ബിസ്കറ്റ് രാജാവ് എന്നറിയപ്പെട്ട മലയാളിയായ രാജൻപിള്ളയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ഹിന്ദി വെബ് സിരീസിലൂടെ പൃഥ്വിരാജ് ബോളിവുഡിലേക്ക്. വെബ് സിരീസിൽ രാജൻ പിള്ളയെ അവതരിപ്പിക്കുന്നത് പൃഥ്വിരാജാണ്. ബിസ് കറ്റ് കിംഗ് എന്നു പേരിട്ട വെബ് സിരീസിന്റെ സംവിധാനവും പൃഥ്വിരാജ് നിർവഹിക്കുന്നു . ഇതാദ്യമായാണ് പൃഥ്വിരാജ് വെബ് സിരീസ് സംവിധാനം ചെയ്യുന്നത്. യൂദ്ലി ഫിലിംസ് ആണ് രാജൻപിള്ളയുടെ ജീവിതം സിരീസാക്കാനുള്ള അവകാശം വാങ്ങിയിരിക്കുന്നത്. ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് വിവരം.രാജൻപിള്ളയുടെ സംഭവ ബഹുലമായ ജീവിത കഥയാണ് സിരീസ് പറയുന്നത്. കൊല്ലത്തുനിന്നാരംഭിച്ച് ലോകമെങ്ങും വളർന്നു പന്തലിച്ച ബിസിനസ് സാമ്രാജ്യമാണ് രാജൻപിള്ളയുടേത്. സിംഗപ്പൂരിലെ സാമ്പത്തിക കുറ്റങ്ങൾക്ക് ഇന്ത്യയിൽ തടവിലാക്കപ്പെട്ട രാജൻപിള്ള തിഹാർ ജയിലിൽ ജുഡിഷ്യൽ കസ്റ്റഡിയിലിരിക്കെ 1995 ജൂലായ് ഏഴിനാണ് മരിച്ചത്.അതേസമയം നടൻ, നിർമ്മാതാവ് , സംവിധായകൻ, വിതരണക്കാരൻ എന്നീ മേഖലകളിലെല്ലാം പൃഥ്വിരാജ് തിളങ്ങുകയാണ്. പൃഥ്വിരാജ് നായകനായി അഭിനയിച്ച ജനഗണമന ആണ് അവസാനം തിയേറ്ററിൽ എത്തിയ ചിത്രം. വൻ വിജയം നേടുന്ന ചിത്രത്തിന്റെ നിർമ്മാണ പങ്കാളി കൂടിയാണ് പൃഥ്വിരാജ്. ബ്രഹ്മാണ്ഡ ചിത്രമായ കെ. ജി എഫ് 2 വിന്റെ കേരളത്തിലെ വിതരണവാകാശം നേടിയത് പൃഥ്വിരാജ് പ്രൊഡക്ഷൻസായിരുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ ആണ് റിലീസിന് ഒരുങ്ങുന്ന പൃഥ്വിരാജ് ചിത്രം.അടുത്ത മാസം ചിത്രം തിയേറ്ററിൽ എത്തും. പ്രഭാസിനൊപ്പം അഭിനയിച്ച സലാറാണ് മറ്റൊരു റിലീസ്.അൾജീരിയയിൽ ബ്ളസി ചിത്രം ആടുജീവിതത്തിൽ അഭിനയിക്കുകയാണ് പൃഥ്വിരാജ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |