കീവ് : വടക്ക് പടിഞ്ഞാറൻ യുക്രെയിനിൽ പാശ്ചാത്യ രാജ്യങ്ങളിൽ നിന്നെത്തിച്ച ആയുധങ്ങളുടെ വലിയ ശേഖരം തങ്ങളുടെ സായുധ സേന കാലിബർ ക്രൂസ് മിസൈലുകളുപയോഗിച്ച് തകർത്തെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം. സൈറ്റോമയർ നഗരത്തിലെ മാലിൻ റെയിൽവേ സ്റ്റേഷന് സമീപമാണ് ആക്രമണം നടന്നത്.
അതേ സമയം, അധിനിവേശം നയതന്ത്ര മാർഗങ്ങളിലൂടെ മാത്രമേ പരിഹരിക്കാനാകൂ എന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞു. യുക്രെയിൻ - റഷ്യ സമാധാന ചർച്ചകൾ നിലവിൽ നിലച്ചിരിക്കുകയാണ്.
തിങ്കളാഴ്ച മുതൽ മരിയുപോളിലെ അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റിൽ നിന്ന് കീഴടങ്ങിയ യുക്രെയിൻ സൈനികരുടെ എണ്ണം 2,439 ആയെന്നും സ്റ്റീൽ പ്ലാന്റ് പൂർണ നിയന്ത്രണത്തിലായെന്നും റഷ്യ അറിയിച്ചു.
പോർച്ചുഗൽ പ്രധാനമന്ത്രി ആന്റണിയോ കോസ്റ്റ ഇന്നലെ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയെ കീവിൽ എത്തി സന്ദർശിച്ചു. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, സി.ഐ.എ തലവൻ വില്യം ബേൺസ് ഉൾപ്പെടെ 963 യു.എസ് പൗരന്മാർക്ക് തങ്ങളുടെ രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയെന്ന് റഷ്യ അറിയിച്ചു.
40 വയസിന് മുകളിലുള്ള പൗരന്മാരെയും 30 വയസിന് മുകളിലുള്ള വിദേശീയരേയും കരാർ സൈനികരായി നിയമിക്കാൻ അവസരമൊരുക്കുന്ന പുതിയ നിയമനിർമാണം റഷ്യൻ പാർലമെന്റിന്റെ പരിഗണനയിലുണ്ട്.