SignIn
Kerala Kaumudi Online
Friday, 26 April 2024 1.47 PM IST

ഇഴഞ്ഞും ത്രില്ലടിപ്പിച്ചും ട്വൽത്ത്‌മാൻ;  റിവ്യു

twelthman

ഓരോ മനുഷ്യനിലുമുണ്ടാകും തൊട്ടടുത്തുള്ളവർക്ക് പോലും അറിയാത്തതായി ചില രഹസ്യങ്ങൾ. അടുത്ത സുഹൃത്തുക്കളായിക്കോട്ടെ, ജീവിത പങ്കാളിയായിക്കോട്ടെ,​ എല്ലാം പരസ്പരം പങ്കുവയ്‌ക്കുന്നവർ ആയിക്കോട്ടേ,​ എങ്ങനെയായാലും അവനവന് മാത്രം അറിയാവുന്ന ചില കാര്യങ്ങൾ ഓരോ ബന്ധത്തിലും രഹസ്യങ്ങളായി തന്നെ തുടരുന്നുണ്ടാകും.

ഇവിടെ പതിനൊന്ന് സുഹൃത്തുക്കളാണ് ഒന്നിച്ചു കൂടിയിരിക്കുന്നത്. വളരെ അടുത്ത സുഹൃത്തുക്കൾ. പക്ഷേ,​ ആ സുഹൃത്തുക്കൾക്കെല്ലാം പരസ്പരം അറിയാത്ത ചിലത് ഒളിപ്പിക്കാനുണ്ട്. ആ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ അവർക്കിടയിലേക്ക് പന്ത്രണ്ടാമനായി ഒരാൾ എത്തുകയാണ്. അവ തേടിയുള്ള അയാളുടെ യാത്രയാണ് ജിത്തു ജോസഫ് - മോഹൻലാൽ കൂട്ടുക്കെട്ടിൽ പിറന്ന ട്വൽത്ത്മാൻ.


കൊവിഡ് കാലത്തെ പരിമിതികൾക്കുള്ളിൽ നിന്നുള്ള ചിത്രമായതുകൊണ്ടു തന്നെ പുറം ലോകവുമായി സിനിമയ്‌ക്ക് വലിയ ബന്ധമില്ല. ഒരു റിസോർട്ടും അവിടെ അപ്രതീക്ഷിതമായിട്ടുണ്ടാകുന്ന സംഭവത്തെയും ചുറ്റിപ്പറ്റിയാണ് സിനിമ പോകുന്നത്. ത്രില്ലർ സ്വഭാവമുള്ള സിനിമയാണെങ്കിലും ഇടയ്‌ക്കെല്ലാം കഥപറച്ചിലിലുണ്ടാകുന്ന ഇഴച്ചിൽ പ്രേക്ഷകന് വിരസതയുണ്ടാക്കുന്നുണ്ട്.

ഒരേയിടത്ത് തന്നെയുള്ള കഥ പറച്ചിലായതുകൊണ്ടും സിനിമയുടെ രീതി കഥാപാത്രങ്ങളെ മാറിമാറിയുള്ള ചോദ്യം ചെയ്യലായതുകൊണ്ടും പ്രേക്ഷകന് അല്പം മടുക്കാനിടയുണ്ട്. ചിത്രത്തിന്റെ ആദ്യ പകുതിയിൽ ത്രില്ലറിന്റെ വേഗത വരുന്നില്ലെങ്കിലും രണ്ടാം പകുതിയിൽ പ്രേക്ഷകനെ പിടിച്ചിരുത്തും.

മോഹൻലാൽ തന്നെയാണ് ചിത്രത്തിന്റെ കേന്ദ്രകഥാപാത്രമെങ്കിലും റിസോർട്ടിൽ ബാച്ചിലർ പാർട്ടിക്കെത്തുന്ന പതിനൊന്ന് സുഹൃത്തുക്കൾക്കും കൃത്യമായ സ്പേസ് സംവിധായകൻ നൽകിയിട്ടുണ്ട്. ചിത്രത്തിലെടുത്തു പറയേണ്ടത് കഥാപാത്രങ്ങളുടെ പെർഫെക്ട് കാസ്റ്റിംഗിനെ കുറിച്ചാണ്.

