തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവ്' പരിപാടിയുടെ ഭാഗമായി പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും വനിതാ അംഗങ്ങളുടെ സമ്മേളനം 26, 27 തീയതികളിൽ നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ നടക്കും. നിയമസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനമാണിത്. 26ന് ഉച്ചയ്ക്ക് 12ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. വനിതാസാമാജികരുടെ സമ്മേളനം ഇത്രയും വിപുലമായി സംഘടിപ്പിക്കുന്നത് രാജ്യത്താദ്യമാണെന്ന് സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു. ലോക്സഭയിലെയും രാജ്യസഭയിലെയും വനിതാ അംഗങ്ങൾ, വനിതാ കേന്ദ്ര - സംസ്ഥാന മന്ത്രിമാർ, വനിതാ സ്പീക്കർമാർ, ഡെപ്യൂട്ടി സ്പീക്കർമാർ, സാമാജികർ എന്നിവരടക്കം പങ്കെടുക്കും. രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക, മാദ്ധ്യമ രംഗത്തെയും ജുഡിഷ്യറിയിലെയും പ്രമുഖ വനിതകൾ പ്രാസംഗികരായെത്തും.
26ന് നടക്കുന്ന 'ഭരണഘടനയും വനിതകളുടെ അവകാശങ്ങളും, 27ന് തീരുമാനങ്ങൾ കൈക്കൊള്ളുന്ന സമിതികളിൽ വനിതകളുടെ പ്രാതിനിദ്ധ്യക്കുറവ് എന്നീ സെഷനുകൾ നടക്കും. സമാപന സമ്മേളനം ലോകസഭാ സ്പീക്കർ ഓം ബിർള ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |