SignIn
Kerala Kaumudi Online
Friday, 26 April 2024 6.07 PM IST

തൃക്കാക്കര: വോട്ടുറപ്പിക്കാൻ നേതാക്കൾ വീടുകളിൽ

v

കൊച്ചി: തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് പോര് കടുപ്പിച്ച് മൂന്ന് മുന്നണി സ്ഥാനാർത്ഥികളുടെയും വാഹനപ്രചാരണം തുടങ്ങിയതിന് പിന്നാലെ മുതിർന്ന നേതാക്കളും മന്ത്രിമാരും ജനപ്രതിനിധികളും വോട്ടുതേടി വീടുകൾ കയറുന്നു. അടിത്തട്ടിലെ പ്രവർത്തനങ്ങൾക്കാണ് മുൻഗണന.

എൽ.ഡി.എഫ്., യു.ഡി.എഫ് സ്ഥാനാർത്ഥികൾ നേരത്തേ വാഹനപര്യടനം ആരംഭിച്ചിരുന്നു. എൻ.ഡി.എ സ്ഥാനാർത്ഥി ഇന്നലെ തുടക്കമിട്ടു. രണ്ടാം പിണറായി സർക്കാരിന്റെ നേട്ടങ്ങൾ നിരത്തി തൃക്കാക്കരയിലൂടെ നിയമസഭയിൽ 100 തികയ്ക്കണമെന്ന ആഹ്വാനമാണ് എൽ.ഡി.എഫിന്റേത്. കേരളത്തെ കടക്കെണിയിലാക്കിയ സർക്കാരിനെതിരെ വോട്ടുചെയ്യാൻ അവസരമെന്നാണ് യു.ഡി.എഫിന്റെ പ്രചാരണം. കേന്ദ്രപദ്ധതികൾ കേരളം അട്ടിമറിക്കുന്നതായി ആരോപിച്ച എൻ.ഡി.എയും ഉഷാറാണ്.

മന്ത്രിമാരും പോർക്കളത്തിൽ

മന്ത്രിമാർ ഉൾപ്പെടെ സംസ്ഥാന നേതാക്കളുടെ വൻസംഘത്തെയാണ് ഇന്നലെ എൽ.ഡി.എഫ് പ്രചാരണത്തിനിറക്കിയത്. ഭവനസന്ദർശനത്തിനും കുടുംബയോഗങ്ങൾക്കും മന്ത്രിമാരും നേതാക്കളുമുണ്ട്.

മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, മുഹമ്മദ് റിയാസ്, വീണാ ജോർജ്, കെ. രാജൻ, വി. ശിവൻകുട്ടി, വി.എൻ. വാസവൻ, കെ.എൻ. ബാലഗോപാൽ, റോഷി അഗസ്റ്റിൻ, അഹമ്മദ് ദേവർകോവിൽ, സജി ചെറിയാൻ, മുൻമന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പിള്ളി, കെ.ടി. ജലീൽ, എ.കെ. ബാലൻ, തോമസ് ഐസക്, ജോൺ ബ്രിട്ടാസ് എം.പി തുടങ്ങിയവർ പൂർണസമയം പ്രചാരണം നടത്തി.

ആരോപണം മുറുക്കി യു.ഡി.എഫ്

മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ ബെന്നി ബഹനാൻ, ഹൈബി ഇൗഡൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്,​ നേതാക്കളായ വി.എം. സുധീരൻ, വി.ടി. ബൽറാം, മുസ്ളീംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ യു.ഡി.എഫ് സംഘവും താഴേത്തട്ടിലെ പ്രചാരണത്തിനുണ്ട്.

മന്ത്രിമാരുൾപ്പെടെ മതവും ജാതിയും നോക്കി പ്രചാരണം നടത്തുന്നെന്ന ആരോപണം രമേശ് ചെന്നിത്തലയും പി.കെ. കുഞ്ഞാലിക്കുട്ടിയും ഇന്നലെയും ആവർത്തിച്ചു.

സർക്കാരിനെതിരെ എൻ.ഡി.എ

എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണൻ വാഹന പര്യടനം ആരംഭിച്ചു. മുൻകേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം രംഗത്തുണ്ട്. പിണറായി സർക്കാരിന്റെ ഭരണം പരാജയമാണെന്ന് ആരോപിച്ച് എൻ.ഡി.എ ഇന്നലെ കളക്ടറേറ്റ് പടിക്കൽ പ്രതിഷേധമാർച്ച് നടത്തി.

വോട്ടിന് നോട്ട്

വോട്ട് കിട്ടാൻ പണം വാഗ്ദാനം ചെയ്തെന്ന പരാതി എൽ.ഡി.എഫ് ഉന്നയിച്ചു. കോൺഗ്രസ് അനുകൂല പ്രവാസിസംഘടനയായ ഇൻകാസിനെതിരെയാണ് പരാതി. യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് ഏറ്റവുമധികം വോട്ടുപിടിക്കുന്ന ബൂത്ത് കമ്മിറ്റിക്ക് 25,001 രൂപ സമ്മാനം നൽകുമെന്ന് സാമൂഹികമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് വോട്ടിന് പണം വാഗ്ദാനം ചെയ്യലാണെന്ന് എം. സ്വരാജ് തിരഞ്ഞെടുപ്പ് അധികൃതർക്ക് നൽകിയ പരാതിയിൽ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELECTION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.