SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.23 PM IST

കോൺ. കമ്മിറ്റികളിൽ 50% ദളിത്, ഒ.ബി.സി, ന്യൂനപക്ഷ സംവരണം

Increase Font Size Decrease Font Size Print Page
congress

ഉദയ്‌പൂർ: കോൺഗ്രസിന്റെ ബൂത്ത് തലം മുതൽ പ്രവർത്തക സമിതി വരെയുള്ള കമ്മിറ്റികളിൽ പട്ടികജാതി, പട്ടികവർഗ, ഒ.ബി.സി, ന്യൂനപക്ഷ വിഭാഗങ്ങളുടെ 20 ശതമാനം സംവരണം 50ശതമാനമായി വർദ്ധിപ്പിക്കാൻ ചിന്തൻ ശിബിരത്തിൽ ശുപാർശ. അസംബ്ളി, പാർലമെന്റ് സീറ്റുകളിൽ ഒ.ബി.സി സംവരണം, ജാതി സെൻസസ് തുടങ്ങിയ ശുപാർശകളും സൽമാൻ ഖുർഷിദ് നയിക്കുന്ന സാമൂഹ്യ നീതി, ശാക്തീകരണ ഉപസമിതി മുന്നോട്ടുവച്ചു. ശുപാർശ ഇന്ന് പ്രവർത്തക സമിതി അംഗീകരിച്ചാൽ ബൂത്ത്, ബ്ളോക്ക്, ജില്ലാ, പി.സി.സി, പ്രവർത്തക സമിതി എന്നിവയിൽ പകുതി പട്ടിക, ഒ.ബി.സി, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നൽകും.

കോൺഗ്രസ് ഭരണത്തിൽ നടപ്പാക്കാൻ കഴിയാതിരുന്ന വനിതാ സംവരണത്തിനായി പാർട്ടി മുന്നിട്ടിറങ്ങും. പട്ടിക ജാതി, പട്ടിക വർഗ, ഒ.ബി.സി വിഭാഗങ്ങൾക്ക് മുൻഗണന കിട്ടും വിധം ക്വോട്ടയിൽ മറ്റൊരു ക്വോട്ടയായി ഇത് നടപ്പാക്കണമെന്നാണ് ശുപാർശയെന്ന് ഉപസമിതി അംഗം കെ. രാജു പറഞ്ഞു. കോൺഗ്രസ് ഭരണകാലത്ത് മുന്നണി ബാദ്ധ്യതകൾ മൂലം വനിതാ സംവരണം നടപ്പാക്കാനായില്ലെന്ന് മറ്റൊരു അംഗം കുമാരി ഷെൽജ പറഞ്ഞു. കേരളത്തിൽ നിന്ന് ആന്റോ ആന്റണി എം.പിയും ഉപസമിതിയിൽ അംഗമാണ്.

മറ്റ് ശുപാർശകൾ

 സർക്കാരിലും പാർട്ടിയിലും പ്രാതിനിദ്ധ്യമില്ലാത്ത പട്ടിക വിഭാഗങ്ങളിലെ ഉപജാതികൾക്ക് അവസരം

 പട്ടികജാതി, പട്ടിക വർഗ, ഒ.ബി.സി, ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രശ്നങ്ങൾ ആറുമാസം കൂടുമ്പോൾ പ്രവർത്തക സമിതി ചർച്ച ചെയ്യണം. ഇവർക്ക് പ്രത്യേക ക്ഷേമപദ്ധതികൾ ആവിഷ്‌കരിക്കും. അതിന്റെ ചർച്ച ശിബിരിന് ശേഷം.

 പട്ടിക ജാതി, പട്ടിക വർഗ, ഒ.ബി.സി, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സാമൂഹ്യ നീതി ഉറപ്പാക്കാനുള്ള നയങ്ങളിൽ പ്രസിഡന്റിനെ ഉപദേശിക്കാൻ കൗൺസിൽ രൂപീകരിക്കും.

 പട്ടിക ജാതി, പട്ടിക വർഗ ബഡ്‌ജറ്റ് വിഹിതം യുക്തിപൂർവം വിനിയോഗിക്കാൻ നിയമ നിർമ്മാണം നടത്തണം.

 പൊതുമേഖലാ സ്ഥാപനങ്ങൾ പൂട്ടുകയും സർക്കാർ സർവീസുകളിൽ പ്രാതിനിദ്ധ്യം കുറയുകയും ചെയ്യുന്നതിനാൽ സ്വകാര്യ മേഖലയിൽ പട്ടിക ജാതി, പട്ടിക വർഗ, ഒ.ബി.സി സംവരണം ‌‌‌‌ഏർപ്പെടുത്തണം

 ജാതിസെൻസസ്

എൻ.ഡി.എയിലെ സംഖ്യകക്ഷി ജെ.ഡി.യു, സമാജ്‌വാദി പാർട്ടി, ആർ.ജെ.ഡി, ബി.ജെ.ഡി, ടി.ആർ.എസ് തുടങ്ങിയ പ്രതിപക്ഷ കക്ഷികളും നിരവധി പ്രാദേശിക പാർട്ടികളും ആവശ്യപ്പെടുന്ന ജാതി സെൻസസിനോട് കേന്ദ്രസർക്കാർ പുറംതിരിഞ്ഞ് നിൽക്കുമ്പോഴാണ് കോൺഗ്രസ് ഇത് ഔദ്യോഗിക നിലപാടാക്കാൻ ആലോചിക്കുന്നത്. യു.പി.എ ഭരണകാലത്ത് സാമൂഹിക, സാമ്പത്തിക, ജാതി സർവേ നടത്തിയത് കോൺഗ്രസ് ഇതിനെ അനുകൂലിക്കുന്നതിന്റെ തെളിവാണെന്ന് കെ. രാജു പറഞ്ഞു.

TAGS: NEWS 360, NATIONAL, NATIONAL NEWS, CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY