തിരുവനന്തപുരം: കുടുംബശ്രീയുടെ 25-ാം വാർഷികത്തിന് ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾക്കാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് മന്ത്രി എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 45 ലക്ഷം സ്ത്രീകൾ അംഗങ്ങളായ കുടുംബശ്രീ, സ്ത്രീമുന്നേറ്റത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണെന്ന് മന്ത്രി പറഞ്ഞു. വാർഷികാഘോഷ ചടങ്ങ് 17ന് രാവിലെ 10ന് നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ മന്ത്രി ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ മന്ത്രിമാരായ ഡോ. ആർ. ബിന്ദു, ചിഞ്ചുറാണി, വീണാജോർജ്, മേയർ ആര്യാ രാജേന്ദ്രൻ എന്നിവർ മുഖ്യാതിഥിയാകും. എം.പിമാരായ ഡോ. ശശി തരൂർ, അടൂർ പ്രകാശ്, എം.എൽ.എമാരായ ഒ.എസ്. അംബിക, അഡ്വ. വി. ജോയ്, വി. ശശി, ഡി.കെ. മുരളി, അഡ്വ. വി.കെ. പ്രശാന്ത്, ഐ.ബി. സതീഷ്, അഡ്വ. എം. വിൻസെന്റ്, അഡ്വ. ജി. സ്റ്റീഫൻ, കെ. ആൻസലൻ, സി.കെ. ഹരീന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. സംസ്ഥാനത്തെ കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺമാരുടെ സംഗമവും വിവിധവിഷയങ്ങളിൽ ചർച്ചയും സംഘടിപ്പിച്ചിട്ടുണ്ട്.
ആഘോഷങ്ങളുടെ ഭാഗമായി കുടുംബശ്രീയുടെ 25 വർഷത്തെ ചരിത്രം ഡോക്യുമെന്റ് ചെയ്ത് ജനങ്ങളിലെത്തിക്കും. അന്താരാഷ്ട്ര സെമിനാർ, സർഗോത്സവം, വികസന പഠനോത്സവം, വികസന സെമിനാറുകൾ, ഫെലോഷിപ്പ് പ്രോഗ്രാം, വിവിധ മേഖലകളിൽ കഴിവു തെളിയിച്ച സ്ത്രീകളെ ആദരിക്കൽ തുടങ്ങിയവയും സംഘടിപ്പിക്കും. കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ പി.ഐ. ശ്രീവിദ്യ, ഗവേണിംഗ് ബോഡി അംഗം ഗീത നസീർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.