പേടിയും ആശങ്കയും ടെൻഷനുമെല്ലാം താരങ്ങളുടെ മുഖത്ത് കൃത്യമായി പ്രതിഫലിക്കാൻ ഓരോ താരങ്ങൾക്കും കഴിയുന്നുണ്ട്. മലയാള സിനിമയിലെ പതിനൊന്ന് യുവതാരങ്ങളെയും ഒറ്റ ഫ്രെയിമിൽ അണിനിരത്താൻ കഴിഞ്ഞതും അവർക്കെല്ലാം തുല്യ പ്രാധാന്യത്തോടെ സ്ക്രീൻ ഷെയർ ചെയ്യാനുള്ള അവസരം നൽകിയതും സംവിധായകന്റെ മിടുക്ക് തന്നെയാണ്.

twelthman

ഒന്നിച്ചു പഠിച്ച ഏഴു കൂട്ടുകാർ, അവരിലൊരാളുടെ ബാച്ചിലർ പാർട്ടിക്കായി പങ്കാളികൾക്കൊപ്പം കുളമാവിലെ ഒരു റിസോർട്ടിൽ എത്തുകയാണ്. അവരുടെ പാർട്ടിയിലേക്ക് ക്ഷണിക്കാതെ എത്തുന്ന കഥാപാത്രമാണ് ബാക്കി കഥ മുന്നോട്ട് കൊണ്ടുപോകുന്നത്. തുടക്കം മുതൽ സസ്പെൻസ് നിലനിറുത്തുന്നുണ്ടെങ്കിലും റിസോർട്ടിൽ നടക്കുന്ന മരണവും അതിനെ തുടർന്നുള്ള അന്വേഷണവുമാണ് ചിത്രത്തിന്റെ ഗതി മാറ്റുന്നത്.

ശിവദ, സൈജു കുറുപ്പ്, അനുശ്രീ, ലിയോണ തുടങ്ങിയ താരങ്ങളെല്ലാം തങ്ങളുടെ ഭാഗം മികച്ചതാക്കി. അന്വേഷണത്തിന്റെ തുടക്കം മുതൽ പ്രേക്ഷകന് മുന്നിലേക്ക് പലതരം സൂചനകളും തരുമെങ്കിലും അവസാന നിമിഷം വരെയും ഓരോ കഥാപാത്രത്തിന് മേലെയും ആ സംശയം നിലനിറുത്തുന്നുണ്ട്. പ്രേക്ഷകൻ ഇതായിരിക്കും കൊലയാളിയെന്ന് ഉറപ്പിക്കുമ്പോഴേക്കും അവിടെ ട്വിസ്റ്റുകളിടാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ ദൈർഘ്യം അല്പം കൂടുതൽ തന്നെയാണ്. രണ്ടേ മുക്കാൽ മണിക്കൂറിൽ ഏറെയും ആവർത്തിച്ചു കാണേണ്ടി വരുന്നത് റിസോർട്ട് കാഴ്ചകളാണ്. എങ്കിലും കൊവിഡ് കാലത്തിന്റെ പരിമിതികൾ കണക്കിലെടുത്താൽ തരക്കേടില്ലാത്ത ഒരു മിസ്റ്ററി ത്രില്ലർ ഒരുക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ടെന്ന് പറയാം.

സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണമാണ് മറ്റൊരു മികവ്. ചിത്രത്തിന് ത്രില്ലർ സ്വഭാവം നൽകാൻ അദ്ദേഹത്തിന്റെ ഫ്രെയിമുകൾക്ക് സാധിച്ചിട്ടുണ്ട്. ഇടയ്‌ക്കിടെ പെയ്യുന്ന മഴയും മഞ്ഞും റിസോർട്ടിലെ കാഴ്ചകൾക്ക് ദുരൂഹത പകരുന്നുണ്ട്. അനിൽ ജോൺസണിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ ത്രില്ലർ സ്വഭാവത്തിന് ആക്കം കൂട്ടുന്നുണ്ട്.

കെ ആർ കൃഷ്‌ണകുമാറിന്റെ തിരക്കഥയിൽ അല്പം പാളിച്ചകൾ തോന്നിയേക്കാം. ഒരു രാത്രി കൊണ്ട് ഒരു കൊലപാതകത്തിൽ ഇത്രയും വേഗം അന്വേഷണം പൂർത്തിയാക്കാൻ കഴിയുമോയെന്ന എന്ന തരത്തിലുള്ള ചിന്തകൾ മാറ്റി വച്ചാൽ പ്രേക്ഷകനെ ചിത്രം പിടിച്ചിരുത്തും.

സൈജു കുറുപ്പ്,​ അനുസിതാര, ശിവദ,​ അനുശ്രീ,​ അതിഥി രവി,​ പ്രിയങ്കാ നായർ, അനുമോഹൻ, രാഹുൽ മാധവ്,​ ലിയോണ ലിഷോയി, ചന്തുനാഥ്, ഉണ്ണിമുകുന്ദൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TWELTHMAN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.