കീവ് : യുക്രെയിന്റെ തെക്ക് കിഴക്കൻ മേഖലയായ ലുഹാൻസ്കിന്റെ പൂർണ നിയന്ത്രണത്തിലേക്ക് തങ്ങൾ അടുത്തതായി റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷെയ്‌ഗു. 2014 മുതൽ മേഖലയുടെ മൂന്നിലൊന്ന് ഭാഗം റഷ്യൻ അനുകൂല വിമതരുടെ നിയന്ത്രണത്തിലാണ്.
ലുഹാൻസ്കിനെയും മറ്റൊരു വിമത മേഖലയായ ഡൊണെസ്കിനെയും അധിനിവേശം ആരംഭിക്കുന്നതിന് മുന്നേ സ്വതന്ത്ര പ്രദേശങ്ങളായി റഷ്യ പ്രഖ്യാപിച്ചിരുന്നു. ലുഹാൻസ്കിൽ യുക്രെയിന്റെ നിയന്ത്രണത്തിലുള്ള ഭാഗത്തെയും വിമോചിപ്പിക്കുമെന്നാണ് റഷ്യ പറയുന്നത്. അതേ സമയം, ലുഹാൻസ്കിലെ സെവെറോഡൊണെസ്ക് പട്ടണത്തിൽ റഷ്യൻ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് മേയർ ആരോപിച്ചു.
ഇന്ന് രാവിലെ മുതൽ ഫിൻലൻഡിലേക്കുള്ള പ്രകൃതിവാതക വിതരണം നിറുത്തുമെന്ന് റഷ്യയുടെ ഗ്യാസ്പ്രോം അറിയിച്ചിട്ടുണ്ട്. യുക്രെയിൻ അധിനിവേശ പശ്ചാത്തലത്തിൽ ഡസൻകണക്കിന് രാജ്യങ്ങൾ പട്ടിണിയുടെ വക്കിലേക്ക് നീങ്ങുകയാണെന്ന് യു.എൻ ഭക്ഷ്യ സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകി.