SignIn
Kerala Kaumudi Online
Tuesday, 24 May 2022 6.11 AM IST

ഇന്ത്യയെ സ്നേഹിച്ച നേതാവ്

uae-president

ദുബായ്: യു.എ.ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗം ഗൾഫിന് മാത്രമല്ല,​ ഇന്ത്യയെ സംബന്ധിച്ചും നികത്താനാകാത്ത നഷ്ടമാണ്. ഇന്ത്യൻ പൗരന്മാരോട് പ്രത്യേക താത്പര്യത്തോടെയുള്ള സമീപനമായിരുന്നു അദ്ദേഹത്തിന്. പ്രത്യേകിച്ച് യു.എ.ഇയിൽ ജീവിതം കെട്ടിപ്പടുത്ത ആയിരക്കണക്കിന് മലയാളികൾക്ക്.

രാജ്യത്തെ പൗരന്മാർക്കൊപ്പം വിദേശീയർക്കും യു.എ.ഇയിൽ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും അതിനായി വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ഷെയ്ഖ് ഖലീഫ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. സാമൂഹ്യസേവന രംഗത്ത് അദ്ദേഹം ആവിഷ്കരിച്ച പദ്ധതികൾ ഇന്ത്യയിൽ നിന്ന് യു.എ.ഇയിലെത്തിയ ആയിരക്കണക്കിന് പ്രവാസികൾക്ക് കൈത്താങ്ങായി.

വിദേശീയരായിരുന്നിട്ടും ഇന്ത്യക്കാരായ സംരംഭകരുടെ വളർച്ചയ്ക്ക് ഷെയ്ഖ് ഖലീഫ മുൻകൈയെടുത്തു. ഇന്ത്യക്കാർക്ക് യു.എ.ഇയെ സ്വന്തം വീടുപോലെ കാണാനാകുന്നതും അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളുടെ ഫലമാണ്. ഇന്ത്യൻ സംസ്കാരത്തെ അദ്ദേഹം ആദരിച്ചു, ബഹുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശന വേളയിൽ അബുദാബിയിൽ ക്ഷേത്രം നിർമ്മിക്കാനുള്ള ഭൂമിയും മറ്റുസൗകര്യങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തത് അതിന് ഏറ്റവും മികച്ച ഉദാഹരണം.

2015ൽ മോദിയുടെ ആദ്യ സന്ദർശനത്തെ യു.എ.ഇ വരവേറ്റതുതന്നെ ഇരുരാജ്യങ്ങളുടേയും സൗഹൃദവും ദൃഢതയും പങ്കാളിത്തവും വിളിച്ചോതുന്നതായിരുന്നു. മോദിയെ സ്വീകരിക്കാൻ അന്നത്തെ അബുദാബി കിരീടാവകാശിയും ഷെയ്ഖ് ഖലീഫയുടെ സഹോദരനുമായ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രസിഡൻഷ്യൽ എയർപോർട്ടിൽ നേരിട്ടെത്തിയിരുന്നു. സാധാരണ യു.എ.ഇയിലെത്തുന്ന രാഷ്ട്രത്തലവൻമാർക്ക് കൊട്ടാരത്തിൽ സ്വീകരണമൊരുക്കുകയാണ് പതിവ്.

ഇന്ത്യൻ സമൂഹത്തോട് വളരെ അടുത്തിടപഴകിയ ഷെയ്ഖ് ഖലീഫയ്ക്ക് മലയാളികളുമായും കേരളവുമായും പ്രത്യേക ആത്മബന്ധമാണുണ്ടായിരുന്നത്. ജോലിയിലും ഉത്തരവാദിത്വത്തിലും ആത്മാർത്ഥത പുലർത്തിയ നിരവധി പേർക്ക് പൗരത്വമടക്കമുള്ള സൗകര്യങ്ങൾക്ക് വഴിയൊരുക്കി. പ്രവാസികളോട് എന്നും കരുതലോടെയുള്ള സമീപനമായിരുന്നു.

മലയാളികളെ സ്നേഹിച്ച ഖലീഫ: മുഖ്യമന്ത്രി

തിരുവനന്തപുരം: യു.എ.ഇയും ഇന്ത്യയുമായുള്ള ബന്ധം സുദൃഢമാക്കുന്നതിൽ വലിയ പങ്കാണ് യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ വഹിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സദ്ദേശത്തിൽ പറഞ്ഞു.

യു.എ.ഇയിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതിൽ ആദ്ദേഹം പുലർത്തിയ കരുതൽ എക്കാലവും ഓർമ്മിക്കപ്പെടും. കേരളത്തെയും കേരളീയരെയും സഹായിക്കുന്നതിൽ സന്തോഷം കണ്ടെത്തി അദ്ദേഹം. പ്രളയകാലത്ത് നീട്ടിയ സഹായഹസ്തം സ്മരണീയമാണ്. മതനിരപേക്ഷ മനോഭാവം കൊണ്ട് ശ്രദ്ധേയനായ സായിദ് അൽ നഹ്യാൻ എല്ലാവിഭാഗം ജനങ്ങൾക്കും ഒരുപോലെ സ്വീകാര്യനായിരുന്നു. യു.എ.ഇ.യുടെ ആധുനികവത്കരണത്തിൽ അദ്ദേഹത്തിന്റെ നിർണായക പങ്കാളിത്തമുണ്ട്. ഊഷ്മളവും സൗഹൃദപൂർണ്ണവുമായ ബന്ധം ഇന്ത്യൻ ജനതയുമായി പൊതുവിലും കേരളീയരുമായി പ്രത്യേകിച്ചും എന്നും പുലർത്തിപ്പോന്നു. അങ്ങേയറ്റം ദുഃഖകരമാണ് ഷെയ്ഖ് ഖലീഫയുടെ വിയോഗം. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, SHEIKH KHALIFA BIN ZAYED AL NAHYA
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.