വർക്കല: മഴ ശക്തമായതോടെ വർക്കല റാത്തിക്കലും, താഴെ വെട്ടൂർ തീരദേശ റോഡിന്റെ പലഭാഗങ്ങളും ഇടിഞ്ഞുവീണു. ഇലകമൺ ഗ്രാമപഞ്ചായത്തിലെ തേരിക്കൽ കുന്ന് കോളനിയിൽ ഒരു വീട് പൂർണമായും തകർന്നു. ഒന്നാം പാലത്തിലേക്ക് നീളുന്ന തീരദേശ റോഡിൽ തൈക്കാവിന് സമീപവും, റാത്തിക്കൽ മുസ്ലിം പള്ളിക്ക് സമീപത്തെ ഒരു റോഡുമാണ് ഇടിഞ്ഞുവീണത്. ടി.എസ്.കനാലിനോട് ചേർന്നുള്ള റോഡിന്റെ പാർശ്വഭാഗങ്ങളാണ് ഇടിഞ്ഞുവീണത്. റാത്തിക്കൽ പള്ളിക്ക് സമീപം റോഡിന്റെ പകുതിയിലധികം ഭാഗം മണ്ണിടിഞ്ഞ് ടി.എസ് കനാലിൽ പതിച്ചു. ഇതിന്റെ തൊട്ടടുത്ത ഭാഗത്തെ മണ്ണ് ഇടിഞ്ഞുവീണ് റോഡും തകർന്നു.
രണ്ടു വർഷത്തോളമായി ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിലച്ചിരിക്കുകയാണ്. കനാലിനോട് ചേർന്നുള്ള വലിയ കോൺക്രീറ്റ് സംരക്ഷണഭിത്തിയുടെ നിർമ്മാണം നടന്നു വരുന്നതിനിടെയാണ് കഴിഞ്ഞ ദിവസത്തെ മഴയിൽ വീണ്ടും മണ്ണ് ഇടിഞ്ഞുവീണത്. കഴിഞ്ഞ കാലവർഷം കനാലിനോട് ചേർന്നുള്ള റോഡിന്റെ 100 മീറ്ററോളം ഭാഗത്ത് വിള്ളൽ വീണതോടെയാണ് ഇതുവഴിയുള്ള ഗതാഗതം നിറുത്തിവച്ചത്.
താഴെ വെട്ടൂർ പരിസരത്തെ വൈദ്യുതി തൂണുകളും അപകടാവസ്ഥയിലാണ്. മഴ തുടരുന്നതിനാൽ വീണ്ടും മണ്ണിടിച്ചിലിന് സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
തീരദേശ മേഖലയിലെ ചിലക്കൂർ, വള്ളക്കടവ്, തൊട്ടിപ്പാലം, രാമന്തളി എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വർക്കല തീരദേശ മേഖലയിലെ കടൽ പ്രക്ഷുബ്ധമാണ്. തിരമാലകൾ തീരത്തേക്ക് അടിച്ച് കയറുന്നുണ്ട്. ഇടവ,കാപ്പിൽ മേഖലയിലും കടൽക്കാറ്റ് ശക്തമാണ്.
ഇലകമൺ പഞ്ചായത്തിലെ പതിന്നാലാം വാർഡ് തേരിക്കൽക്കുന്ന് കോളനിയിലെ സരസ്വതിയുടെ (68) വീടിന്റെ മേൽക്കൂര കഴിഞ്ഞദിവസത്തെ മഴയിൽ തകർന്നുവീണു. വീട്ടിലുണ്ടായിരുന്ന പിഞ്ചുകുഞ്ഞ് ഉൾപ്പെടെ കുടുംബാംഗങ്ങളായ 9 പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞദിവസം പുലർച്ചെയാണ് സംഭവം. വീടിന്റെ മേൽക്കൂര ഇളകി താഴെ പതിക്കുകയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറയുന്നു. ശോച്യാവസ്ഥയിലായിരുന്ന വീടിന് പകരം പഞ്ചായത്ത് സഹായത്തോടെ ഭവന നിർമ്മാണത്തിന് പലതവണ അപേക്ഷകൾ നൽകിയിട്ടും പരിഗണിച്ചില്ലെന്നും സരസ്വതി പറയുന്നു.
പരിസരവാസി നൽകിയ ടാർപോളിൻ വീടിന് മേൽ വിരിച്ചാണ് ഇപ്പോൾ വീട്ടുകാർ ഇവിടെ കഴിയുന്നത്. വർക്കല താലൂക്കിലെ കുടവൂർ വില്ലേജിൽ പാറയിൽ വീട്ടിൽ ലക്ഷ്മിയുടെ വീട് മഴയിൽ ഭാഗികമായി തകർന്നു. വർക്കല മേൽവെട്ടൂർ പുഷ്പവനം വീട്ടിൽ സഹജമണിയുടെ വീടിന്റെ മതിൽ തകർന്നു വീണു. നാവായിക്കുളം നാലുകെട്ടിൽ വീട്ടിൽ സിന്ധു മോളുടെ വീട്ടിലെ കിണർ ഇടിഞ്ഞു വീണു. അയിരൂർ കളത്തറ നസീല മൻസിലിൽ റക്കിബയുടെ വീട് ഭാഗികമായും തകർന്നു. നാശനഷ്ടമുണ്ടായ സ്ഥലങ്ങളിൽ റവന്യൂ ഉദ്യോഗസ്ഥർ പരിശോധന നടത്തി റിപ്പോർട്ട് വർക്കല താലൂക്ക് തഹസിൽദാർക്ക് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |