SignIn
Kerala Kaumudi Online
Wednesday, 14 October 2026 9.01 PM IST

ആളൊഴിഞ്ഞ സ്ഥലമായതിനാൽ കമിതാക്കളുടെ ഇഷ്ടകേന്ദ്രം, സെൽഫിക്കിടെ പിഴച്ചാൽ പാറകളിൽ തലയടിച്ച് മരണം, ഇവിടെ രണ്ടുവർഷത്തിനിടെ പൊലിഞ്ഞത് ഏഴ് ജീവനുകൾ

azhimala

വിഴിഞ്ഞം: ആഴിമല കടലിൽ നിരവധി ജീവനുകളാണ് തിര കവർന്നത്. അപകടങ്ങൾ നടക്കുമ്പോൾമാത്രം പ്രഖ്യാപിക്കുന്ന പദ്ധതികൾ നടപ്പിലാക്കാറില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ആഴിമല ക്ഷേത്ര ഭാരവാഹികളുടെ നിരന്തര ആവശ്യപ്രകാരം രണ്ടു ലൈഫ് ഗാർഡുകളെ നിയമിച്ചെങ്കിലും തിരക്ക് വർദ്ധിക്കുന്ന സമയത്തു നിയന്ത്രണം സാദ്ധ്യമല്ല. കഴിഞ്ഞവർഷം മാർച്ചിൽ രണ്ടു യുവാക്കൾ ഇവിടെ തിരയിൽപെട്ടു മരിച്ചിരുന്നു. തുടർന്നു ടൂറിസം വകുപ്പ് കടൽത്തീരത്ത് സുരക്ഷ ഒരുക്കാൻ തീരുമാനിച്ചിരുന്നെങ്കിലും നടപ്പായില്ല. ദിവസവും നിരവധി സഞ്ചാരികളും തീർത്ഥാടകരും എത്തുന്ന ഇവിടെ ആവശ്യമായ സുരക്ഷാസംവിധാനമോ മുന്നറിയിപ്പ് ബോർഡുകളോ ഇല്ലാത്തത് പരാതികൾക്ക് കാരണമാകുന്നുണ്ട്. വിശാലമായ തെങ്ങിൻതോപ്പും പാറക്കെട്ടുകളും നിറഞ്ഞപ്രദേശത്ത് ആർക്കുവേണമെങ്കിലും കയറാവുന്ന സ്ഥിതിയിലാണ്. ഇവിടെ സുരക്ഷാവേലി നിർമിച്ച് അപകടമേഖലകളിലേക്കു കടക്കുന്നത് തടയണമെന്നാണ് നാട്ടുകാർ പറയുന്നത്. ആളൊഴിഞ്ഞ സമയത്തു ഇവിടെ നടക്കുന്ന സാമൂഹ്യവിരുദ്ധ ശല്യത്തിനും ഇതോടെ നിയന്ത്രണമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.

അപകടമൊളിപ്പിച്ച് പാറക്കെട്ടുകൾ

കടൽത്തീരത്തോടു ചേർന്ന വലിയ പാറക്കെട്ടുകൾ കാഴ്ചയിൽ അപകടം തോന്നിക്കില്ല. സഞ്ചാരികളുടെ പ്രധാനാകർഷണവും ഈ പാറക്കെട്ടുകളാണ്. ഇതിനു മുകളിൽ നിന്നാൽ വിശാലമായ കടൽക്കാഴ്ചകളും കടൽകാറ്റും ലഭിക്കും. ഇവിടെനിന്ന് സെൽഫിയെടുക്കാനും ചിത്രങ്ങൾ പകർത്താനും സൗകര്യമാണ്. പെട്ടെന്നുണ്ടാകുന്ന തിരകളാണ് ഇവിടെ വില്ലന്മാരാകുന്നത്. താഴെവീണാൽ തിരയിൽപ്പെട്ട് പാറകളിൽ തലയടിച്ച് ബോധം നഷ്ടപ്പെട്ടാൽ ജീവൻ തിരികെക്കിട്ടാൻ പ്രയാസമാണ്. കൂടാതെ ശക്തമായ അടിയൊഴുക്കും ഇവിടെയുണ്ട്.

കമിതാക്കളുടെ ഇഷ്ടകേന്ദ്രം

ആളൊഴിഞ്ഞ സ്ഥലമായതിനാലും പ്രകൃതിഭംഗി ആസ്വദിക്കാനും ഇവിടെ എത്തുന്ന കമിതാക്കളുടെ എണ്ണം ഏറെയാണ്. ഇവിടെ ലൈഫ് ഗാർഡുകളോ സംരക്ഷണ വേലികളോ ഇല്ലാത്തതിനാൽ ഇവർ അപകടത്തിൽപെട്ടാൽ പുറംലോകം അറിയാൻ വൈകും. ഇത് രക്ഷാപ്രവർത്തനത്തിന് താമസം നേരിടും. കൂട്ടം കൂട്ടമായി എത്തുന്ന യുവാക്കളുടെ സംഘമാണ് ഇവിടെ കൂടുതലും അപകടത്തിൽപ്പെട്ടിട്ടുള്ളത്. കഴിഞ്ഞദിവസം കൊല്ലം സ്വദേശിയായ യുവാവ് മരിച്ചതും അഞ്ചംഗ സംഘമായി ഇവിടെ വീഡിയോ ചിത്രീകരിക്കാൻ എത്തിപ്പോഴാണ്.

ലൈഫ് ഗാർഡുകളുടെ എണ്ണം വർദ്ധിപ്പിക്കണം

ഇപ്പോൾ നിലവിലുള്ള ലൈഫ് ഗാർഡുകളുടെ എണ്ണം കുറവാണ് പാറക്കെട്ടുകൾ ഉള്ള സ്ഥലത്തുകൂടെ ഇവരുടെ സേവനം ലഭ്യമാക്കണം. സംഘമായി എത്തുന്ന യുവാക്കൾ ലൈഫ്ഗാർഡുകളുടെ നിർദേശങ്ങൾ പാലിക്കുന്നില്ലെന്നും പരാതിയുണ്ട്. പകൽ സമയത്ത് പൊലീസ് പട്രോളിംഗ് വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം

മറ്റ് ജില്ലകളിൽ നിന്നും ഇവിടെ എത്തുന്നവർക്ക് കടലിന്റെയോ അപകടസാദ്ധ്യതയേറിയ സ്ഥലത്തെക്കുറിച്ചോ അറിയാൻ സാധിക്കില്ല. ഇവിടെത്തെ പാറകൾക്ക് വഴുക്കൽ ഉള്ളതാണ്. ഇതറിയാതെ ഇവർ പാറകളിൽ കയറുന്നതാണ് കൂടുതലും അപകടങ്ങൾ ഉണ്ടാക്കുന്നത്.

രണ്ടുവർഷത്തിനിടെ പൊലിഞ്ഞത് 7 ജീവനുകൾ

ആഴിമലതീരം കേന്ദ്രീകരിച്ച് കോസ്റ്റൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണം. സുരക്ഷാ വേലികൾ സ്ഥാപിച്ച് അപകടമേഖലയിലേക്കുള്ള യാത്ര തടയണം.

എസ്.വിജേഷ്

ജനറൽ സെക്രട്ടറി, ആഴിമല ശിവക്ഷേത്രം

കടൽത്തീരത്ത് സുരക്ഷാവേലി പ്രായോഗികമല്ല. പൊലീസ് എയ്ഡ് പോസ്റ്റിനായി നിരവധി തവണ അപേക്ഷകൾ നൽകിയെങ്കിലും നടപടിയായില്ല.
ജെറോം ദാസ്,പ്രസിഡന്റ്

കോട്ടുകാൽ ഗ്രാമപഞ്ചായത്ത്‌

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AZHIMALA, ACCIDENT, DEATH, SELFIE, MOBILE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA