പാഞ്ഞു നടന്നാൽപ്പോലും പരിശോധന നേരെചൊവ്വേ നടക്കാൻ പോകുന്നില്ല. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള മെഡിക്കൽ സ്റ്റോറുകളിൽ എത്രയെണ്ണം ഈ 47 ഇൻസ്പെക്ടർമാർക്കു പരിശോധിക്കാനാകും. ഡ്രഗ് ഇൻസ്പെക്ടർമാരുടെ പുതിയ തസ്തികകൾ സൃഷ്ടിക്കണമെന്ന ശുപാർശയുണ്ടായിട്ടും ആരോഗ്യവകുപ്പ് അനങ്ങാതിരിക്കുകയാണ്. ഒരാൾക്ക് 300 മെഡിക്കൽ ഷോപ്പുകളുടെ പരിശോധനാ ചുമതല നൽകിയാൽ പോലും പുതുതായി അറുപത്തൊന്നുപേർ കൂടി നിയമിതരായാലേ കണക്ക് ശരിയാവൂ.

വ്യാജവും മായം ചേർന്നതുമായ ഔഷധങ്ങൾ വിറ്റഴിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് പരമാവധി ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിനാകട്ടെ കൂടുതൽ ഉദ്യോഗസ്ഥരും ആവശ്യമാണ്. എന്നാൽ പുതിയ തസ്തികകളുടെ കാര്യം വരുമ്പോൾ കൂടുതൽ പേരെ വയ്ക്കാൻ സർക്കാരിനു പണമില്ലെന്ന ഒഴിവുകഴിവാണു പറയുക. ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ജീവൽപ്രശ്നമായിട്ടും ഇതാണ് സ്ഥിതി. ഭക്ഷ്യവസ്‌തുക്കളിൽ മായം ചേർക്കലും തരികിടയുമൊക്കെ തിരുതകൃതിയായി നടക്കുന്നുണ്ട്. അതു കണ്ടുപിടിക്കാൻ മിന്നൽ പരിശോധനകൾ ഉൾപ്പെടെ പല നടപടികളും കൈക്കൊള്ളാറുമുണ്ട്. എന്നാൽ ലക്ഷക്കണക്കിനു വരുന്ന കടകളിൽ എത്രയെണ്ണത്തിൽ അവരുടെ കണ്ണുകളെത്തുമെന്ന് പറയാനാവില്ല. അതുപോലെ തന്നെയാണ് മരുന്നു പരിശോധനകളും. ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ വിൽക്കാൻ പാടില്ലാത്ത നിരവധി ഔഷധങ്ങളുണ്ട്. പല സ്ഥലത്തും ഒരു കുറിപ്പടിയുമില്ലാതെ അവ നിർബാധം വിൽക്കുന്നുമുണ്ട്. ലൈസൻസ് പോലുമില്ലാതെ പ്രവർത്തിക്കുന്ന കമ്പനികളുടെ ഉത്‌പന്നങ്ങൾ മെഡിക്കൽ സ്റ്റോറുകൾ വഴി വിറ്റഴിക്കുന്നതും അപൂർവമല്ല.

ജനങ്ങളുടെ ജീവൻവച്ചുള്ള കളിയാകയാൽ ഡ്രഗ്‌സ് വകുപ്പ് വളരെയധികം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം സർക്കാർ മനസിലാക്കണം. വിഷഭക്ഷണം കഴിച്ചാൽ ഉടനടി വിവരം അറിയാനാവുമെങ്കിലും വ്യാജഔഷധങ്ങളുടെ കാര്യം അങ്ങനെയാവണമെന്നില്ല. ഇഞ്ചിഞ്ചായിട്ടാവും അത് ആളെ കൊല്ലുക. അത്തരമൊരു ദുരന്തമുണ്ടാകാൻ അറിഞ്ഞുകൊണ്ട് സർക്കാർ കൂട്ടുനിൽക്കരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: DRUGS CONTROL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.