SignIn
Kerala Kaumudi Online
Friday, 01 July 2022 8.10 AM IST

ഹൈദരാബാദ് മാനഭംഗക്കൊല; പ്രതികളെ കൊന്നത് വ്യാജ ഏറ്റുമുട്ടലിൽ,  കണ്ടെത്തൽ സുപ്രീംകോടതി കമ്മിഷന്റേത്

encoun

10 പൊലീസുകാരും വിചാരണ നേരിടണം

ന്യൂഡൽഹി: ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടറായ യുവതിയെ കൂട്ട മാനഭംഗത്തിനിരയാക്കിയശേഷം കൊന്ന് കത്തിച്ച കേസിലെ നാലു പ്രതികളെ വ്യാജ ഏറ്റുമുട്ടലിൽ പൊലീസ് വധിച്ചതാണെന്ന് സുപ്രീംകോടതി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ കണ്ടെത്തൽ. ഇന്നലെ സമർപ്പിച്ച റിപ്പോർട്ട് സഹിതം കേസ് തുടർ നടപടികൾക്കായി തെലങ്കാന ഹൈക്കോടതിയിലേക്ക് മാറ്റി.

കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ പ്രതികൾക്ക് നേരെ പൊലീസ് ബോധപൂർവം വെടിവച്ചെന്നാണ് ജസ്റ്റിസ് സിർപുർകർ കമ്മിഷന്റെ കണ്ടെത്തൽ. ഇതിലുൾപ്പെട്ട 10 പൊലീസ് ഉദ്യോഗസ്ഥരെയും കൊലക്കുറ്റത്തിന് വിചാരണ ചെയ്യണമെന്ന് ശുപാർശ ചെയ്തിട്ടുമുണ്ട്.

റിപ്പോർട്ട് മുദ്രവച്ച കവറിൽ സൂക്ഷിക്കണമെന്ന തെലങ്കാന സർക്കാരിന്റെ ആവശ്യം തള്ളിയ ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കൊഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് പരസ്യമാക്കാൻ അനുമതിയും നൽകി. ഹർജിക്കാർക്ക് റിപ്പോർട്ടിന്റെ പകർപ്പ് നൽകണം. രഹസ്യമായി സൂക്ഷിക്കാൻ ഒന്നുമില്ലെന്നും പൊലീസ് കുറ്റക്കാരാണെന്ന് അന്വേഷണ കമ്മിഷൻ കണ്ടെത്തിയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

കേസ് സ്വതന്ത്രസമിതി അന്വേഷിക്കണമെന്ന രണ്ട് അഭിഭാഷകരുടെ ആവശ്യം പരിഗണിച്ച് 2019 ഡിസംബർ 12ന് അന്നത്തെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ച് കമ്മിഷനെ നിയോഗിക്കുകയായിരുന്നു. സുപ്രീംകോടതി മുൻ ജഡ്ജി വി.എസ്. സിർപുർകർ, ബോംബെ ഹൈക്കോടതി മുൻ ജഡ്ജി രേഖ ബൽദോത്ത, സി.ബി.ഐ മുൻ ഡയറക്ടർ ഡി.ആർ. കാർത്തികേയൻ എന്നിവരടങ്ങുന്നതാണ് കമ്മിഷൻ.

2019 നവംബർ 27നാണ് ഷംഷാബാദ് ടോൾ പ്ലാസയ്ക്കു സമീപം ഡോക്ടർ കൊല്ലപ്പെട്ടത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം പാലത്തിനടിയിൽ കൊണ്ടുപോയി കത്തിക്കുകയായിരുന്നു. ഡോക്ടററിയാതെ ഇരുചക്രവാഹനത്തിന്റെ കാറ്റഴിച്ചുവിട്ടശേഷം സഹായവാദ്ഗാനം നൽകിയാണ് ലോറിയിൽ കയറ്റിയത്.

പ്രതികളായ ലോറി ഡ്രൈവർ മുഹമ്മദ് ആരിഫ്, ക്ലീനർമാരായ ജൊല്ലു ശിവ, ജൊല്ലു നവീൻ, ചന്നകേശവലു എന്നിവരെ അവരവരുടെ വീടുകളിൽ നിന്ന് നവംബർ 29ന് പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നുപേർ പ്രായപൂർത്തിയാകാത്തവരായിരുന്നു. 2019 ഡിസംബർ 6ന് വെളുപ്പിന് ബംഗളൂരു - ഹൈദരാബാദ് ദേശീയ പാതയിലാണ് ഇവരെ വെടിവച്ച് കൊന്നത്. തോക്കു തട്ടിയെടുത്ത് തങ്ങളെ കൊല്ലാൻ ശ്രമിച്ചപ്പോൾ വെടിവച്ചിട്ടെന്നായിരുന്നു പൊലീസ് വാദം. ഏറ്റുമുട്ടലിന് ദിഷ എൻകൗണ്ടർ എന്ന പേരും പൊലീസ് നൽകി.

പൊലീസ് പറഞ്ഞ ഏറ്റുമുട്ടൽ

 അന്വേഷണത്തിന്റെ ഭാഗമായി കുറ്റകൃത്യം പുനഃസൃഷ്ടിക്കാൻ യുവതിയുടെ മൃതദേഹം കത്തിച്ച സ്ഥലത്ത് പുലർച്ചെ പ്രതികളെ എത്തിച്ചു

 പ്രതികളെ വിലങ്ങുവച്ചിരുന്നില്ല. ഇതിലൊരാൾ തോക്കു തട്ടിയെടുത്ത് വെടിയുതിർത്തു. മറ്റുള്ളവർ കല്ലുകളും വടികളും ഉപയോഗിച്ച് ആക്രമിച്ചു

 കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. തുടർന്ന് തിരിച്ചുവെടിവച്ചപ്പോൾ നാലുപേരും കൊല്ലപ്പെട്ടു

കമ്മിഷണറുടെ പേരിൽ മുൻപും ഏറ്റുമുട്ടൽ കൊല

അന്വേഷണസംഘത്തലവൻ കമ്മിഷണർ വി.സി. സജ്ജനാർ മുൻപും ഏറ്റുമുട്ടലിൽ പ്രതികളെ വെടിവച്ചു കൊന്നിട്ടുണ്ടെന്ന് ഇതിനിടെ വാർത്തവന്നു. 2008ൽ വാറങ്കൽ എസ്.പിയായിരിക്കെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. രണ്ടു വിദ്യാർത്ഥിനികളുടെ മുഖത്ത് ആസിഡൊഴിച്ച കേസിലെ പ്രതികൾ തെളിവെടുപ്പിനെത്തിച്ചപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ചെന്നും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നുമായിരുന്നു പൊലീസ് റിപ്പോ‌ർട്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HYDRABAD
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.