വർക്കല: ഇടവ - ഓടയം റോഡിൽ ഇടവ ഹൈസ്കൂൾ ജംഗ്ഷൻ മഴ പെയ്താൽ വെള്ളക്കെട്ടാകുന്നത് പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇടവ ഗ്രാമപഞ്ചായത്തിലെ തീരദേശത്തെ പ്രധാന റോഡിലാണ് വെള്ളക്കെട്ട് യാത്രാദുരിതം സൃഷ്ടിക്കുന്നത്.
വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാത്തതാണ് പ്രദേശത്തേ വെള്ളക്കെട്ടിന് കാരണമാകുന്നത്.
നൂറുക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന രണ്ട് സ്കൂളുകൾ സ്ഥിതിചെയ്യുന്ന ജംഗ്ഷനിലാണ് ഈ ദുരവസ്ഥ. പൊതുമരാമത്ത് വകുപ്പ് റോഡ് നവീകരണം നടത്തിയപ്പോൾ വേണ്ടത്ര ശ്രദ്ധ ചെലുത്താത്തതാണ് ഇവിടെ വെള്ളക്കെട്ട് രൂപപ്പെടുന്നതിന് പ്രധാന കാരണം. അശാസ്ത്രീയമായ രീതിയിൽ റോഡ് നവീകരണം നടത്തിയെന്ന് പരക്കെ ആക്ഷേപവും നിലനിൽക്കുന്നുണ്ട്.
ഇടവ എം.ആർ.എം.കെ എം.എം.എച്ച്.എസ്.എസ്, ലിറ്റിൽ ഫ്ലവർ സ്കൂൾ എന്നിവിടങ്ങളിലേക്കുള്ള റോഡിലാണ് വെള്ളക്കെട്ട്. പ്രധാന റോഡിൽ നിന്ന് സ്കൂളുകളിലേക്കുള്ള വഴിയിലും വെള്ളം നിറയും. സ്കൂളുകളിൽ നിന്നുൾപ്പെടെ ഒഴുകിയെത്തുന്ന വെള്ളം റോഡിൽ കെട്ടിനിൽക്കുന്നതിനാൽ വിദ്യാർത്ഥികളും അദ്ധ്യാപകരും മറ്റ് ജീവനക്കാരും വളരെ ബുദ്ധിമുട്ടിയാണ് സ്കൂളിലെത്തുന്നത്. മറ്റ് മാർഗങ്ങളില്ലാത്തതിനാൽ മുട്ടൊപ്പം വെള്ളത്തിൽ നടന്നാണ് സ്കൂളിലെത്തുന്നത്.
വെള്ളം ഒഴുകിപ്പോകുന്നതിന് സ്ഥിരം സംവിധാനമൊരുക്കിയാൽ മാത്രമേ പ്രശ്നത്തിന് പരിഹാരം കാണാനാകൂ. കാലവർഷം തുടങ്ങും മുൻപ് പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇടവ ഗ്രാമപഞ്ചായത്ത്, പൊതുമരാമത്ത് വകുപ്പ് എന്നിവരുടെ ഇടപെടൽ ഉണ്ടാകണമെന്നും ഇടവ നിവാസികൾ ആവശ്യപ്പെടുന്നു.