സോൾ : പ്രശസ്ത കൊറിയൻ നടി കാങ് സൂ യോൺ (55) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ചയായിരുന്നു അന്ത്യം. മസ്തിഷ്കത്തിൽ രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.1966 ൽ സോളിൽ ജനിച്ച കാങ് ബാലനടിയായാണ് അഭിനയ രംഗത്തെത്തിയത്.1985ൽ പുറത്തിറങ്ങിയ വെയ്ൽ ഹണ്ടിങ് 2, മിമി, 1987ലെ ചോൽസുസ് യൂത്ത് സ്കെച്ച് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചതോടെയാണ് കാങ് കൊറിയയിൽ താരമായത്. ദ സറോഗേറ്റ് വേവ് എന്ന സിനിമയിലെ പ്രകടനത്തിന് 1987 ൽ വെനീസ് ചലച്ചിത്രമേളയിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയിരുന്നു. 1989 ൽ 'കം കം കം അപ്വേർഡ്' എന്ന ചിത്രത്തിലെ അഭിനയത്തിന് മോസ്കോ അന്തരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടി. കൊറിയയിലെ ആദ്യ 'വേൾഡ് സ്റ്റാർ' ആയി കണക്കാക്കപ്പെടുന്ന വ്യക്തിയാണ് കാങ്. ദ വുമൺ ദാറ്റ് മാൻ, ബെർലിൻ റിപ്പോർട്ട്, വെസ്റ്റേൺ അവന്യൂ, ഓൾ ദാറ്റ് ഫാൾ ഹാസ് വിങ്സ്, ദ റോഡ് ടു റേസ് ട്രാക്ക്, ബ്ലൂ ഇൻ യു, റെയിൻബോ ട്രൗട്ട്, ഡീപ് സോറോ, ദ സർക്കിൾ, ഹൻജി തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാനിരിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രം ജുങ്ഇയിലാണ് കാങ് ഒടുവിൽ അഭിനയിച്ചത്. 2015ൽ ബുസാൻ രാജ്യാന്തര ചലചിത്ര മേളയുടെ കോ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |