SignIn
Kerala Kaumudi Online
Saturday, 04 May 2024 4.45 AM IST

ട്രാക്കുകളിൽ ഒടുങ്ങി കാട്ടാനകൾ

elephant

റെയിൽവേട്രാക്കും കാട്ടാനകളും വാളയാറിൽ മാത്രമല്ല ലോകത്ത് പലയിടത്തുമുണ്ട്. പക്ഷേ, എന്തുകൊണ്ട് ഇവിടെമാത്രം അപകടങ്ങൾ തുടർക്കഥയാകുന്നു? മദ്രാസ് ഹൈക്കോടതിയിൽ ലഭിച്ച പൊതുതാത്പര്യ ഹർജിയുടെ ഭാഗമായി കാട്ടാനകൾ അപകടത്തിൽപ്പെട്ട മേഖലകളിൽ റെയിൽവേയും വനംവകുപ്പും ഇതുവരെ സ്വീകരിച്ച നടപടികൾ വിലയിരുത്താനായി എത്തിയ ജഡ്ജിമാരുടെ സംഘം ഉന്നയിച്ച പ്രധാന ചോദ്യമായിരുന്നു അത്. ജസ്റ്റിസുമാരായ എൻ.സതീഷ്‌കുമാർ, ആർ.സുബ്രഹ്മണ്യൻ, ജി.കെ.ഇളന്തിരയ്യൻ എന്നിവരാണ് വാളയാർ - കോയമ്പത്തൂർ ട്രാക്കിൽ പരിശോധനയും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയും നടത്തിയത്. ശാശ്വത പരിഹാരത്തിനായി റെയിൽവേയും വനംവകുപ്പും യോജിച്ച് പദ്ധതി നടപ്പാക്കണമെന്നും സംഘം നിർദ്ദേശിച്ചു. ആനകൾ സ്ഥിരമായി അപകടത്തിൽപ്പെടുന്ന മേഖലകൾ, ട്രാക്കിന് സമീപമുള്ള സോളർ വിളക്കുകൾ, സോളർ ഫെൻസിംഗ്, ഹണിബീ അലാം സംവിധാനം ഉൾപ്പെടെ ജഡ്ജിമാർ വിശദമായി പരിശോധിച്ചു. ആനകൾക്ക് കടക്കാനായി ട്രാക്കുകൾക്ക് കുറുകെ നിലവിലുള്ള റാംപുകൾ, വനംവകുപ്പിന്റെ വാച്ച് ടവർ നിർമ്മാണത്തിനുള്ള സ്ഥലങ്ങൾ, അടിപ്പാതകൾ, ആനത്താരകൾ എന്നിവയും സന്ദർശിച്ചു. സ്ഥലം ഏറ്റെടുപ്പും പാരിസ്ഥിതിക ആഘാത പഠനവും ഉൾപ്പെടെ നടപ്പായിട്ടും റെയിൽവേവേലി പദ്ധതി ഉപേക്ഷിച്ചതു സംബന്ധിച്ചും ജഡ്ജിമാരുടെ സംഘം ചോദിച്ചറിഞ്ഞു. സ്ഥിരം നിരീക്ഷണത്തോടൊപ്പം റെയിൽവേ വേലി ഉൾപ്പെടെയുള്ള ശാശ്വത പരിഹാര നടപടികളാണ് അപകടം കുറയ്ക്കാൻ ആവശ്യം. എട്ടുകോടി രൂപ നിർമ്മാണ ചെലവ് വരുന്ന പദ്ധതി റെയിൽവേയും വനംവകുപ്പും സംയുക്തമായാണ് നടപ്പാക്കാൻ തീരുമാനിച്ചത്. പക്ഷേ, വകുപ്പുകളുടെ ഏകോപനമില്ലായ്മ പദ്ധതി ഉപേക്ഷിക്കാനിടയാക്കി.

ചരിഞ്ഞത്

39 കാട്ടാനകൾ

മേഖലയിലെ പ്രധാന ആനത്താരയായ മധുക്കരയിലെ സോളക്കരയിലൂടെയാണ് 1.78 കിലോമീറ്റർ ദൂരമുള്ള റെയിൽവേയുടെ എ, ബി ലൈനുകൾ കടന്നുപോകുന്നത്. സംരക്ഷിത വനത്തിലൂടെ ട്രാക്കുകൾ കടന്നുപോകുന്നതിനാൽ വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥ നശിക്കാൻ കാരണമായെന്നാണ് വനംവകുപ്പിന്റെ വാദം.

20 വർഷത്തിനിടെ കഞ്ചിക്കോട് - കോയമ്പത്തൂർ ട്രാക്കിൽ ട്രെയിൻ ഇടിച്ചു ചരിഞ്ഞത് 39 കാട്ടാനകളാണ്. അപകടം ഏറെയും നടന്നിട്ടുള്ളത് കേരള – തമിഴ്നാട് അതിർത്തിയിലാണ്. കോയമ്പത്തൂർ ട്രാക്കിന് പുറമേ കാട്ടാനകൾ ഏറ്റവും കൂടുതൽ അപകടത്തിൽപ്പെടുന്നത് കഞ്ചിക്കോട്ടാണ്. കഞ്ചിക്കോട് - വാളയാർ ട്രാക്കിൽ 13 കിലോമീറ്റർ കടന്നുപോകുന്നത് സംരക്ഷണ വനമേഖലയിലൂടെയാണ്. വേനോലി, പയറ്റുക്കാട്, വല്ലടി, കൊട്ടാമുട്ടി, ചുള്ളിമട, വട്ടപ്പാറ, ആറ്റുപ്പതി തുടങ്ങിയവയാണ് സ്ഥിരം അപകട മേഖലകൾ. ട്രെയിനുകൾ വേഗം കുറച്ചും സൈറൺ മുഴക്കിയുമാണ് ഈ മേഖലയിൽ കടന്നു പോവുന്നത്. സോളർ ലാംപുകളും ഫെൻസിംഗും ഹണിബീ അലാം സംവിധാനവും ഉൾപ്പെടെ സ്ഥാപിച്ചിട്ടും അപകടം കുറയുന്നില്ല.


രാത്രിയാത്ര നിരോധിക്കണം

വാളയാർ - മധുക്കര വനമേഖലയിൽ ട്രെയിനിടിച്ച് കാട്ടാനകൾ കൊല്ലപ്പെടുന്നത് തടയാൻ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ സൊസൈറ്റി ഒഫ് ഇന്ത്യ നടത്തിയ പഠന നിർദ്ദേശങ്ങൾ ഇത് സംബന്ധിച്ച് കേസ് പരിഗണിക്കുന്ന ചെന്നൈ ഹൈകോടതി ജഡ്ജിമാർക്ക് നൽകി. സൊസൈറ്റിയുടെ ദക്ഷിണേന്ത്യൻ പ്രോജക്ട് ഓഫീസർ എസ്.ഗുരുവായൂരപ്പനാണ് റിപ്പോർട്ട് കൈമാറിയത്.

ആനകൾ ട്രെയിനിടിച്ച് കൊല്ലപ്പെടുമ്പോൾ വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്യുമെങ്കിലും തുടർനടപടികൾ ഉണ്ടാവാറില്ല. സംഭവസ്ഥലങ്ങൾ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ സൊസൈറ്റി ഒഫ് ഇന്ത്യ സന്ദർശിക്കുകയും കാരണങ്ങൾ പഠിക്കുകയും ഫോറസ്റ്റ്, റെയിൽവേ അധികൃതർക്ക് പ്രശ്നം ലഘൂകരിക്കാനുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.

ആനകളുടെ സാന്നിദ്ധ്യമുള്ള മേഖലയിൽ ട്രെയിനിന്റെ വേഗം കുറയ്ക്കുക തുടങ്ങിയ താത്കാലിക നിർദ്ദേശങ്ങൾ മാത്രം പരിഗണിച്ച് ആനകൾ ട്രാക്കിൽ വരാതിരിക്കാൻ കറന്റ് വേലി, മുളക് വേലി, അലാറം അടിക്കൽ, തുടങ്ങിയ മാർഗങ്ങൾ മാറ്റി പരീക്ഷിക്കുക മാത്രമാണ് ചെയ്തത്. അവയെല്ലാം പരാജയപ്പെട്ട് വർഷംതോറും കൂടുതൽ ആനകൾ കൊല്ലപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്. അതിനാലാണ് ചില ദീർഘകാല നിർദ്ദേശങ്ങൾ ന്യായാധിപന്മാർക്ക് നേരിട്ട് നൽകിയത്. അതിൽ പ്രധാനപ്പെട്ടവ ഏറ്റവും കൂടുതൽ ആനകൾ കൊല്ലപ്പെടുന്ന 'ബി' ട്രാക്ക് 'എ' ട്രാക്ക് വനത്തിന് പുറത്തേക്ക് മാറ്റുക, രാത്രിനേരത്തെ റെയിൽഗതാഗതം പൂർണമായും എ ട്രാക്കിലേക്ക് മാറ്റുക, അതോടൊപ്പം ദീർഘദൂര ട്രെയിനുകളെ കോയമ്പത്തൂർ - പൊള്ളാച്ചി - പാലക്കാട് വഴി തിരിച്ചുവിടുക, ഭാവിയെ മുന്നിൽക്കണ്ട് ഈ മേഖലയിൽ എലവേറ്റഡ് റെയിൽവേ ട്രാക്കുകൾ നിർമിക്കുക, താത്ക്കാലികമായി ആനത്താരകളിൽ അവയുടെ സഞ്ചാരത്തിനുള്ള മേൽപ്പാലങ്ങളും അടിപ്പാതകളും നിർമ്മിക്കുക, ട്രെയിൻ വേഗം കുറയ്ക്കുക ,വളവുകളിൽ സി.സി.ടിവി കാമറകൾ സ്ഥാപിച്ച് ഗതാഗതം ക്രമീകരിക്കുക, യാത്രക്കാരുടെ ഭക്ഷണ അവശിഷ്ടങ്ങൾ ട്രാക്കിൽ വീഴാത്ത ക്രമീകരണം നടത്തുക തുടങ്ങിയ നിർദ്ദേശങ്ങളാണ് നൽകിയിട്ടുള്ളത്.

സെൻസറുകൾ സ്ഥാപിക്കാൻ ആലോചന

റെയിൽവേ ട്രാക്കിനടുത്ത് കാട്ടാനയെത്തിയാൽ അറിയാൻ പാളത്തിന് സമീപം സെൻസറുകൾ ഘടിപ്പിക്കുന്നത് ആലോചനയിലാണ്. പീച്ചി വൈൽഡ് ലൈഫ് വാർഡൻ പി.എം.പ്രഭുവിന്റെ നേതൃത്വത്തിൽ ഇതുസംബന്ധിച്ച് പഠനം ആരംഭിച്ചു. വാളയാർ വനം റെയ്ഞ്ചിനു കീഴിലെ ഉദ്യോഗസ്ഥരും പരിശോധനയ്ക്കുണ്ട്. കാട്ടാനകൾ പാളത്തിനടുത്തേക്ക് എത്തുന്നത് എങ്ങനെ മുൻകൂട്ടിയറിയാം, പാളം കടന്നെത്തുന്നത് തടയാൻ എന്തൊക്കെ ചെയ്യാമെന്നതടക്കമുള്ള കാര്യങ്ങൾ വിലയിരുത്തും. തുടർന്ന് പഠനറിപ്പോർട്ട് വകുപ്പിന് കൈമാറും.

വാളയാർ ഭാഗത്ത് സംരക്ഷിത വനമേഖലയിൽക്കൂടി കടന്നുപോകുന്ന എ, ബി പാളങ്ങളിൽ ബി ലൈൻ കാട്ടാനകളുടെ കുരുതിക്കളമായാണ് കണക്കാക്കപ്പെടുന്നത്. പ്രോജക്ട് എലഫന്റ് പദ്ധതിക്കായി 1992ൽ തിരഞ്ഞെടുക്കപ്പെട്ട മേഖലയിൽ കാട്ടാനകൾ തീവണ്ടിതട്ടി ചരിയുന്നത് ഒഴിവാക്കാൻ പലമാർഗങ്ങൾ പരീക്ഷിച്ചെങ്കിലും നൂറുശതമാനം ഫലവത്തായില്ല. തുടർന്നാണ് സെൻസറുകൾ സ്ഥാപിക്കുകയെന്ന ആശയം മുന്നോട്ടുവെക്കുന്നത്.

സെൻസറുകൾ സ്ഥാപിച്ചുകഴിഞ്ഞാൽ കാട്ടാനകളെത്തുന്ന വിവരം വനംവകുപ്പിന്റെയും റെയിൽവേയുടേയും ഉദ്യോഗസ്ഥർക്ക് നേരത്തേ അറിയാനാവും. തീവണ്ടികളുടെ വേഗം കുറയ്ക്കാനും വനംവകുപ്പ് ജീവനക്കാർക്ക് ആനയെ പാളത്തിൽനിന്നും ഓടിക്കാനും സഹായകമാവുമെന്നാണ് പ്രതീക്ഷ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WILD ELEPHANT DEATHS ON RAILWAY LINES
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.